ചെന്നൈ : ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിൽ ഫയലുകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് കരാർ നൽകിയ ഡേറ്റ സെന്ററിൽനിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വേൾഡ് ലീക്സ് എന്ന് അറിയപ്പെടുന്ന റാൻസംവെയർ സംഘമാണ് ഫയലുകൾ ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ നൈക്കി, ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പ് എന്നിവയെ ലക്ഷ്യമിട്ടിരുന്ന സംഘമാണിത്. ജൂണിൽ ടാറ്റ ഗ്രൂപ്പിന്റെ ആപ്പിൾ, ടെസ്ല എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ ഡിസൈൻ ഫയലുകൾക്കായി 1.5 മില്യൺ ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു ഇതേ സംഘം.
ചോർന്ന 8,58,000 ഫയലുകളിൽ 19,000 എണ്ണം സുപ്രധാന വിവരങ്ങൾ അടങ്ങിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016നും 2025നും ഇടയിലുള്ള ഈ രേഖകളിൽ ബ്ലൂപ്രിന്റുകൾ, വിതരണക്കാരുടെ വിവരങ്ങൾ, യോഗങ്ങളുടെയും പരിശോധനകളുടെയും റെക്കോർഡുകൾ, ഉപകരണങ്ങളുടെ അവലോകനങ്ങൾ, ഇൻഷുറൻസ് പോളിസികൾ, വെന്റിലേഷൻ, കൂളിങ് സിസ്റ്റങ്ങളുടെ എൻജിനീയറിങ് ഡ്രോയിങ്ങുകൾ, കോമൺ കൺട്രോൾ റൂമിന്റെ ഫ്ലോർ പ്ലാനുകൾ എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യൻ ഡേറ്റ സെന്റർ സേവന ദാതാവായ ‘യോട്ട’ ഹോസ്റ്റ് ചെയ്ത സെർവറിൽനിന്ന് തങ്ങളുടെ ഡേറ്റ ‘ഭാഗികമായി ചോർന്നതായി’ റിലയൻസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. മേയ് 29ന് സെർവറിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയതായി യോട്ട അറിയിച്ചു. സ്വതന്ത്ര സൈബർ സുരക്ഷാ ഗവേഷകൻ രാകേഷ് കൃഷ്ണനാണ് ജൂൺ 11 മുതൽ ഈ ഫയലുകൾ ഓൺലൈനിൽ ലഭ്യമാണെന്ന് ആദ്യം കണ്ടെത്തി റോയിട്ടേഴ്സിനെ അറിയിച്ചത്.
വിഷയത്തിൽ ആശ്വാസകരമായ കാര്യം, ചോർന്ന രേഖകളിൽ റഷ്യയുടെ റോസാറ്റോം വിതരണം ചെയ്ത ആണവ റിയാക്ടർ കോറിന്റെയോ മറ്റ് നിർണായക റിയാക്ടർ സാങ്കേതികവിദ്യയുടെയോ ഡിസൈനുകൾ ഉൾപ്പെടുന്നതായി കണ്ടെത്തിയിട്ടില്ല എന്ന റിപ്പോർട്ടുകളാണ്. നിർമാണത്തിലിരിക്കുന്ന 3, 4 യൂണിറ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോർന്നവയിൽ ഭൂരിഭാഗവും.
എന്നിരുന്നാലും, ഈ ചോർച്ച ആണവനിലയത്തിന്റെ സുരക്ഷയ്ക്ക് “ഗുരുതരമായ” ഭീഷണിയാകാമെന്ന് ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവിലെ സീനിയർ ഡയറക്ടർ നിക്കോളാസ് റോത്ത് മുന്നറിയിപ്പ് നൽകുന്നു. നിർണായക സംവിധാനങ്ങളിലേക്ക് ആർക്കൊക്കെ പ്രവേശനമുണ്ടെന്നും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നുവെന്നും ഇത്തരം രേഖകൾ വെളിപ്പെടുത്തിയേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
1000 മെഗാവാട്ട് വീതം ഉൽപാദിപ്പിക്കുന്ന രണ്ട് യൂണിറ്റുകൾ നിലവിൽ കൂടംകുളത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നാല് യൂണിറ്റുകൾ കൂടി 2027ഓടെ പൂർത്തിയാകും. ഇതിൽ ആദ്യത്തെ രണ്ട് യൂണിറ്റുകൾ (3, 4) റിലയൻസ് ഗ്രൂപ്പിന്റെ ഉപകമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 2018ൽ ലഭിച്ച കരാർ പ്രകാരമാണ് നിർമിക്കുന്നത്.
ഇന്ത്യയുടെ പ്രധാന സൈബർ സുരക്ഷാ ഏജൻസിയായ ‘ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം’ (സേർട്ട്-ഇൻ) ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയും ചോർച്ചയെക്കുറിച്ച് റിലയൻസുമായി ആശയവിനിമയം നടത്തിവരികയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ചോദ്യകർത്താക്കളുടെ പേര് നൽകില്ല! പിഎസ്സിയുടെ ‘സ്വകാര്യ രഹസ്യ’ നിലപാട്; 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ റാങ്ക് ലിസ്റ്റ്, ഇടത് നേതാവിന് ഒന്നാം റാങ്ക്







