കണ്ണൂർ : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം.കൊടണ്ഡ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുകയാണ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അധ്യാപകന്റെ പെരുമാറ്റത്തെ “മനുഷ്യത്വരഹിതം” എന്നാണ് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരേയൊരു വാക്കെന്നും, വിദ്യാർഥികളോട് ഇയാൾ എങ്ങനെയാണ് പെരുമാറുന്നതെന്നും ബെഞ്ച് വാക്കാൽ ചോദിച്ചു.
ജൂൺ 19ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് റാം സുപ്രീം കോടതിയെ സമീപിച്ചത്. ചെയ്ത പ്രവൃത്തിയുടെ അനന്തരഫലങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ റാമിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട വാദങ്ങൾ പൂർണ്ണമായി വായിക്കാം
റാമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു, അധ്യാപകനുമായുള്ള സംഭവത്തിനും ആത്മഹത്യയ്ക്കും ഇടയിൽ ഒരു മാസത്തെ ഇടവേളയുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആത്മഹത്യയ്ക്ക് ഒരു മണിക്കൂർ മുൻപ്, ലോൺ ആപ്പുമായി ബന്ധപ്പെട്ട് മറ്റൊരു അധ്യാപകൻ പ്രിൻസിപ്പലിനോട് പരാതി നൽകിയതിനെ തുടർന്ന് പ്രിൻസിപ്പലിന്റെ മുറിയിൽ ശാസിക്കപ്പെട്ടതാകാം ആത്മഹത്യയ്ക്ക് നേരിട്ടുള്ള കാരണമെന്നും, ജാതി പരാമർശമൊന്നും അതിൽ ഇല്ലാത്തതിനാൽ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം ബാധകമല്ലെന്നും അദ്ദേഹം വാദിച്ചു. അധ്യാപകർക്ക് അച്ചടക്കം നടപ്പാക്കുന്നതിൽ ഇത് മടുപ്പുളവാക്കുന്ന ഫലമുണ്ടാക്കുമെന്നും നായിഡു കൂട്ടിച്ചേർത്തു.
എന്നാൽ ക്ലാസ് മുറിയിൽവച്ച് ഒരു വിദ്യാർഥി ഇത്തരത്തിൽ അപമാനിക്കപ്പെട്ടാൽ അതിന്റെ ആഘാതം എന്തായിരിക്കുമെന്ന് കോടതി തിരിച്ചുചോദിച്ചു. ‘ഒരു മാസം മുൻപ് നടന്ന സംഭവമാണെന്ന’ നായിഡുവിന്റെ ആവർത്തിച്ചുള്ള വാദത്തിന്, ‘അതൊരു വഴിത്തിരിവായിരുന്നു’ എന്ന മറുപടിയാണ് ബഞ്ച് നൽകിയത്.
ഇത്തരം പെരുമാറ്റവുമായി ആ അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും, ഒരു സന്ദേശം നൽകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അധ്യാപകൻ പാഠം പഠിച്ചിട്ടുണ്ടെന്ന് നായിഡു മറുപടി നൽകിയപ്പോൾ, ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളുകയായിരുന്നു.
സംഭവത്തിന്റെ നാൾ വഴികൾ
ഏപ്രിൽ 10നാണ് 22 വയസ്സുകാരനായ നിതിൻ രാജ് കോളജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. മരണത്തിന് മുൻപ് ജാതിയുടെ പേരിൽ അധ്യാപകരിൽനിന്ന് അധിക്ഷേപം നേരിട്ടതായി ആരോപണമുണ്ട്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായ ഡോ. റാമിനും മറ്റ് രണ്ട് ജീവനക്കാർക്കുമെതിരെ നിതിന്റെ പിതാവിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും പൊലീസ് കേസെടുത്തിരുന്നു.
രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് ഏപ്രിൽ 25ന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ഡോ. റാമിന്റെ അപേക്ഷ തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും ജാമ്യം ലഭിച്ചില്ല. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്, അതും ഇപ്പോൾ തള്ളപ്പെട്ടിരിക്കുകയാണ്.
മൂന്ന് മാസമായിട്ടും റാമിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ലോൺ ആപ്പ് ഇടപാടുകാരുടെ ഭീഷണിയും ആത്മഹത്യയ്ക്ക് കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നോയിഡയിൽ വച്ച് ചിലരെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


മലയാള സിനിമയിലെ പ്രമുഖരുമായി ബാലഗോപാലിനുള്ള അടുത്ത സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന അമേരിക്കന്‍ യാത്ര; മെസിയെ കണ്ടു കൈയ്യടിക്കാനുള്ള മോഹന്‍ലാലിന്റെ അമേരിക്കന്‍ ഫുട്ബോള്‍ യാത്രയില്‍ തിളങ്ങി ബാലഗോപാല്‍: സ്വകാര്യ ജെറ്റിലെ മുഖ്യ സഹയാത്രികനായി ദേവി ഫാര്‍മ ഉടമ







