ന്യൂഡൽഹി: കനത്ത ചൂടിന് ആശ്വാസമായെത്തിയ മഴ വിതച്ചതു കനത്ത നാശം. ഇന്നലെ പെയ്ത കനത്ത മഴയിൽ ഡൽഹിയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. സഫ്ദർജങ് സ്റ്റേഷനിൽ 24 മണിക്കൂറിനിടെ 72.6 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജൂലൈ മാസത്തിലെ മഴയാണിത്. അതോടെ നഗരത്തിലെ പകൽ താപനിലയിൽ 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ കുറവ് രേഖപ്പെടുത്തി.
റിട്ടയേർഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ
സാധാരണ ജൂലൈയിൽ ലഭിക്കുന്ന മഴയുടെ 70 ശതമാനവും വെറും 24 മണിക്കൂറിലാണു പെയ്തത്. ആദ്യ 6 ദിവസങ്ങളിൽ വെറും 5.4 മില്ലിമീറ്റർ മഴ മാത്രം ലഭിച്ച സ്ഥാനത്ത്, ഇന്നലെ ഒറ്റയടിക്കു കനത്ത മഴ ലഭിക്കുകയായിരുന്നു. ഇത്രയും വലിയ അളവിലെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ അഴുക്കുചാലുകൾക്കു ശേഷിയില്ല. അതിനാലാണ് മിന്നൽപ്രളയമുണ്ടാകാൻ കാരണം.
മഴയിൽ ഡൽഹി-എൻസിആറിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെതുടർന്ന് ഓഫിസുകളിലേക്കു പോകുന്നവരും മറ്റു യാത്രക്കാരും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. മെഹ്‌റോളി-ബദർപൂർ റോഡ് പൂർണമായും അടച്ചു. അക്ഷർധാം (എൻഎച്ച് 24), ഡൽഹി- നോയിഡ എക്സ്പ്രസ് വേ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായി. വികാസ് മാർഗ്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, മുനീർക്ക, സദർ ബസാർ, ദ്വാരക എന്നിവിടങ്ങളിലും വെള്ളം കയറി.
അതിശക്തമായ മഴയ്ക്കിടെ, 70 വർഷം പഴക്കമുള്ള ജില്ലാ എംഎംജി ആശുപത്രിയുടെ എക്സ്റേ ഗാലറിയുടെ മേൽക്കൂരയിലെ പ്ലാസ്റ്റർ അടർന്നുവീണു. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.









