ആശുപത്രികളെ തകര്‍ക്കാന്‍ വിദേശ മൂലധന ശക്തികളോ? മന്ത്രി മുരളീധരന്‍ ആ പേരുകള്‍ വെളിപ്പെടുത്തണം; കുടപിടിക്കുന്ന മാധ്യമങ്ങളുടെ പേരും പുറത്തു പറയണം. ഒളിച്ചുകളി അവസാനിപ്പിക്കണം; ലീഡറുടെ മകന്‍ ആ കള്ളന്മാരെ പൊതു സമൂഹത്തില്‍ തുറന്നു കാട്ടണം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ കുഴപ്പങ്ങളും വീഴ്ചകളുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില സ്വകാര്യ ആശുപത്രികളിലെ വിദേശ മൂലധന ശക്തികളും മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഉയരുന്നു. ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിദേശ മൂലധന ശക്തികളുടെ ഗൂഢാലോചനയെക്കുറിച്ച് മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചത്.
എന്നാല്‍, ഏതൊക്കെ വിദേശ മൂലധന ശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? അവര്‍ക്ക് വഴങ്ങി കൊടുക്കുന്ന മാധ്യമങ്ങള്‍ ഏതൊക്കെയാണ്? എന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ ഉത്തരം നല്‍കണമെന്ന ആവശ്യമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്.
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ അട്ടിമറിക്കാന്‍ വിദേശ ശക്തികളും മാധ്യമങ്ങളും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് ഒരു സംസ്ഥാനത്തെ ആരോഗ്യ മന്ത്രി തന്നെ വെളിപ്പെടുത്തുമ്പോള്‍ അത് കേവലം ഒരു പ്രസംഗത്തിലോ ആരോപണത്തിലോ ഒതുങ്ങേണ്ട ഒന്നല്ല. ഇത്രയും ഗുരുതരമായ വിഷയം സംസ്ഥാനത്തിന്റെ സുരക്ഷയെയും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ്.ആരോപണം ഉന്നയിച്ച് കൈകഴുകുന്ന മന്ത്രിയാകരുത് കെ. മുരളീധരന്‍. ആ സ്വകാര്യ ആശുപത്രികള്‍ ഏതൊക്കെയാണ്, വിദേശ ധനസഹായം കൈപ്പറ്റുന്ന മാധ്യമങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യമായി പറയാന്‍ മന്ത്രി തയാറാകണം. ജനങ്ങള്‍ സത്യം മനസ്സിലാക്കട്ടെ. അതല്ലെങ്കില്‍, ഉയര്‍ന്നുവന്ന വീഴ്ചകളില്‍ നിന്നും ആക്ഷേപങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള വെറുമൊരു നാടകവും, കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ നട്ടെല്ലില്ലാത്തതുകൊണ്ടുള്ള ഒളിച്ചോട്ടവുമാണ് ഇതെന്നാകും പൊതുജനം കരുതുക.
കേരള രാഷ്ട്രീയത്തില്‍ സ്വന്തം നിലപാടുകള്‍ കൊണ്ടും ധീരമായ തീരുമാനങ്ങള്‍ കൊണ്ടും ജനമനസ്സുകളില്‍ ഇടംനേടിയ ലീഡര്‍ കെ. കരുണാകരന്റെ മകനാണ് കെ. മുരളീധരന്‍. പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യവും ഗര്‍ജ്ജിക്കുന്ന നിലപാടുകളും ഉള്‍ക്കൊള്ളുന്ന ഒരു ജനപ്രതിനിധിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സുതാര്യതയും ധൈര്യവുമാണ്.
സത്യം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുപറയാന്‍ മുരളീധരന്‍ ഭയപ്പെടുന്നത് എന്തിനാണ്? സ്വന്തം പദവിയുടെ അന്തസ്സും ജനങ്ങളോടുള്ള ഉത്തരവാദിത്തവും മുന്‍നിര്‍ത്തി, ഒളിച്ചുകളി അവസാനിപ്പിച്ച് ആ കറുത്ത ശക്തികളുടെ പേരുകള്‍ വരും ദിവസങ്ങളില്‍ പരസ്യപ്പെടുത്താന്‍ മന്ത്രി തയാറാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
(വാര്‍ത്തയ്ക്ക് ആസ്പദമായ സംഭവം: കരമന ജോണ്‍ ഇനോക്ക് കോളജ് ഓഫ് ഫാര്‍മസിയില്‍ നടന്ന ചടങ്ങില്‍ എ.കെ.സി.ഡി.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് 100 കിടക്കകളും ഫോം മെത്തകളും കൈമാറുന്ന തുടക്കം പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് മന്ത്രി കെ. മുരളീധരന്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും ആരോപണം ഉന്നയിച്ചത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.