തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ കടുത്ത നാശനഷ്ടവും ജീവഹാനിയും രേഖപ്പെടുത്തി. വൈകിട്ട് ആറ് മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ ആറ് പേർ മരണപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായി സൈന്യവും മറ്റ് സേനാവിഭാഗങ്ങളും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രി, ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാർ, ജില്ലാ ഭരണകൂടങ്ങൾ, എം.എൽ.എമാർ എന്നിവരുമായി മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ താലൂക്ക്, ജില്ലാ തലങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
-
ദുരിതാശ്വാസ ക്യാമ്പുകൾ: സംസ്ഥാനത്തൊട്ടാകെ 65 ക്യാമ്പുകൾ തുറന്നു; 1,465 പേർ ക്യാമ്പുകളിൽ കഴിയുന്നു.
-
വീടുകളുടെ നാശനഷ്ടം: 17 വീടുകൾ പൂർണ്ണമായും 127 വീടുകൾ ഭാഗികമായും തകർന്നു.
-
മഴ ലഭ്യത: കോഴിക്കോട് ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മി.മീ മഴയും വയനാട് മേപ്പാടിയിൽ 177 മി.മീ മഴയും രേഖപ്പെടുത്തി.
രാവിലെ കനത്ത മഴ പെയ്ത മേഖലകളിൽ വൈകുന്നേരത്തോടെ മഴ കുറഞ്ഞത് വലിയ ആശ്വാസമായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി മറ്റ് ജില്ലകളിൽ നിന്നും ആവശ്യാനുസരണം വള്ളങ്ങൾ എത്തിച്ചിട്ടുണ്ട്. ഡാമുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും, വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ ധനസഹായം നൽകുമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സോഡാ കുപ്പിയിൽ ഗോളി ഇട്ടാൽ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ കഴിയൂ’; എവിടെയായാലും ഏകാധിപതികള് തകരും,എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഗണേഷ് കുമാർ
മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; ഓഗസ്റ്റ് 10 മുതൽ, കിറ്റിൽ 16 ഇനം സാധനങ്ങൾ, ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ







