ഭാവി തലമുറയുടെ സുരക്ഷയ്ക്ക് ശബ്ദമുയർത്തി താരനിര. ഇന്ദ്രജിത്തും ചാക്കോച്ചനും നിഖിലയും ഹാഷിറും നസ്‌ലിനും പിന്തുണയുമായി മുന്നോട്ട്.

Student protest at Jantar Mantar

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് വ്യാപക പിന്തുണ . വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്നും കൂടുതൽ സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയവരാണ് ഇന്ന് പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ ദിവസം വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

‘ഞാൻ അവിടെയുണ്ടായിരുന്നു. ഞാൻ കണ്ടതും, എനിക്ക് അനുഭവപ്പെട്ടതും, എന്റെ മനസ്സിൽ ഞാൻ സൂക്ഷിക്കുന്നതും ഇതാണ്. അവിടെയായിരുന്നപ്പോൾ ഞാൻ കണ്ടുമുട്ടിയ ഓരോ ധീരഹൃദയങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ ഉള്ളിലെ ആത്മവീര്യത്തിനും, തളരാത്ത മനസ്സിനും, ഒന്നിനും പ്രതീക്ഷകളെ തകർക്കാൻ കഴിയില്ലെന്ന ഓർമ്മപ്പെടുത്തലിനും. ഈ ധീരഹൃദയങ്ങൾക്ക് പ്രണാമം!’’ശാലിനി പാണ്ഡേ കുറിച്ചു.

വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ വിമർശിച്ചത്.

‘‘ഇന്ന് ജന്തർ മന്തറിൽ വിദ്യാർഥികളോട് പെരുമാറിയ രീതി തികച്ചും മൃഗീയമായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ രേഖപ്പെടുത്താനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും അവകാശമാണ്; അത് സമാധാനപരമായിരിക്കുമ്പോൾ ഒരധികാരകേന്ദ്രവും അവരെ നേരിടാൻ അക്രമം ഉപയോഗിക്കാൻ പാടില്ല. ചോർന്ന ചോദ്യപേപ്പർ കാരണം ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികൾക്കും, ഇന്നത്തെ പ്രതിഷേധത്തിൽ പരുക്കേറ്റവർക്കും ഹൃദയം നിറഞ്ഞ സഹതാപം! നിങ്ങളുടെ വേദനയും ആശങ്കകളും എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ട്. ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നു! അധികാരത്തിലുള്ളവരേക്കാൾ ശക്തമാണ് ജനങ്ങളുടെ ശക്തി. ജയ് ഹിന്ദ്..” ഇന്ദ്രജിത് സുകുമാരൻ കുറിച്ചു.

ബാലതാരമായി തുടങ്ങി സിനിമയിലും മിനിസ്‌ക്രീനിലും ശ്രദ്ധേയയായ മീനാക്ഷി, ഭരണകൂടത്തോടും സമൂഹത്തോടും നീതി ആവശ്യപ്പെട്ടുകൊണ്ട് നിശിതമായ ചോദ്യങ്ങൾ ഉന്നയിച്ചു. മീനാക്ഷിയുടെ കുറിപ്പ് ഇങ്ങനെ:

‘‘എന്തിനാണ് അവർ നമ്മളെ തല്ലുന്നത്? നമ്മൾ ആരെയെങ്കിലും ഉപദ്രവിച്ചോ, അതോ വല്ല തെറ്റും ചെയ്തോ? ഇല്ല. നമ്മൾ നമ്മുടെ അടിസ്ഥാനപരമായ നീതിക്ക് വേണ്ടിയാണ് യാചിക്കുന്നത്… അനീതി സ്വന്തം കൺമുന്നിൽ നടക്കുമ്പോൾ പോലും കണ്ണടയ്ക്കുകയും വായടച്ചിരിക്കുകയും ചെയ്യുന്ന ഒരു തലമുറയെക്കുറിച്ചാണ് അവർ ചിന്തിക്കുന്നത്. ഭരണഘടനയെക്കുറിച്ചും അവർ മറന്നു കഴിഞ്ഞു.
ഇത്രയൊക്കെ സംഭവിച്ച ശേഷവും, ഈ ചെറിയൊരു അടിസ്ഥാന നീതിക്ക് വേണ്ടിയും നമ്മൾ യാചിക്കേണ്ടതുണ്ടോ? നമ്മൾ ഇന്നും ഒരു ജനാധിപത്യ സമൂഹത്തിലാണോ ജീവിക്കുന്നത്?… അഹിംസാത്മകമായ നിരാഹാര സമരം ആരംഭിച്ച നമുക്ക് തല്ലു ലഭിച്ചു, അരക്ഷിതാവസ്ഥ കൂടി. ആരെയാണ് നിങ്ങൾ ഞെക്കിപ്പിഴിയാൻ ശ്രമിക്കുന്നത്, ജനങ്ങളെയോ അതോ ഈ സമൂഹത്തെയോ?’’

സമാധാനത്തിനായുള്ള ആഹ്വാനവുമായാണ് നടൻ കുഞ്ചാക്കോ ബോബൻ എത്തിയത്.

‘‘സമാധാനം പുലരട്ടെ. നമ്മുടെ ഭാവി തലമുറയെ തകർത്തു തരിപ്പണമാക്കരുത്. ജയ് ഹിന്ദ്.’’ കുഞ്ചാക്കോ ബോബന്റെ കുറിപ്പ് ഇങ്ങനെ.

‘വാഴ’ ഫെയിമും സോഷ്യൽ മീഡിയ താരവുമായ നടൻ ഹാഷിർ പങ്കുവച്ച കുറിപ്പുകൾ:

‘എവിടെയാണ് ആ സ്നേഹം?

മാന്യതയും എളിമയും ദയയും സഹാനുഭൂതിയും നീതിയും നിഷ്പക്ഷതയും എല്ലാവർക്കും ഒരുപോലെയുള്ള സമത്വവും എവിടെയൊക്കെ ഉണ്ടോ, അവിടെയൊക്കെ ആ സ്നേഹമുണ്ട്.

നിങ്ങൾ ഏത് രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നു എന്നത് എനിക്ക് വിഷയമല്ല. ഒരു പാർട്ടിയോടുള്ള കൂറ് രാജ്യത്തോടുള്ള കൂറിനേക്കാൾ വലുതാകുമ്പോഴാണ് ഞാൻ ആശങ്കപ്പെടുന്നത്.

അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങൾ ചോദിക്കുന്നത് അനാദരവല്ല. അത് പൗരധർമ്മമാണ്. ജനപ്രതിനിധികൾ ദൈവങ്ങളല്ല. ഒരു രാഷ്ട്രീയ പാർട്ടിയും ഈ രാജ്യത്തേക്കാൾ വലുതുമല്ല.’’

വിദ്യാർഥികളുടെ ഭാവി വച്ചുള്ള കളികൾ അവസാനിപ്പിക്കണമെന്നും, അവർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നുമാണ് സിനിമാ ലോകത്ത് നിന്നും ഒന്നടങ്കം ഉയരുന്ന ശബ്ദം.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.