ന്യൂഡൽഹി : അടുത്തിടെ കത്തിപ്പടർന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയോ കസ്റ്റഡിയിലെടുക്കപ്പെടുകയോ ചെയ്യുന്നവർക്കായി ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് പ്രഖ്യാപിച്ചതിനു പിന്നാലെ സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ രംഗത്ത്.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നു. സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്ര സർക്കാർ സർവീസിൽനിന്നു വിരമിച്ച ഭഗവാൻറാവു ദിപ്കെയുടെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടിരിക്കുന്നത്. അഭിജീത് ദിപ്കെ യുഎസിൽ ഉന്നതവിദ്യാഭ്യാസം നേടിയതിന്റെ ചെലവ് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ആവശ്യപ്പെട്ടത്.
അഭിജിത് ദീപ്കെയുടെ വിദ്യാഭ്യാസം ചോദ്യമുനയിൽ
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം നേടിയ അഭിജീത് ദിപ്കെ ജൂൺ ആറിനാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. അന്ന് തന്നെ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്കു തുടക്കമിട്ടു. ഭഗവാൻറാവു ദിപ്കെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിൽ (എംഐഡിസി) ജൂനിയർ എൻജിനീയറായിരുന്നുവെന്നും പ്രതിമാസം 60,000 – 65,000 രൂപ ശമ്പളം ലഭിച്ചിരുന്ന ഒരാൾക്ക് മക്കളുടെ യുഎസിലെ വിദ്യാഭ്യാസച്ചെലവ് എങ്ങനെ വഹിക്കാൻ കഴിഞ്ഞുവെന്നത് അന്വേഷിക്കണമെന്നുമാണ് തിവാരിയുടെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സർക്കാരിനു പരാതി നൽകിയിട്ടുണ്ടെന്നും വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നുമാണ് തിവാരിയുടെ ആവശ്യം.
സിജെപിയുടെ നിയമസഹായ ഫണ്ടിനെക്കുറിച്ചും തിവാരി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര ജിഎസ്ടി അധികൃതർക്കും തിവാരി കത്തയച്ചു. കോക്രോച്ച് ജനതാ പാർട്ടി റജിസ്റ്റർ ചെയ്യാത്ത സംഘടനയാണെങ്കിലും രാഷ്ട്രീയ പാർട്ടിയെപ്പോലെയാണു പ്രവർത്തിക്കുന്നതെന്നാണ് തിവാരിയുടെ ആരോപണം.
ഒരു കോടി രൂപ നിയമസഹായ ഫണ്ടായി നൽകുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29എ പ്രകാരം സിജെപി തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നു പരിശോധിക്കണം. സംഘടന റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഫണ്ട് സ്വീകരിക്കുന്നതും അതിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണം. കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായത്തിന് 18% ജിഎസ്ടി എവിടെയാണ് അടയ്ക്കുക – ഇതൊക്കെയാണ് തിവാരി ചോദിക്കുന്ന ചോദ്യങ്ങൾ.
സിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിനെതിരെയും തിവാരി ചോദ്യം ചോദിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധമായിരുന്ന ഘട്ടംവരെ പ്രശ്നമില്ലായിരുന്നുവെന്നും പിന്നീട് പ്രക്ഷോഭം അതിരുവിട്ടെന്നുമുള്ള ആരോപണം തിവാരി ഉന്നയിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അന്തരിച്ച അമ്മയെയും അധിക്ഷേപിച്ചെന്നും വിദേശ നേതാക്കളുമായുള്ള മോദിയുടെ ബന്ധത്തെക്കുറിച്ചു മോശം പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് പരാതി നൽകിയിട്ടുണ്ടെന്നും തിവാരി പറഞ്ഞതായിട്ടാണ് എഎൻഐയുടെ റിപ്പോർട്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വിഴിഞ്ഞത്തിന് ആഗോള കുതിപ്പ്; അദാനിയുമായി കൈകോർത്ത് ഷിപ്പിംഗ് ഭീമൻ എം.എസ്.സി ഗ്രൂപ്പ്, 13,000 കോടിയുടെ മെഗാ നിക്ഷേപം







