രാജീവ് ഗാന്ധി സർക്കാരിനെ പിടിച്ചുകുലുക്കിയ ബോഫോഴ്‌സ് വിവാദത്തിന് തിരശ്ശീല; 64 കോടി രൂപയുടെ കോഴ ആരോപണത്തിൽ തുടങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് ; 40 വർഷത്തിന് ശേഷം അവസാന ഹർജിയും സുപ്രീം കോടതി തള്ളി!

ബോഫോഴ്‌സ് തോക്ക് ഇടപാടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്‌സ് അഴിമതിക്കേസിലെ നിയമനടപടികൾ പൂർണ്ണമായി അവസാനിക്കുകയാണ്. കേസിൽ സുപ്രീംകോടതിയുടെ  അവസാന വിധി വന്നു.
ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ ബോഫോഴ്‌സിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് 2005-ൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അവസാന അപ്പീലും സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റിവെക്കാനുള്ള ആവശ്യം നിരസിക്കുകയും കൂടുതൽ വാദങ്ങൾ കേൾക്കാൻ തയ്യാറാകാതെ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷകൻ അജയ് കെ. അഗർവാൾ നൽകിയ ഹർജി തള്ളുകയുമായിരുന്നു.
“എല്ലാ നടപടികളും നേരത്തെ തന്നെ റദ്ദാക്കിയതാണ്. എത്ര വർഷങ്ങൾ കഴിഞ്ഞു? ഇനി ഇതിൽ എന്ത് നടപടിയാണ് ബാക്കിയുള്ളത്?” ഇങ്ങനെ ചോദിച്ചു കൊണ്ടാണ് കോടതി അപ്പീൽ തള്ളിയത്.
1986-ൽ ഇന്ത്യൻ സർക്കാരും സ്വീഡനിലെ എ.ബി. ബോഫോഴ്‌സ് കമ്പനിയും തമ്മിൽ 1,437 കോടി രൂപയുടെ ഹൊവിറ്റ്‌സർ തോക്കുകൾ വാങ്ങുന്നതിനായി ഒപ്പുവെച്ച കരാറാണ് കേസിനാസ്പദം. ഈ ഇടപാടിൽ ഇടനിലക്കാർക്കും രാഷ്ട്രീയക്കാർക്കും 64 കോടി രൂപ കോഴയായി ലഭിച്ചുവെന്ന ആരോപണമാണ് ഉയർന്നത്.
1980-കളുടെ അവസാനത്തിൽ ഉയർന്നുവന്ന ഈ അഴിമതി ആരോപണം അന്നത്തെ രാജീവ് ഗാന്ധി സർക്കാരിനെ ഉലയ്ക്കുകയും 1989-ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് പ്രധാന കാരണമാവുകയുമാണ് ഉണ്ടായത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.