കൊച്ചി: ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കേരളവും അമേരിക്കയും തമ്മിൽ പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ചകൾ. ഉന്നത വിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ പരിശോധിച്ചു.
കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം രൂപീകരിക്കുന്നതിന്റെ സാധ്യതകളും യോഗത്തിൽ ചർച്ചയായി. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളെ കേന്ദ്രീകരിച്ച് സമുദ്ര ലോജിസ്റ്റിക്സ്, കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഗ്രീൻ ബങ്കറിങ് തുടങ്ങിയ മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള സാധ്യതകളും ഇരുപക്ഷവും വിലയിരുത്തി.
മുഖ്യമന്ത്രിക്കൊപ്പം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അതേസമയം, മുഖ്യമന്ത്രി യുഎസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ അതേ ഹോട്ടലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി ബൂലോസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി മൈക്കൽ ബൂലോസ് ആലപ്പുഴയിലെത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”









