കണ്ണൂർ: പയ്യന്നൂരിലെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.ജനറൽ അനസ്‌തീഷ്യ നൽകിയതിനെത്തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്‌സിജൻ കിട്ടാത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ജനറൽ അനസ്‌തീഷ്യ നൽകിയുള്ള ശസ്‌ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും കുട്ടിയുടെ ചുണ്ടിലും താടിയിലുമുള്ലത് ആഴത്തിലുള്ള മുറിവുകൾ അല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അനസ്‌തേഷ്യ നൽകി പത്ത് മിനിട്ടിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെ ബോധരഹിതനായ കുട്ടി അഞ്ച് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. അനസ്‌തീഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ കേസെടുത്തിട്ടുണ്ട്. പീടിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫാണ്.
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്‌മെന്റിലെ മൂന്ന് പേരും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്‌പി കണ്ണൂർ ഡിഎംഒയ്ക്ക് കത്ത് നൽകി.പൊലീസ് ശേഖരിച്ച ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.


വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ: ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം ; ജാന്‍മണിക്കെതിരെ പരാതിയുമായി മഹിളാ മോര്‍ച്ച







