നിതിൻരാജിന്റെ മരണം: ഒളിവിലായിരുന്ന ഡോ. റാം ആന്ധ്ര ചിറ്റൂരിൽ പിടിയിലായതായി സൂചന; സുപ്രീം കോടതി ജാമ്യം തള്ളിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് വല

Dr MK Ram Nithin Raj death case arrest ഡോ എംകെ റാം നിതിൻരാജ് കേസ് ചിത്രം
കണ്ണൂർ : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി, കോളജ് അധ്യാപകൻ ഡോ. എം.കെ. റാമിനെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ഒളിസങ്കേതത്തിൽനിന്ന് ക്രൈംബ്രാഞ്ച് പിടികൂടിയതായി സൂചന.
ജൂലൈ 13ന് റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ജൂൺ 19ന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾത്തന്നെ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെത്തി അറസ്റ്റിനു നീക്കം നടത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള റാം അന്ന് പിടികൊടുക്കാതെ സുപ്രീം കോടതിയെ സമീപിച്ചു.
സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ആന്ധ്രയിലെത്തി തിരച്ചിൽ ശക്തമാക്കിയിരുന്നു.
തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് സ്വദേശികളായ വൈ. രാജൻ–സി.ആർ. ലത ദമ്പതികളുടെ മകനാണ് നിതിൻരാജ്.
ഏപ്രിൽ 10നാണ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്ന് ചാടി നിതിൻരാജ് മരിച്ചത്. സംസ്ഥാന ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിലെ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നിതിൻരാജിന്റെ മരണത്തിലേക്ക് നയിച്ചെന്ന് കണ്ടെത്തിയ അധ്യാപക പീഡനം ഡിവൈഎസ്പി സുധീർ കല്ലനും, മരണകാരണമായി ചൂണ്ടിക്കാട്ടപ്പെട്ട ലോൺ ആപ് ഇടപാട് ഡിവൈഎസ്പി ജീവൻ ജോർജും വെവ്വേറെ അന്വേഷിക്കുന്നു.
മൂന്നു മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞ റാമിനെ കണ്ടെത്താൻ ആന്ധ്രയിലെ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് സംഘം നിരന്തരം തിരച്ചിൽ നടത്തിവരികയായിരുന്നു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.