ശരണ്യ കൃഷ്ണന്
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റ് രണ്ട് മാസം പിന്നിടുമ്പോഴും, പാര്‍ട്ടിയെയും ഭരണത്തെയും ഒരുപോലെ മുന്നോട്ട് നയിക്കേണ്ട കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആര് വരുമെന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഓഗസ്റ്റ് പകുതിയോടെ പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള അടിയന്തര നീക്കങ്ങളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടന്നു കഴിഞ്ഞു. നിലവില്‍ മന്ത്രിസഭയില്‍ അംഗമായ സണ്ണി ജോസഫ് തന്നെ അധ്യക്ഷ സ്ഥാനത്തും തുടരുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് കേന്ദ്ര നേതൃത്വം അടിയന്തര ഇടപെടലിന് ഒരുങ്ങുന്നത്.
ഇതിനിടെ കെപിസിസി അധ്യക്ഷ കസേരയിലേക്ക് പ്രധാനമായും അഞ്ച് പ്രമുഖ നേതാക്കളുടെ പേരുകളാണ് ഹൈക്കമാന്‍ഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും മേശപ്പുറത്തുള്ളത്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ടി.എന്‍. പ്രതാപന്, മാത്യു കുഴല്നാടന് എംഎല്‍എ, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് എന്നിവരാണ് ഈ അഞ്ചംഗ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. ഇവര്‍ക്ക് പുറമെ എം.കെ. രാഘവന്, ആന്റോ ആന്റണി, ബെന്നി ബെഹന്നാന് എന്നിവരുടെ പേരുകളും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ സജീവമായി ഉന്നയിക്കുന്നുണ്ട്.
യുവത്വത്തിനും സംഘടനാ മികവിനും സാമുദായിക സമവാക്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഷാഫി പറമ്പില്‍, മാത്യു കുഴല്നാടന് എന്നിവര്‍ക്ക് സാധ്യതയേറും. എന്നാല്‍ പാര്‍ലമെന്ററി പദവിയില്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന പൊതുവായ മാനദണ്ഡമാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വെക്കുന്നതെങ്കില്‍ ജോസഫ് വാഴയ്ക്കനും ടി.എന്‍. പ്രതാപനും പട്ടികയില്‍ മുന്നിലെത്തും. പാര്‍ട്ടിയിലെ ദളിത് പ്രാതിനിധ്യം എന്ന ശക്തമായ വാദം ഉയര്‍ത്തിക്കാട്ടി മുന്‍ കേന്ദ്രമന്ത്രി കൂടിയായ കൊടിക്കുന്നില്‍ സുരേഷും പദവിക്കായി സജീവമായി രംഗത്തുണ്ട്.
അതേസമയം, മുതിര്‍ന്ന നേതാക്കളായ അടൂര്‍ പ്രകാശ്, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവരും അധ്യക്ഷ പദവിയില്‍ കണ്ണുവെക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രായവും ആരോഗ്യസ്ഥിതിയും ഹൈക്കമാന്‍ഡ് വിലയിരുത്തലില്‍ തിരിച്ചടിയാകാനാണ് സാധ്യത. ഇതിനുപുറമെ മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും എം.എം. ഹസനും വീണ്ടും അധ്യക്ഷ പദവിയിലെത്താന്‍ അണിയറയില്‍ സജീവമായി ചരടുവലികള്‍ നടത്തുന്നുണ്ട്. കാലാവധി പൂര്‍ത്തിയാകും മുമ്പ് തന്നോട് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതില്‍ മുല്ലപ്പള്ളിക്ക് ഇപ്പോഴും പരിഭവമുണ്ട്. തനിക്ക് പിന്നീട് അര്‍ഹമായ പരിഗണന പാര്‍ട്ടിയില്‍ ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
മറുവശത്ത് 20 മാസക്കാലം അധ്യക്ഷ പദവിയിലിരുന്നെങ്കിലും, ലോക്സഭാ തെരഞ്ഞെടുപ്പടക്കമുള്ള പ്രത്യേക സാഹചര്യങ്ങളാല്‍ പൂര്‍ണ്ണസമയ അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്ന വാദമാണ് എം.എം. ഹസനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്നത്. എന്നാല്‍, ഭരണം കയ്യിലുള്ള ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജവും ചടുലതയും പകരാന്‍ പഴയ മുഖങ്ങളെക്കാള്‍ പുതുമുഖങ്ങള്‍ വരണമെന്നാണ് ഹൈക്കമാന്‍ഡിന്റെയും വി.ഡി. സതീശനടക്കമുള്ള പ്രമുഖരുടെയും ആഗ്രഹം.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ദല്‍ഹിയില്‍ നടത്തുന്ന കൂടിക്കാഴ്ചയോടെ നടപടികള്‍ക്ക് വേഗം കൂടും. തുടര്‍ന്ന് ദീപാ ദാസ്മുന്‍ഷി കേരളത്തിലെത്തി സംസ്ഥാന നേതാക്കളുമായി ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രി വി.ഡി. സതീശന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ദല്‍ഹിക്ക് വിളിപ്പിച്ച് അന്തിമ പ്രഖ്യാപനം നടത്തുക.
കെപിസിസി അധ്യക്ഷ പദവിയില്‍ മാത്രമല്ല, സംഘടനാ സംവിധാനത്തില്‍ ആകമാനം വന്‍ അഴിച്ചുപണിക്കാണ് ഹൈക്കമാന്‍ഡ് രൂപരേഖ തയ്യാറാക്കുന്നത്. ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന മാനദണ്ഡം കര്‍ശനമാക്കണമെന്ന വാദം പാര്‍ട്ടിയില്‍ ശക്തമാണ്. നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പുറമെ, വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്, എഐസിസി സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ. തുളസി എന്നിവര്‍ നിലവില്‍ ഭരണത്തില്‍ മന്ത്രിസ്ഥാനം വഹിക്കുന്നവരാണ്. ഇവരെ മുഴുവന്‍ സംഘടനാ പദവികളില്‍ നിന്നും ഒഴിവാക്കി പുതിയവര്‍ക്ക് ചുമതല നല്‍കും.
കെപിസിസി അധ്യക്ഷനായി ഒരു ജനപ്രതിനിധിയെയോ മുതിര്‍ന്ന നേതാവിനെയോ ആണ് നിയമിക്കുന്നതെങ്കില്‍, വര്‍ക്കിങ് പ്രസിഡന്റ് പദവികള്‍ പാര്‍ട്ടി സംഘടനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. വി.എസ്. ശിവകുമാര്‍, പാലോട് രവി, കെ.പി. ശ്രീകുമാര്‍, അബ്ദുള്‍ മുത്തലിബ്, ഹക്കീം കുന്നില്‍, പി.എം. നിയാസ്, ശരത്ചന്ദ്ര പ്രസാദ്, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ പേരുകളാണ് വര്‍ക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പൊന്മുടി വളവ് കയറാൻ പ്രയാസപ്പെട്ട് കെഎസ്ആർടിസി; സൗജന്യ യാത്ര ബസിൽ സ്ത്രീകളുടെ തിരക്ക് ; ആറാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി രക്ഷപെട്ടത് തലനാരിഴയ്ക്ക്!







