തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണമടക്കം രാജ്യത്തെ നടുക്കിയ നിരവധി നിര്‍ണ്ണായക കേസുകള്‍ അന്വേഷിച്ച് ദേശീയ ശ്രദ്ധനേടിയ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് വിജയ് സാഖറെയ്ക്കും ഡിജിപി പദവി. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ദേശീയ അന്വേഷണ ഏജന്‍സിയില്‍ സേവനമനുഷ്ഠിക്കുന്ന സാഖറെയെ കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ചേര്‍ന്ന വകുപ്പുതല പ്രൊമോഷന് സമിതിയാണ് ഡിജിപി പദവിയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍, ഈ പ്രധാന ഭരണനിര്‍വ്വഹണ തീരുമാനം മാധ്യമങ്ങളൊന്നും അറിയാതെ പോവുകയായിരുന്നു.

നാഗ്പൂര്‍ സ്വദേശിയായ വിജയ് സാഖറെ 1996 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ ഏറ്റവും പ്രഗത്ഭരും ആദരിക്കപ്പെടുന്നവരുമായ ഉദ്യോഗസ്ഥരില്‍ ഒരാളായ സാഖറെ, തന്റെ സാങ്കേതിക തികവുകൊണ്ടും കൃത്യതയാര്‍ന്ന അന്വേഷണമികവുകൊണ്ടും ശ്രദ്ധേയനാണ്. നാഗ്പൂരിലെ വിശ്വേശ്വരയ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം, ഐ.ഐ.ടി ഡല്‍ഹി, അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്നാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
കേരളത്തില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2000 മുതല്‍ 2004 വരെ എസ്.പി ആയി സേവനമനുഷ്ഠിച്ചു. പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കെ ജനകീയവും ആധുനികവുമായ പോലീസ് രീതികള്‍ നടപ്പിലാക്കി ശ്രദ്ധ നേടി. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയിലും വിവരസാങ്കേതിക ശാസ്ത്രത്തിലും പുലര്‍ത്തുന്ന അതിരറ്റ അറിവും കൃത്യതയാര്‍ന്ന അന്വേഷണ പാടവവുമാണ് വിജയ് സാഖറെയെ സഹപ്രവര്‍ത്തകര്‍ക്കിടയിലും സുരക്ഷാ വിഭാഗത്തിലും വേറിട്ടുനിര്‍ത്തുന്നത്.
കൊച്ചി പോലീസ് കമ്മീഷണറായി പ്രവര്‍ത്തിക്കവെയാണ് അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി സര്‍ക്കാര്‍ നിയമിക്കുന്നത്. സംസ്ഥാനത്ത് ആലപ്പുഴയിലും പാലക്കാടും അടക്കം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും നടന്ന കാലഘട്ടം. ക്രമസമാധാന പാലന രംഗത്ത് പോലീസിന് വെല്ലുവിളിയായ ഘട്ടം. അപ്പോഴും തന്റേതായ നിലപാടുകളിലൂടെയും പ്രവര്‍ത്തന മികവിലൂടെയും അദ്ദേഹം പോലീസ് സേനയില്‍ നിര്‍ണ്ണായക സാന്നിധ്യമായി തുടര്‍ന്നു.

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയില്‍ തിളങ്ങിനില്‍ക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ചേക്കേറുന്നത്. എന്‍.ഐ.എയില്‍ ഇന്‍സ്പെക്ടര്‍ ജനറലായാണ് അദ്ദേഹത്തിന്റെ നിയമനം നടന്നത്. ചുമതലയേറ്റെടുക്കുന്ന ദിവസം മുതല്‍ അഞ്ചു വര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും, പിന്നീട് തന്ത്രപ്രധാനമായ നിരവധി അന്വേഷണങ്ങളുടെ തലപ്പത്തേക്ക് അദ്ദേഹം നിയോഗിക്കപ്പെടുകയായിരുന്നു.
ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ എന്‍.ഐ.എയുടെ മുഖമായി മാറിയ സാഖറെ, പുല്‍വാമ ഭീകരാക്രമണം ഉള്‍പ്പെടെ രാജ്യ സുരക്ഷയെ ബാധിച്ച വന്‍കിട കേസുകളുടെ അന്വേഷണ സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു. ഇന്‍സ്പെക്ടര്‍ ജനറല്‍ പദവിയിലെ മികവുറ്റ സേവനത്തിന് ശേഷം, എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കും അദ്ദേഹം ഉയര്‍ത്തപ്പെട്ടു. അതോടെയാണ് ദേശീയ തലത്തില്‍ ‘എന്‍.ഐ.എയുടെ ഇതിഹാസ നക്ഷത്രം’ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിക്കുന്നത്.
സാങ്കേതിക വിദ്യയിലെ വൈദഗ്ധ്യവും കര്‍ശനമായ അച്ചടക്കവും കൈമുതലാക്കിയ വിജയ് സാഖറെ മികച്ചൊരു കായികപ്രേമി കൂടിയാണ്. ടെന്നീസിലും ക്രിക്കറ്റിലും അതീവ താല്പര്യമുള്ള അദ്ദേഹത്തിന്റെ ഈ മാനസിക ഊര്‍ജ്ജവും ഏകാഗ്രതയുമാണ് പോലീസിംഗിലെ കഠിനമായ വെല്ലുവിളികളെ നേരിടാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത് എന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
കേരള കേഡറില്‍ വിജയ് സാഖറെയ്ക്കൊപ്പം 1996 ബാച്ചിലെ സഹപ്രവര്‍ത്തകനായ എസ്. ശ്രീജിത്തിനേയും ഡിജിപി പദവിയ്ക്ക് ഉയര്‍ത്തി. ഈ ഉത്തരവിന് പിന്നില്‍ ബിശ്വനാഥ് സിന്ഹയാണെന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ വന്നിരുന്നെങ്കിലും കഴിഞ്ഞ ഡിസംബര്‍ അഞ്ചിലെ ഡി.പി.സി യോഗം എസ്. ശ്രീജിത്ത്, വിജയ് സാഖറെ എന്നിവര്‍ക്കാണ് ഡിജിപി പദവി അനുവദിച്ച് ഉത്തരവിറക്കിയത്.
നിലവില്‍ ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എസ്. ശ്രീജിത്ത് എന്നിങ്ങനെ നാല് ഡിജിപിമാരാണ് കേരളത്തില്‍ സേവനമനുഷ്ഠിക്കുന്നത്. വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ തുടരുന്നതിനാലാണ് സംസ്ഥാനത്തെ ഡിജിപിമാരുടെ നിലവിലെ എണ്ണത്തില്‍ ഉള്‍പ്പെടാത്തത്. എന്‍.ഐ.എയിലെ ഡെപ്യൂട്ടേഷന് കാലാവധി പൂര്‍ത്തിയാക്കി അല്ലെങ്കില്‍ സര്‍വീസിന്റെ അടുത്ത ഘട്ടത്തില്‍ നിലവിലെ പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ വിരമിക്കുമ്പോള്‍, വിജയ് സാഖറെ കേരളത്തിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ അദ്ദേഹത്തിന് സംസ്ഥാന പോലീസ് തലപ്പത്ത് ഡിജിപി പദവിയില്‍ നേരിട്ട് ചുമതലയേല്‍ക്കാനാകും.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
‘സന്തുഷ്ടനാണ്’; സമരം അവസാനിപ്പിച്ച സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ
‘സന്തുഷ്ടനാണ്’; സമരം അവസാനിപ്പിച്ച സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ









