ക്രിസ്റ്റ്യാനോ-ജോർജിന വിവാഹവാർത്തകൾ വ്യാജം; ഈ വർഷം വിവാഹമില്ലെന്ന് സഹോദരിമാർ

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം ശനിയാഴ്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. പോർച്ചുഗലിലെ മെദീരയിലായിരിക്കും വിവാഹം നടക്കുകയെന്നും ഞായറാഴ്ച വിവാഹസത്കാരം നടക്കുമെന്നും പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇരുവരുടേയും വിവാഹം ഈ വർഷമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വിവാഹ വാർത്തകളെല്ലാം വ്യാജമാണെന്ന് ദി വീക്കിന്റെ റിപ്പോർട്ടിൽ പറയുന്നു. പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ അഡ്രിയാനോ സിൽവ ക്രിസ്റ്റ്യാനോയുടെ സഹോദരിമാരായ കാറ്റിയയും എൽമ അവെയ്‌റുമായും സംസാരിച്ചെന്നും ഈ വിവാഹ വാർത്തകളെല്ലാം അവർ നിഷേധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം വിവാഹമുണ്ടാകില്ലെന്നാണ് ഇരുവരും അറിയിച്ചതെന്നും റിപ്പോർട്ടിലുണ്ട്.