ന്യൂഡൽഹി : രാജ്യത്താകെ വ്യാപക ചർച്ചയായ ഇ20 പെട്രോൾ വിവാദത്തിൽ ഒടുവിൽ നിർണായക സമ്മതവുമായി കേന്ദ്ര സർക്കാർ. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചാൽ ബിഎസ്-3 വാഹനഭാഗങ്ങൾക്ക് കേടുവരാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ സമ്മതിച്ചു. 2005 ഏപ്രിൽ ഒന്നിനും 2016നും ഇടയിൽ നിർമിച്ച ബിഎസ്-3 വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങളും എൻജിൻ ഗാസ്കറ്റുകളും മാറ്റേണ്ടിവന്നേക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
എന്നാൽ പതിവ് സർവീസിങ്ങിനിടെ ഈ ഭാഗങ്ങൾ എളുപ്പത്തിൽ മാറ്റാമെന്നും, വലിയ സാമ്പത്തിക ബാധ്യതയൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ20 പെട്രോൾ ഉപയോഗിച്ചാൽ മൈലേജ് കുറയുമെന്ന വ്യാപകമായ ആശങ്കയ്ക്കും മന്ത്രി മറുപടി നൽകി. ഇന്ധനം മാത്രമല്ല, ഡ്രൈവിങ് ശൈലി ഉൾപ്പെടെയുള്ള മറ്റ് പല ഘടകങ്ങളും മൈലേജിനെ സ്വാധീനിക്കുന്നുണ്ടെന്ന് വാഹന നിർമാതാക്കളും ടെസ്റ്റിങ് ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഐഐപി ഡെറാഡൂൺ, സിയാം, ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിൽ ഇ20 ഉപയോഗിക്കുന്നതിനായി എൻജിനിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, ഇ20 ഇന്ധനം ഡ്രൈവിങ്ങിനെ ദോഷകരമായി ബാധിക്കില്ലെന്നും ഗഡ്കരി വ്യക്തമാക്കി. ബിഎസ്-3 വാഹനങ്ങൾക്കു മാത്രമാണ് അൽപമെങ്കിലും പ്രയാസം ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇ20 ജനതാ പാർട്ടി’: പുതിയ പ്രതിഷേധ തരംഗം
ഗഡ്കരിയുടെ ഈ വിശദീകരണങ്ങൾക്കിടയിലും ഇ20 പെട്രോൾ വിഷയത്തിൽ പ്രതിഷേധം കെട്ടടങ്ങുന്നില്ല. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധത്തിലൂടെ ശ്രദ്ധേയമായ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാതൃകയിൽ, ‘ഇ20 ജനതാ പാർട്ടി’ (E20JP) എന്ന പുതിയൊരു സമൂഹമാധ്യമ പ്രസ്ഥാനം അതിവേഗം വൈറലാവുകയാണ്.
രാഷ്ട്രീയ പാർട്ടിയല്ലെന്നും, സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന സ്വതന്ത്ര പൗരപ്രസ്ഥാനമാണെന്നും ഇ20 ജനതാ പാർട്ടി സ്വയം വിശേഷിപ്പിക്കുന്നു. സുതാര്യത ഉറപ്പാക്കുക, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടന വ്യക്തമാക്കുന്നു. പെട്രോൾ പമ്പുകളിൽ ഇ20നൊപ്പം 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള നിയമപരമായ ഓപ്ഷൻ കൂടി നൽകണമെന്നാണ് പ്രധാന ആവശ്യം. ഏത് ഇന്ധനമാണ് വാഹനത്തിൽ നിറയ്ക്കുന്നതെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താക്കൾക്ക് ഉണ്ടാകണമെന്നും, പെട്രോൾ പമ്പുകളിൽ ഇന്ധനത്തിന്റെ ഘടന വ്യക്തമായി ലേബൽ ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നു.
സമൂഹമാധ്യമങ്ങളിൽ “ജെൻ സെഡിന് ഒരേയൊരു ആവശ്യം: ഗഡ്കരി രാജിവയ്ക്കുക” എന്ന മുദ്രാവാക്യമടക്കമുള്ള പോസ്റ്റുകൾ വൈറലായിട്ടുണ്ട്. ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ടുള്ള ഈ പ്രചാരണം, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ ലക്ഷക്കണക്കിന് പേരുടെ പിന്തുണ നേടിക്കഴിഞ്ഞു.
ട്രാൻസ്പോർട്ട് സംഘടനകളും രംഗത്ത്
ഓഗസ്റ്റ് 4ന് ഇ20 പെട്രോൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ദില്ലി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇ20 ജനതാ പാർട്ടിയോ കോക്ക്റോച്ച് ജനതാ പാർട്ടിയോ ഉൾപ്പെടെയുള്ള ഏതെങ്കിലും സംഘടനയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് സമ്രാട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധനത്തിൽ എഥനോൾ നിർബന്ധമാക്കരുതെന്നും, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുപ്പ് അവകാശം വേണമെന്നുമാണ് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് പ്രസിഡന്റ് ഹരീഷ് സബർവാളും ആവശ്യപ്പെടുന്നത്. വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഗുരുതര പ്രശ്നമാണിതെന്ന് ഓൾ ഇന്ത്യ മോട്ടോർ ആൻഡ് ഗുഡ്സ് ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രസിഡന്റ് രാജേന്ദർ കപൂറും ചൂണ്ടിക്കാട്ടി.
രാജ്യവ്യാപകമായി ലക്ഷക്കണക്കിന് ആളുകൾ ഇ20 ഇന്ധനത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കെ, മൈലേജ് കുറവ്, എൻജിൻ തകരാർ തുടങ്ങിയ ആശങ്കകൾക്ക് കേന്ദ്രം വിശദീകരണം നൽകിയിട്ടും വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഡോ.റാമിനെ സഹായിച്ച പോലീസ് ഉന്നതന് ആര് ? പണത്തിന് മീതെ പരുന്തും പറക്കില്ല ; പ്രത്യേക അന്വേഷണ സംഘത്തെ പൊളിച്ചടുക്കി ഹൈക്കോടതി, ആഭ്യന്തര വകുപ്പിന് നാണക്കേട്







