പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ ഒറ്റ സീനിൽ മാത്രം അഭിനയിച്ച ഒരു കൊച്ചുപയ്യൻ… അന്ന് ഏകദേശം പത്ത് വയസ് പ്രായം. പിന്നെ 20ാം വയസിൽ കയ്യെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം. മലയാളത്തിലെ പ്രമുഖ സംവിധായകൻ ഫാസിലിന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന ഫഹദ് ഫാസിൽ… സിനിമ വേണ്ടവിധം ക്ലിക്കാകാത്തതിനാൽ സിനിമയിൽ നിന്നും വിട്ടുനിന്നു… അതും ഏകദേശം എട്ട് വർഷം. പിന്നീട് കേരള കഫേ എന്ന ചിത്രത്തിലൂടെ ഒരു പത്രപ്രവർത്തകന്റെ വേഷത്തിൽ തിരിച്ച് മലയാള സിനിമയിലേക്ക്…
തുടർന്ന് അഭിനയിച്ച പ്രമാണി, കോക്ടെയിൽ, ടൂർണമെന്റ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കഥാപാത്രങ്ങളെ പോലെ തന്നെ സങ്കീർണതയിലൂടെ കടന്നുപോവുകയായിരുന്നു ഫഹദ്. ചാപ്പാ കുരിശിലെ അർജുൻ എന്ന കഥാപാത്രമാണ് വഴിത്തിരിവായത്. നാണയത്തിലെ ചാപ്പയും കുരിശും പോലെ വേറിട്ടു നിന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച അൻസാരി എന്ന കഥാപാത്രവും ഫഹദിന്റെ അർജുനും സമൂഹത്തിന്റെ രണ്ട് തട്ടുകളെ അനുസ്മരിപ്പിച്ചു. ആ സിനിമയിലെ പോലെ തന്നെ കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് വെറുപ്പ് തോന്നുന്ന മറ്റ് നിരവധി പരീക്ഷണ ചിത്രങ്ങൾ… 22 ഫീമെയിൽ കോട്ടയത്തിലെ സിറിൽ മാത്യുവും ഇതേ അനുഭവം തന്നെയായിരുന്നു പ്രേക്ഷകർക്ക്.
ഡയമണ്ട് നെക്ലേസിലെ ഡോ. അരുൺ കുമാറിനെ ആദ്യം വെറുക്കുകയും പിന്നീട് സ്നേഹിക്കുകയും ചെയ്തു പ്രേക്ഷകർ. അന്നയും റസൂലിലും ഒരിക്കലും വിവാഹത്തിലേക്കെത്താത്ത ഒരു പ്രണയത്തിൽ കുരുങ്ങിക്കിടക്കുന്ന കഥാപാത്രങ്ങളെ കണ്ടു. ഡിജിറ്റൽ യുഗത്തിലേക്കെത്തിയപ്പോൾ അന്നയും റസൂലും റീൽസ് ഇടങ്ങളിൽ തരംഗമായി. ആമേനിലെ സോളമനും ശോശന്നയും പ്രണയത്തിന്റെ മറ്റൊരു തലമായിരുന്നു.
റെഡ് വൈൻ, ഇമ്മാനുവൽ, അകം, 5 സുന്ദരികൾ, ഒളിപ്പോര്, ആർട്ടിസ്റ്റ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ വ്യത്യസ്ത അനുഭവമാണ് ഫഹദ് പ്രേക്ഷകർക്ക് നൽകിയത്. നോർത്ത് 24 കാതം ഹരികൃഷ്ണനിലെ വൃത്തി രാക്ഷസനെ തങ്ങൾക്ക് പരിചയമുള്ള ആരെയൊക്കെയോ പോലെ പ്രേക്ഷകന് അനുഭവപ്പെട്ടു. നഷ്ടപ്പെടാൻ എന്തെങ്കിലും നേടിയിരുന്നോ എന്ന അവസാന ചോദ്യത്തിലൂടെ പ്രേക്ഷകർക്കുള്ളിലും തിരിച്ചറിവുകളുടെ വിത്തുപാകി. ഇന്ത്യൻ പ്രണയ കഥയിലെ സിദ്ധാർഥൻ അധികാര മോഹികളായ രാഷ്ട്രീയക്കാർക്കുള്ള മറുപടിയായി.
ബാംഗ്ലൂർ ഡേയ്സിലൂടെ ഏറ്റവും മികച്ച ഹിറ്റ് സമ്മാനിച്ചു. ഇയ്യോബിന്റെ പുസ്തകം എന്നും ഓർത്തിരിക്കാൻ പ്രേക്ഷകർക്ക് സമ്മാനിച്ച മറ്റൊരേടായി. ഇടുക്കിയുടെ നിഷ്കളങ്കതയിലെ മഹേഷും, തൊണ്ടിമുതലിലെ കള്ളൻ പ്രസാദും അഭിനയ രംഗത്തെ ടേക്ക് ഓഫ് ആയിരുന്നു. വരത്തനായ എബിയും സ്വയം പ്രൊമോട്ട് ചെയ്യുന്ന പി ആർ ആകാശും കുമ്പളങ്ങിയിലെ ഷമ്മിയും പ്രേക്ഷകർക്കിടയിൽ അയാളുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.
ജോജിയിലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ഫഹദിന്റെ കയ്യിൽ ഭദ്രമായിരുന്നു. അനായാസ മെയ് വഴക്കവും കഥാപാത്രങ്ങളോടുള്ള അയാളുടെ ആകാംക്ഷയും പ്രേക്ഷകർക്ക് ഫഹദിനെ പ്രിയങ്കരനാക്കി. മാലിക്ക്, മലയൻകുഞ്ഞ്, പാച്ചുവും അത്ഭുത വിളക്കും, ധൂമം എന്നിങ്ങനെ ആവേശത്തിരയിലാഴ്ത്തിയ നിരവധി കഥാപാത്രങ്ങൾ. ബോഗയ്ൻവില്ല, ആവേശം, പുഷ്പ 2 എന്നിവയിലൂടെ 2024 ഫഹദിന് കരിയറിലെ ഏറ്റവും തിരക്കേറിയ വർഷങ്ങളിലൊന്നായി. 2025ൽ വടിവേലുവിനൊപ്പം മാരീശൻ, ഒടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങളിലും ഫഹദ് പ്രേക്ഷക ശ്രദ്ധ നേടി.
അതിനിടയ്ക്ക് മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ശ്രദ്ധേയനായി ഫഹദ്. വേലൈക്കാരൻ, സൂപ്പർ ഡീലക്സ്, വിക്രം, മാമന്നൻ, വേട്ടയ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകം കീഴടക്കി അയാൾ… അല്ലു അർജുന്റെ തെലുങ്ക് ചിത്രം പുഷ്പയിലെ ഭൻവർ സിംഗ് ഷെഖാവത് എന്ന പൊലീസ് കഥാപാത്രവും മികച്ച അഭിപ്രായം നേടി.
2026 – ഫഹദിന് തിരക്കിന്റെ വർഷം
43ാം പിറന്നാളിലേക്ക് എത്തുമ്പോൾ ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വൈവിധ്യമാർന്ന വർഷങ്ങളിലൊന്നാണ് 2026. മമ്മൂട്ടിയും മോഹൻലാലും 16 വർഷത്തിന് ശേഷം ഒരുമിച്ചെത്തിയ മഹേഷ് നാരായണന്റെ ചാര ത്രില്ലർ ‘പാട്രിയറ്റ്’ ആയിരുന്നു വർഷത്തിലെ ഏറ്റവും ചർച്ചയായ പ്രോജക്റ്റ്. നയൻതാരയും കുഞ്ചാക്കോ ബോബനും അടക്കമുള്ള താരനിരയിൽ നിർണായക കഥാപാത്രവുമായി ഫഹദും എത്തി. മേയ് ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്, പിന്നീട് ജൂൺ അഞ്ചു മുതൽ OTTയിലും എത്തി.
നസ്‌ലനൊപ്പം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ത്രില്ലർ ‘ടോർപ്പിഡോ’യിലും ഫഹദ് പ്രധാന വേഷത്തിലുണ്ട്. ദിലീഷ് പോത്തനും ഷ്യാം പുഷ്കരനും ഒപ്പം ഭവന സ്റ്റുഡിയോസിന്റെ ബാനറിൽ, ‘ജോജി’, ‘കുമ്പളങ്ങി നൈറ്റ്സ്’ എന്നിവയ്ക്ക് ശേഷമുള്ള മൂന്നാമത്തെ കൂട്ടുകെട്ടായ ആക്ഷൻ-കോമഡി ചിത്രം ‘കരാട്ടെ ചന്ദ്രൻ’ എന്നിവയും ഫഹദിന്റെ 2026ലെ പ്രതീക്ഷിക്കപ്പെടുന്ന ചിത്രങ്ങളാണ്.
ഭാഷകൾ കടന്ന് ഫഹദിന്റെ സാന്നിധ്യം കൂടുതൽ വിശാലമാകുന്ന വർഷം കൂടിയാണിത്. അർക്ക മീഡിയവർക്‌സിന്റെ ബാനറിൽ തെലുങ്കിൽ ‘ഓക്സിജൻ’ മേയ് 27ന് പ്രദർശനത്തിനെത്തി. സൂര്യയും ദുൽഖർ സൽമാനും അണിനിരക്കുന്ന സുധാ കൊങ്കാരയുടെ തമിഴ് പിരീഡ് ഗ്യാങ്സ്റ്റർ ഡ്രാമ ‘പുരാണനൂറു’വിലും ഫഹദ് ഭാഗമാകുന്നുണ്ട്, ഒക്ടോബറിലാണ് ഈ ചിത്രം പ്രതീക്ഷിക്കുന്നത്.
ഭാവിയിലേക്കുള്ള ചുവടുകളും ഫഹദ് ഉറപ്പിച്ചു കഴിഞ്ഞു. പനോരമ സ്റ്റുഡിയോസും നിർമാതാവ് ജേക്കബ് ബാബുവും ചേർന്ന് 2027ൽ തിയേറ്ററുകളിലെത്തിക്കാൻ ലക്ഷ്യമിടുന്ന രണ്ട് പുതിയ മലയാള ചിത്രങ്ങളിലും ഫഹദ് പ്രധാന വേഷത്തിലുണ്ടാകും എന്ന പ്രഖ്യാപനം ഈയിടെയാണ് വന്നത്.
ഒരിക്കൽ തോറ്റുമടങ്ങിയ ഇടത്തു നിന്നും കൈവിട്ടു പോയതെല്ലാം തിരികെ പിടിച്ച പരിശ്രമത്തിന്റെ പേരാണ് ഇന്ന് ഫഹദ് ഫാസിൽ. അച്ഛന്റെ ബ്രാൻഡിൽ സിനിമയിലെത്തി ഒന്നുമാകാതെ മടക്കം. ഒടുവിൽ ഇന്ന് പാൻ ഇന്ത്യൻ താരപദവിയിലേക്ക് ഉയർന്ന അതുല്യ പ്രതിഭ… അതെ, ഒരേയൊരു ഫഫാ… ഇനിയും മികച്ച കഥാപാത്രങ്ങൾക്കായി പ്രേക്ഷകർ നിങ്ങളെ കാത്തിരിക്കുന്നു. പ്രിയപ്പെട്ട ഫഹദ് ഫാസിലിന് ജന്മദിനാശംസകൾ.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി; റിലീസ് സെപ്റ്റംബർ 11-ന്.







