കഷ്ടപ്പെട്ട് പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരിതിന്നും മൊട്ടയടിച്ചും, മുടിമുറിച്ചും മുട്ടിലിഴഞ്ഞും നിരാഹാരം കിടന്നുമൊക്കെ പ്രതിഷേധിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തില്‍ പരീക്ഷ തട്ടിപ്പ് ആരോപണങ്ങള്‍, അങ്ങ് കര്‍ണാടകയില്‍ സ്വന്തം പെണ്മക്കള് പിഎസ്സി ചെയര്മാന് വക സ്പെഷ്യല്‍ നിയമനം എന്ന വാര്‍ത്തയും. കേരളത്തില്‍ പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരിക്കുന്ന സമയത്ത് ഇതാ കര്‍ണാടക പിഎസ്സിയില് നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു.
പബ്ലിക് സര്‍വീസ് കമ്മീഷന് പൊതുജനങ്ങള്‍ക്കുള്ളതാണെന്നും അല്ലാതെ പേഴ്സണല്‍ സര്‍വീസ് കമ്മിഷനല്ലെന്നും ചെയര്‍മാനെ ഓര്‍മിപ്പിക്കേണ്ടി വന്നിരിക്കുകയാണ് ഒരു സംസ്ഥാന സര്‍ക്കാരിന്. കെപിഎസ്സി ചെയര്മാന് ശിവശങ്കരപ്പ സാഹൂക്കറെയ്ക്ക് സസ്പെന്ഷന്. രണ്ട് പെണ്മക്കളെ കര്‍ണാടക പിഎസ്സി ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായി നിയമിക്കാന്‍ നിയമവിരുദ്ധമായി സഹായിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടാണ് ശിവശങ്കരപ്പയെ സസ്പെന്‍ഡ് ചെയ്തത്. സാഹൂക്കറെയ്ക്കെതിരായ ആരോപണങ്ങളില്‍ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കെപിഎസ്സിയുടെ മേല്‍നോട്ടത്തില്‍ നടന്ന നിയമന നടപടിയില്‍ പെണ്മക്കളെ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായി തിരഞ്ഞെടുക്കാന്‍ സാഹൂക്കര് പദവി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. അവിടം കൊണ്ടും തീര്‍ന്നില്ല, സംവരണ ആനുകൂല്യം നേടിയെടുക്കാന്‍ വഴിവിട്ട ചില നീക്കങ്ങള്‍ നടത്തിയെന്നും ആക്ഷേപമുണ്ട്. സാഹൂക്കറുടെ മകള്‍ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 40,000 രൂപയാണെന്ന് കാണിക്കുന്ന വ്യാജ വരുമാന-ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മറ്റ് പിന്നാക്ക വിഭാഗം അതായത് ഒബിസി സംവരണ ആനുകൂല്യം നേടിയെന്നും ആക്ഷേപമുണ്ട്.
ഇതിനായി പ്രധാനപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചതായും ആരോപണമുണ്ട്. അതേസമയം വിഷയത്തില്‍ സാഹൂക്കറെ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 സെപ്റ്റംബറിലാണ് കെപിഎസ്സി അംഗമായാണ് സാഹൂക്കര് ചുമതലയേറ്റത്. 2002 മാര്‍ച്ച് 30-ന് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പിഎസ്സി ചെയര്‍മാന്റെ മക്കള്‍ക്ക് സംസ്ഥാനത്തെ പിന്നാക്ക വിഭാഗ സംവരണ ആനുകൂല്യം ലഭിക്കില്ല. ഇക്കാര്യം മറച്ചുവെച്ചതിനാല്‍ നിയമന നടപടിയില്‍ അര്‍ഹതയില്ലാത്ത ആനുകൂല്യം ലഭിച്ചതായും ആരോപണമുണ്ട്. ഏതായാലും അതിവേഗ നടപടിയെടുത്ത് പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് കര്‍ണാട സര്‍ക്കാര്‍. കേരളത്തില്‍ പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്ന സമയമാണ്.
അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിഎസ്സി ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധനകള്‍ നടത്തി. സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്ക് നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചാണ് സംഘം പ്രധാനമായും ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. മാത്രവുമല്ല പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ എസ്ഐടിയ്ക്ക് പരാതി പ്രവാഹമാണ്. കെഎഎസ് പരീക്ഷയിലും ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലും ഉള്‍പ്പെടെ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം.
പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പിഎസ്സിയിലെ രേഖകളും പരിശോധിക്കും. പിഎസ്സി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം പ്രാഥമിക റിപ്പോര്‍ട്ട് ജൂലൈ 25-ന് ഡിജിപിയ്ക്ക് കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഒന്നേകാൽ ലക്ഷം ശമ്പളമുള്ള ചീഫ് തസ്തികയിൽ 58 മാർക്കിന്റെ ഉത്തരം അപ്രത്യക്ഷമായി; ഇടത് അനുകൂലിക്ക് ഒന്നാം റാങ്ക്, വിജിലൻസ് വലയിൽ പിഎസ്സി; ഈ അട്ടിമറി ആരും കാണുന്നില്ലേ?!







