തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിലും തമ്മിലടിയിലും കലങ്ങിമറിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുമ്പോള്‍, കോര്‍പ്പറേഷന്റെ തലപ്പത്ത് വി.വി. രാജേഷിന്റെ കസേര ഇളകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഒറ്റ സ്വതന്ത്രന്റെ പിന്തുണയില്‍ തൂങ്ങിനില്‍ക്കുന്ന ബിജെപി ഭരണം, രാധാകൃഷ്ണന് എന്ന സ്വതന്ത്ര കൗണ്‍സിലറുടെ മനംമാറ്റത്തോടെ തിങ്കളാഴ്ചയോടെ അവസാനിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്.
തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം കോര്‍പ്പറേഷന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കും. രാധാകൃഷ്ണന് തന്റെ നിലപാട് മാറ്റി പ്രതിപക്ഷത്തോടൊപ്പം ചേരുകയാണെങ്കില്‍, വി.വി. രാജേഷിന്റെ മേയര്‍ പദവി അതോടെ അവസാനിക്കും. ഭരണപക്ഷത്തെ 50 സീറ്റ് എന്ന മാന്ത്രിക സംഖ്യ തകരുന്ന നിമിഷം മുതല്‍ ബിജെപിക്ക് ഭരണം കൈവിട്ടുപോകും. പ്രതിപക്ഷ നിരയിലെ ഒറ്റക്കെട്ടായുള്ള നീക്കം ഭരണത്തെ പിഴുതെറിയുമോ അതോ ബിജെപി തന്ത്രങ്ങള്‍ വിജയിക്കുമോ എന്ന് കാത്തിരുന്നു കാണാം. അങ്ങനെ ഇപ്പോള്‍ ഭരണം പോയാല്‍ വാഴോട്ടുകോണം സുഗതന് എത്തിയാലും ഭരണം പിടിക്കല്‍ അസാധ്യമാകും. 51 പേരുടെ പിന്തുണയില്ലാത്തതാണ് ഇതിനു കാരണം.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ നിലവിലെ അംഗബലം 100 ആണ്. ഇതില്‍ 49 സീറ്റുള്ള ബിജെപിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത് സ്വതന്ത്രനായ രാധാകൃഷ്ണന്റെ പിന്തുണയിലാണ്. ഇതോടെ ഭരണപക്ഷത്തിന് 50 പേരുടെ ബലമുണ്ട്. എന്നാല്‍, രാധാകൃഷ്ണന് പിന്തുണ പിന്‍വലിച്ചാല്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെടും. പ്രതിപക്ഷ നിരയിലെ യുഡിഎഫ് (20), എല്‍ഡിഎഫ് (29), യുഡിഎഫ് വിമതന് (1) എന്നിവര്‍ കൈകോര്‍ത്താല്‍ 50 പേരുടെ കരുത്തുമായി ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കും.
മലപ്പുറത്ത് നടുറോഡിൽ കാറിന് മുകളിലേയ്ക്ക് ബസ് തലകീഴായി മറിഞ്ഞു: അപകടത്തിൽ ഒരു മരണം , മൂന്നു പേരുടെ നില ഗുരുതരം ; ബസ് രണ്ടായി പിളർന്നു
ഭരണപരമായ കാര്യക്ഷമതയില്ലായ്മയും കൗണ്‍സില്‍ യോഗങ്ങള്‍ പോലും ചേരാത്ത സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് തയ്യാറെടുക്കുന്നത്. ഇന്ന് വൈകിട്ട് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവിശ്വാസ പ്രമേയം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ബിജെപി ഭരണത്തെ വീഴ്ത്താന്‍ പരമ്പരാഗത ശത്രുക്കളായ എല്‍ഡിഎഫും യുഡിഎഫും ഒന്നിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം കൗണ്‍സിലര്‍മാരുടെ സംഘര്‍ഷം കേസ് നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ വി.വി. രാജേഷിനും ഡെപ്യൂട്ടി മേയര്‍ക്കുമെതിരെയും, ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടയില്‍, എഫ്.ഐ.ആറിലെ പിഴവുകള്‍ പോലീസിനെതിരെയും വിമര്ശനമുയര്ത്താന് കാരണമായിട്ടുണ്ട്.
വിഴിഞ്ഞം ഹാര്‍ബര്‍ വാര്‍ഡിലെ ഫ്ലാറ്റ് നിര്‍മ്മാണത്തിലെ അപാകതകള്‍ അന്വേഷിക്കാന്‍ എന്‍ജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തുമെന്ന് മേയര്‍ വി.വി. രാജേഷ് വ്യക്തമാക്കി. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ അപാകതകള്‍ സംബന്ധിച്ച് ഫൊറന്‍സിക് ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഇത്തരം പ്രഖ്യാപനങ്ങള്‍ കൊണ്ട് മാത്രം ഭരണത്തെ നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുമുണ്ട്.


പൊന്മുടിയിലേക്ക് വണ്ടികയറാം, കാത്തിരിപ്പില്ലാതെ! സർവീസുകൾ കൂട്ടി കെ.എസ്.ആർ.ടി.സി







