മദ്യനികുതി വിവാദം: ബകാർഡി കമ്പനിയുടെ നീക്കങ്ങളെ ചെറുത്തത് ഋഷിരാജ് സിംഗ്; എക്സൈസ് കമ്മീഷണറുടെ നിർണ്ണായക കത്ത് പുറത്ത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നിർണ്ണായക നിലപാടുകൾ പുറത്ത്. 2017-ൽ പ്രമുഖ മദ്യക്കമ്പനിയായ ബകാർഡി ആരംഭിച്ച നീക്കങ്ങൾക്ക് തടസ്സമിട്ടത് ഋഷിരാജ് സിംഗിന്റെ ഇടപെടലുകളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നത് സമൂഹത്തിൽ വലിയ അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കാരിന് കത്ത് നൽകിയിരുന്നു.

2018 ആഗസ്റ്റ് 13-ന് അന്നത്തെ നികുതി സെക്രട്ടറി ആശാ തോമസിന് എക്സൈസ് കമ്മീഷണർ അയച്ച കത്തിലാണ് കടുത്ത മുന്നറിയിപ്പുകളുള്ളത്. വീര്യം കുറഞ്ഞ ഇത്തരം മദ്യങ്ങൾ സ്കൂൾ കുട്ടികൾ പോലും സാധാരണ ശീതളപാനീയമെന്ന രീതിയിൽ വാങ്ങി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു. ഇത് പിന്നീട് വീര്യം കൂടിയ മദ്യങ്ങളിലേക്ക് ലഹരി ഉപയോഗം മാറുന്നതിനുള്ള ചവിട്ടുപടിയായി മാറും. ആൽക്കഹോളിന്റെ അളവ് കുറവാണെങ്കിലും ഇത് മദ്യം തന്നെയാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ബകാർഡി ബ്രീസർ വിൽക്കാൻ ബെവ്കോ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. എക്സൈസ് വകുപ്പ് അനുമതി നൽകിയാൽ വിപണനത്തിന് എതിർപ്പില്ലെന്ന് ബെവ്കോ അറിയിക്കുകയും ചെയ്തു. എന്നാൽ ഋഷിരാജ് സിംഗ് ഇതിനെ ശക്തമായി എതിർത്തതോടെ എക്സൈസ് കമ്മീഷണറുടെ നിലപാട് മാറ്റാൻ അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് കത്തെഴുതുന്ന സാഹചര്യമുണ്ടായി. വീര്യം കുറഞ്ഞ മദ്യം ഉപയോഗിക്കുന്നത് വഴി മദ്യാസക്തി ഉണ്ടാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നായിരുന്നു അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വാദം.

2017-ൽ ബകാർഡി കമ്പനി അന്നത്തെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ നടന്ന ഉന്നതതല നീക്കങ്ങളാണ് ഇപ്പോൾ ഫയലുകൾ പുറത്തുവന്നതോടെ വിവാദത്തിലായിരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ നടന്ന വലിയ ഭിന്നതകളിലേക്കാണ് ഈ പുതിയ വിവരങ്ങൾ വിരൽ ചൂണ്ടുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.