സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിഎ ആയിരുന്ന ടെനി ജോപ്പന്. തന്നെ ലക്ഷ്യമിട്ടത് ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ വേണ്ടിയാണെന്നും അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഐജി ഹേമചന്ദ്രന് മുഖത്തടിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
’13 വര്‍ഷത്തെ വേദനയ്ക്ക് പരിഹാരം’
13 വര്‍ഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് കോടതി വിധി പരിഹാരമായെന്ന് ടെനി ജോപ്പന് പ്രതികരിച്ചു. ശത്രുക്കള്‍ പുറത്തല്ല, ഉള്ളില്‍ തന്നെയായിരുന്നെന്നും വിധി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരുടെയും പേര് വെളിപ്പെടുത്താന്‍ ഇല്ലെന്ന് വ്യക്തമാക്കിയ ജോപ്പന്, തനിക്ക് നിലവില്‍ പെന്ഷന് ലഭിക്കുന്നില്ലെന്നും പുതിയ സര്‍ക്കാരിന് അപേക്ഷ നല്കി കാത്തിരിക്കുകയാണെന്നും പ്രമുഖ വാർത്താ ചാനലിനോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
മല്ലേലില്‍ ശ്രീധരന് നായര്‍ നല്കിയ കേസില്‍ മൂന്നാം പ്രതിയായിരുന്നു ടെനി ജോപ്പന്. സരിത നായര്‍ക്ക് പണം നല്കാന് സമ്മര്‍ദ്ദം ചെലുത്തിയെന്ന ശ്രീധരന് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ജോപ്പനെ പ്രതിചേര്‍ത്തത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏക അറസ്റ്റ് ജോപ്പന്റേതായിരുന്നു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കെ നടന്ന ഈ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ജോപ്പനെതിരായ കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചെന്നും ശ്രീധരന് നായര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പത്തനംതിട്ട കോന്നി പൊലീസ് നല്കിയ കുറ്റപത്രത്തില്‍ വിചാരണ ആരംഭിച്ചിരുന്നില്ല. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോപ്പന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”









