കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് ആദ്യമല്ല; പിണറായി സർക്കാരിന്റെ കാലത്ത് 148 പേരെ കാണാതായി, ഇന്ന് മൂന്ന് പേരെയല്ലേ കാണാതായിട്ടുള്ളൂ…; ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ!

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ; 148 പേരെ കാണാതായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവങ്ങളിൽ സർക്കാർ അനാസ്ഥ കാട്ടിയെന്ന ആരോപണങ്ങൾക്കിടെ പ്രതികരണവുമായി മുഖ്യമന്ത്രി. കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് ആദ്യ സംഭവമല്ലെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 148 പേരെ കടലിൽ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായി ശക്തമായ തെരച്ചിൽ തുടരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ നിലവിലെ സംഭവങ്ങളിൽ തെരച്ചിൽ കാര്യക്ഷമമല്ലെന്നും വിവിധ സർക്കാർ സംവിധാനങ്ങൾ തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്നും കുടുംബങ്ങൾ ആരോപിക്കുന്നു.
നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ ഷിജിനെയും ഫ്രീമോനെയും കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടു. ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഷിജിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷിജിൻ തീരത്തേക്ക് നീന്തുന്നത് കണ്ടിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്.
ഷിജിനെ കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ ഉറപ്പുനൽകിയിരുന്നു. ഒൻപതാം ദിവസം സ്കൂബാ സംഘത്തെ തെരച്ചിലിന് എത്തിക്കുമെന്ന് അറിയിച്ചെങ്കിലും ഇത് നടപ്പായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വിഷയത്തിൽ ഫിഷറീസ് മന്ത്രിയുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായില്ലെന്നും കുടുംബം പറയുന്നു.
കടൽ ശാന്തമായിരുന്ന സമയത്ത് സ്കൂബാ സംഘത്തെ ഉൾപ്പെടെ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നെങ്കിൽ കൂടുതൽ ഫലപ്രദമാകുമായിരുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കഴിഞ്ഞ പത്ത് ദിവസമായി തെരച്ചിൽ ഊർജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം വിവിധ സർക്കാർ സംവിധാനങ്ങളെ സമീപിക്കുകയാണ്.
അതേസമയം, വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനായുള്ള തെരച്ചിലും കാര്യക്ഷമമല്ലെന്ന ആരോപണമുണ്ട്. നിലവിൽ കോസ്റ്റ് ഗാർഡിന്റെ ഒരു കപ്പൽ മാത്രമാണ് തെരച്ചിലിൽ പങ്കെടുക്കുന്നതെന്നാണ് വിവരം.
ജോൺ മത്യാസിന്റെ വീട്ടിൽ വെള്ളിയാഴ്ച മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചിരുന്നു. വിഴിഞ്ഞത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചതായി മന്ത്രി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.
കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഇപ്പോൾ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. കാണാതായവരെ കണ്ടെത്തുന്നതുവരെ തെരച്ചിൽ ഊർജിതമാക്കണമെന്നും സർക്കാർ സംവിധാനങ്ങൾ തമ്മിൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കണമെന്നുമാണ് കുടുംബങ്ങളുടെ ആവശ്യം.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.