തിരുവനന്തപുരം : സംസ്ഥാനത്ത് പകലും രാത്രിയും ആവർത്തിക്കുന്ന വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിശദീകരണം.
സംസ്ഥാനത്തെ പല വീടുകളിലും സോളാർ സംവിധാനമുണ്ടെന്നും പകൽ സമയത്ത് ആവശ്യത്തിലധികം വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ അധിക വൈദ്യുതി രാത്രിയിലേക്കായി സംഭരിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഉന്നയിച്ചത്. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്നും, പകൽ ഒരു രൂപ നിരക്കിൽ ലഭിക്കുന്ന ഒരു യൂണിറ്റ് വൈദ്യുതി രാത്രി പത്തു രൂപ കൊടുത്താൽപ്പോലും ലഭ്യമല്ലാത്ത സ്ഥിതിയാണെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ സർക്കാർ അധികാരമേറ്റ മേയ് മാസത്തിൽത്തന്നെ വൈദ്യുതി നിയന്ത്രണം നിലനിന്നിരുന്നുവെന്നും, കഴിഞ്ഞ 10 വർഷമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല എന്ന വാദം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ദീർഘകാല പരിഹാരം എന്താണെന്ന ചോദ്യത്തിന്, അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് വീണ്ടും ആലോചിക്കണമെന്ന് തന്നോട് ഉപദേശിച്ചവരുണ്ടെന്നും, എന്നാൽ അതിലും എളുപ്പമുള്ള മാർഗം എല്ലാവരും സോളാർ ഊർജത്തിലേക്കു മാറുകയാണെന്നും മന്ത്രി പ്രതികരിച്ചു.
ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും, അതിനുള്ള സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിരപ്പിള്ളി പദ്ധതി പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും, അപകടരഹിതമായ പഠനത്തിലൂടെ മാത്രമേ അതു സംബന്ധിച്ച തീരുമാനം ഉറപ്പിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത







