പാലക്കാട്: വാണിയംകുളത്ത് നിന്ന് ഒരേ കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബന്ധുക്കൾ ഷൊർണൂർ പോലീസിൽ പരാതി നൽകിയത്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂർണ്ണമായും പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് അയൽക്കാരെ വിവരമറിയിക്കുന്നതും തുടർന്ന് പോലീസിനെ സമീപിക്കുന്നതും. പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇവർ എങ്ങോട്ട് പോയി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ വാഹനത്തിലാണ് മൂവരും യാത്ര തിരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും, അർദ്ധരാത്രി കഴിഞ്ഞുള്ള പുലർച്ചെ സമയത്ത് ഇവർ എങ്ങോട്ടാണ് യാത്ര പുറപ്പെട്ടതെന്ന ചോദ്യം ദുരൂഹമായി തുടരുകയാണ്. നിലവിൽ ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, ഫോണുകൾ സ്വിച്ച് ഓഫ് ആകുന്നതിന് മുൻപുള്ള ഇവരുടെ അവസാന ലൊക്കേഷനായി കാണിക്കുന്നത് വീട് സ്ഥിതി ചെയ്യുന്ന പനയൂർ മേഖല തന്നെയാണ്. അവസാന നിമിഷം വരെ സ്വന്തം പ്രദേശത്ത് തന്നെയുണ്ടായിരുന്ന ഈ മൂന്നംഗ കുടുംബത്തിന് പെട്ടെന്ന് എന്ത് സംഭവിച്ചു എന്ന ആശങ്കയിലാണ് ബന്ധുക്കളും. നിലവിൽ പാതയോരങ്ങളിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ഷൊർണൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
വിദ്യാർഥി കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ വയനാട്ടിലെ സ്വകാര്യ ബസുടമകളുടെ തീരുമാനം; പത്താം തീയതി മുതൽ അനിശ്ചിതകാല സമരം


“എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?”, ശേഷം ചവിയ്ക്ക് നുള്ളൽ : കെ.ടി. ജലീൽ നടത്തിയ അനുമോദന ചടങ്ങ് കുട്ടികളെ അപമാനിക്കാനോ? ; കത്തിപ്പടർന്ന് വിമർശനം!







