അർജുൻ ആയങ്കിയെ വെടിവെക്കാൻ നിർദേശമില്ല’; റിപ്പോർട്ടുകൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ; ‘നാട്ടിലെ ഗുണ്ടകൾ പലതും പറയും, നോക്കാം’ ; ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടവും പ്രഖ്യാപിച്ചു!

അർജുൻ ആയങ്കിയെ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ തള്ളുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പാലക്കാട്: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടുന്നതിനിടെ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ വെടിവെക്കണമെന്ന തരത്തിലുള്ള യാതൊരു നിർദേശവും ആഭ്യന്തര വകുപ്പിൽനിന്ന് നൽകിയിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘വെടിവെച്ചാലും മുട്ടുകുത്തില്ല’ എന്ന അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘‘നാട്ടിലെ ഗുണ്ടകൾ പലതും പറയും, നോക്കാം’’ എന്നായിരുന്നു മന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം.
പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിൽ പോയ അർജുൻ ആയങ്കിക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. പ്രതിയെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഓണത്തിന് ശേഷം ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാംഘട്ടം
ഓണം കഴിഞ്ഞാൽ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാംഘട്ടം ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരിക്കും ഗുണ്ടാ പ്രവർത്തനങ്ങൾക്കുമെതിരായ ആദ്യഘട്ട നടപടിയുടെ ഭാഗമായി 9,200-ലധികം പേരെ അറസ്റ്റ് ചെയ്തതായും 7,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തതായും മന്ത്രി പറഞ്ഞു. നൂറ് കോടിയിലധികം രൂപയുടെ രാസലഹരിയും പിടിച്ചെടുത്തിട്ടുണ്ട്.
രണ്ടാംഘട്ട ഓപ്പറേഷൻ ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ചായിരിക്കും നടപ്പാക്കുക. കൊറിയർ സംവിധാനത്തിലൂടെ ലഹരി എത്തിക്കുന്ന പ്രവണത തടയുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ കൊറിയർ കമ്പനികൾ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കാലത്തെ ലഹരിക്കടത്ത് തടയും
ഓണക്കാലത്ത് കേരളത്തിലേക്ക് സ്പിരിറ്റ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഒഴുകിയെത്തുന്ന പ്രവണതയുണ്ടെന്നും ഇത്തവണ അത് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ലഹരിക്കടത്തിനെതിരെ ശക്തമായ പരിശോധനയും നടപടികളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം
ഓഗസ്റ്റ് 15ഓടെ കേരള പൊലീസിന്റെ പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനുകളെ ‘മൈ പൊലീസ് സ്റ്റേഷൻ’ എന്ന ആശയത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റഡി മർദനം പൂർണമായും ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽനിന്ന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ നിരീക്ഷിക്കാൻ കഴിയുന്ന ഹൈടെക് സംവിധാനം നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.
പൊതുജനങ്ങളുമായുള്ള പൊലീസ് ഇടപെടൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഫീഡ്ബാക്കും ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വന്ദേമാതരത്തിന്റെ പൂർണരൂപം പൊലീസ് ഉദ്യോഗസ്ഥർ ചൊല്ലണമെന്ന തരത്തിൽ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോയെന്ന ചോദ്യത്തിന്, അത്തരമൊരു ഉത്തരവ് ഇറങ്ങിയതായി അറിയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.