ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമ?; 120 കോടി രൂപ വിലമതിക്കുന്ന കരാറോ?; വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യം വാങ്ങാൻ ധാരണയിൽ!

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സിയും ക്ലബ് ലോഗോയും
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഉടമസ്ഥാവകാശത്തിൽ വൻ മാറ്റത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യം ക്ലബ് ഏറ്റെടുക്കാൻ ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. ഏകദേശം 120 കോടി രൂപ വിലമതിക്കുന്ന കരാറിന്റെ അന്തിമ നടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തിയായേക്കുമെന്നാണ് സൂചന.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിലവിലെ ഉടമകളായ മാഗ്‌നം സ്പോർട്സ് ക്ലബ്ബിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സീസണിൽ മാത്രം ഏകദേശം 30 കോടി രൂപയുടെ നഷ്ടം ക്ലബ് രേഖപ്പെടുത്തിയിരുന്നു. തുടക്കത്തിൽ 150 കോടി രൂപയാണ് ക്ലബ്ബിന് വില നിശ്ചയിച്ചിരുന്നതെങ്കിലും ആ തുകയ്ക്ക് വാങ്ങാൻ താൽപര്യമുള്ളവർ മുന്നോട്ട് വന്നിരുന്നില്ല.
ഹൈദരാബാദ് ആസ്ഥാനമായ മാഗ്‌നം സ്പോർട്സിൽ ചെയർമാൻ നിഖിൽ ബി. നിമ്മഗദ്ദ, തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി ഉൾപ്പെടെയുള്ളവർക്ക് ഓഹരിയുണ്ട്. വിൽപന പൂർത്തിയായാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിൽ ഒരു മലയാളി സംരംഭകനും ഇടംപിടിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
2014-ലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി രൂപംകൊണ്ടത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ ബ്ലാസ്റ്റേഴ്സ് ഇതുവരെ കിരീടം നേടാനായിട്ടില്ലെങ്കിലും രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ഫുട്ബോൾ ക്ലബ്ബുകളിലൊന്നായി തുടരുകയാണ്.
ഐഎസ്എല്ലിൽ നിന്ന് പിന്മാറി ജംഷഡ്പുർ എഫ്‌സി
ഇതിനിടെ, ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് ജംഷഡ്പുർ എഫ്‌സി ഔദ്യോഗികമായി അറിയിച്ചു. അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ പങ്കെടുക്കില്ലെന്നും, ഗ്രാസ്‌റൂട്ട് ഫുട്ബോൾ വികസനത്തിലും യുവതാര പരിശീലനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ക്ലബ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
നിലവിൽ നടക്കുന്ന ഡ്യുറാൻഡ് കപ്പിലും ജംഷഡ്പുർ എഫ്‌സി പങ്കെടുക്കുന്നില്ല. ക്ലബ്ബിലെ എല്ലാ കളിക്കാരെയും നേരത്തേ റിലീസ് ചെയ്തിരുന്നു. 2017-18 സീസണിൽ ബെംഗളൂരു എഫ്‌സിക്കൊപ്പം ഐഎസ്എല്ലിലെത്തിയ ജംഷഡ്പുർ, 2021-22 സീസണിൽ ലീഗ് ഷീൽഡ് ജേതാക്കളായി ശ്രദ്ധ നേടിയ ടീമുമാണ്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.