കോഴിക്കോട്: സംസ്ഥാനത്ത് ഓണം എത്തുന്നതിന് മുൻപ് തന്നെ പച്ചക്കറി വില കുതിച്ചുയരുന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് പച്ചക്കറി വിപണിയിൽ വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത് . അയൽ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയും മോശം കാലാവസ്ഥയും കാരണം പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് കേരളത്തിൽ വില വർധിക്കാൻ പ്രധാന കാരണം. ഇതിനുപുറമേ ട്രോളിങ് നിരോധന കാലമായതിനാൽ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയുമാണ്.
ഒരു മാസം മുൻപ് വരെ 100 രൂപയ്ക്ക് നാലും അഞ്ചും കിലോ ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോൾ കോഴിക്കോട് പാളയം മാർക്കറ്റിൽ മൊത്തവില 35 രൂപയാണ്.ചില്ലറ വിപണിയിൽ ഇത് കിലോയ്ക്ക് 50 രൂപ വരെയായി ഉയർന്നിട്ടുണ്ട്.
ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ വിലയിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. നല്ല ഗുണമേന്മയുള്ള ഇഞ്ചിക്ക് കിലോയ്ക്ക് 250 രൂപ മുതൽ 350 രൂപ വരെ നൽകേണ്ടി വരുന്നു.മൂപ്പെത്താത്ത, ഗുണം കുറഞ്ഞ ഇഞ്ചിക്ക് പോലും 150 രൂപ മുതൽ 250 രൂപ വരെ ഈടാക്കുന്നുണ്ടെങ്കിലും ഇതും വിപണിയിൽ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. വെളുത്തുള്ളിക്കും സമാനമായ ഉയർന്ന വില തന്നെയാണ് വിപണിയിൽ.
ഉള്ളിക്ക് പുറമേ തക്കാളി, കോളിഫ്ലവർ, കാബേജ് തുടങ്ങിയവയുടെ വിലയും വർധിച്ചിട്ടുണ്ട്. കോളിഫ്ലവറിനും കാബേജിനും കിലോയ്ക്ക് 44 രൂപ മുതൽ 56 രൂപ വരെയാണ് നിലവിലെ വില.പ്രധാനമായും ഉൾനാടൻ വിപണികളിലാണ് ഈ വിലക്കയറ്റം സാധാരണക്കാരെ കൂടുതൽ ബാധിക്കുന്നത്.
ഇന്ധന പ്രതിസന്ധി മൂലം പലചരക്ക് സാധനങ്ങൾക്കും വില വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ പച്ചക്കറിക്കും കൂടി വില കൂടിയതോടെ വരാനിരിക്കുന്ന ഓണക്കാലം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാണ് മലയാളി അടുക്കളകൾ.


ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു
പ്ലസ്ടുവിന് ശേഷം ലൈസൻസിനൊപ്പം യന്ത്രപരിശീലനം; പുതിയ ഗതാഗത നയവുമായി മന്ത്രി







