‘വൈദ്യുതിവകുപ്പ് തലയിൽ അടിച്ചുകയറ്റിയ കുരിശ്; ലക്ഷ്യം ജനസൗഹൃദമാക്കുക’; മന്ത്രി സണ്ണി ജോസഫിന്റെ തുറന്നുപറച്ചിൽ, വൈദ്യുതി മേഖലയിലെ വെല്ലുവിളികളും പരിഹാരപദ്ധതികളും!

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വൈദ്യുതിവകുപ്പിനെ ജനസൗഹൃദമാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു
ഇരിട്ടി: വൈദ്യുതിവകുപ്പ് മന്ത്രിസ്ഥാനം തനിക്ക് തലയിൽ അടിച്ചുകയറ്റിയ കുരിശാണെങ്കിലും വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതിത്തൂണുകൾ പൊട്ടിവീഴുന്ന സാഹചര്യമുണ്ടായാൽ പോലും മന്ത്രിയെ വിളിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും, ഇതിന്റെ പേരിൽ ഉപഭോക്താക്കളെ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളാണ് പരമാധികാരികളെന്നും തന്റെ ശമ്പളവും വൈദ്യുതിവകുപ്പിലെ ജീവനക്കാരുടെ ശമ്പളവും നൽകുന്നത് ജനങ്ങളാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വകുപ്പിലെ 90 ശതമാനം ജീവനക്കാരും നല്ലവരാണെന്നാണ് ജനങ്ങൾ പറയുന്നത്. എന്നാൽ ബാക്കിയുള്ള പത്ത് ശതമാനത്തെക്കൂടി മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ജീവനക്കാരിൽ 99.9 ശതമാനവും ജനസൗഹൃദപരമായി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ സംഘടിപ്പിച്ച ഉപഭോക്തൃ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വൈദ്യുതി ഉപഭോക്തൃ പരാതി പരിഹാര ഫോറവും ഓംബുഡ്സ്മാനും പരാതി പരിഹാര സംവിധാനങ്ങളും പരാതി സമർപ്പിക്കേണ്ട രീതിയും’ എന്ന വിഷയത്തിലായിരുന്നു പരിപാടി.
വൈദ്യുതി ഉൽപാദനത്തിലും ഉപയോഗത്തിലും നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. പകൽ ഒരു യൂണിറ്റ് വൈദ്യുതി 10 പൈസയ്ക്ക് ലഭിക്കുന്ന സാഹചര്യത്തിൽ പോലും രാത്രിയിൽ 10 രൂപ നൽകാൻ തയ്യാറായാലും വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പകൽ സൗരോർജം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിലും ഉൽപാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിലേക്ക് സംഭരിച്ചുവയ്ക്കുന്നതിനുള്ള സൗകര്യം പരിമിതമാണ്. അതിനാൽ സൗരോർജം സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.