കളിക്കളത്തിൽ കൊടുങ്കാറ്റായി പെയ്തിറങ്ങുന്ന ഒരു മനുഷ്യൻ. എതിരാളികളുടെ പ്രതിരോധ കോട്ടകളെ നിഷ്പ്രയാസം തകർത്തെറിയുന്ന വേഗതയും കൃത്യതയും. നോർവേയുടെ സൂപ്പർ താരം ഏർലിങ് ഹാലണ്ടിനെക്കുറിച്ച് ഓർക്കുമ്പോൾ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രമാണിത്. എന്നാൽ, മൈതാനത്തെ ഈ കരുത്തിന് പിന്നിൽ അത്രയെളുപ്പമല്ലാത്ത, എന്നാൽ കൗതുകമുണർത്തുന്ന ഒരു കഠിനമായ ജീവിതശൈലിയുണ്ടെന്ന് എത്രപേർക്കറിയാം?
കായിക ലോകത്താകെ അതിശയിപ്പിക്കുന്നതാണ് ഹാലണ്ടിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ. ഹാലണ്ടിൻ്റെ ഭക്ഷണ ശീലങ്ങൾ കേട്ടാൽ ആരും ഒന്നു മൂക്കത്ത് വിരൽ വെച്ചുപോകും. പശുവിൻ്റെ കരളും ഹൃദയവുമാണ് ഈ ഇരുപത്തിനാലുകാരൻ്റെ പ്രധാന ഭക്ഷണം. കൊഴുപ്പൊഴിവാക്കി ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ കൃത്യമായി ഉറപ്പാക്കുക എന്നതാണ് ഈ ‘വിചിത്ര’ ഭക്ഷണരീതിക്ക് പിന്നിൽ. ഫിൽറ്റർ ചെയ്ത വെള്ളം മാത്രം കുടിക്കുന്ന താരം, പ്രതിദിനം ഏകദേശം 6000 കലോറി ഊർജ്ജമാണ് ശരീരത്തിലെത്തിക്കുന്നത്.
ലഭിക്കുന്ന ഈ ഊർജ്ജമെല്ലാം കളിക്കളത്തിലും ജിമ്മിലുമായി ഹാലണ്ട് അക്ഷരാർത്ഥത്തിൽ വിയർപ്പൊഴുക്കി മാറ്റിയെടുക്കുന്നു. ദിവസവും 300 പുഷ് അപ്പുകളും ആയിരം സിറ്റ് അപ്പുകളുമാണ് അദ്ദേഹത്തിൻ്റെ ഫിറ്റ്നസ് ദിനചര്യയുടെ ഭാഗം. പുലർകാലെ ഉദിച്ചുയരുന്ന സൂര്യപ്രകാശമേറ്റാണ് ഹാലണ്ട് തൻ്റെ ദിവസം ആരംഭിക്കുന്നത്. യോഗയും ഇതിനൊപ്പം പതിവാണ്. മത്സരങ്ങൾക്ക് ശേഷം ശരീരത്തിൻ്റെ ക്ഷീണമകറ്റാൻ ഐസ് ബാത്തും (Ice bath) താരം ശീലമാക്കിയിട്ടുണ്ട്.
ലോകകപ്പ് പുറത്താകലിൽ വൻ വിവാദം; നിർണായക പെനാൽറ്റി എടുക്കാൻ നാല് ജർമൻ താരങ്ങൾ വിസമ്മതിച്ചതായി റിപ്പോർട്ട്
ഇതെല്ലാമുണ്ടെങ്കിലും ഹാലണ്ടിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നുകൂടിയുണ്ട് മികച്ച ഉറക്കം! രാത്രി കൃത്യം 10:30-ന് തന്നെ അദ്ദേഹം ഉറങ്ങാനായി ബെഡിൽ കയറും. പിന്നീട് നീണ്ട 11 മണിക്കൂർ നേരത്തെ ഗാഢനിദ്രയാണ്. ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാനായി മൊബൈലിൽ നിന്നും മറ്റുമുള്ള ‘ബ്ലൂ ലൈറ്റ്’ തടയുന്ന പ്രത്യേക കണ്ണടകൾ ധരിച്ചാണ് ഹാലണ്ട് ഉറങ്ങാൻ കിടക്കാറുള്ളത്.
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഫിറ്റ്നസിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൃഷ്ടിച്ച വിപ്ലവത്തിന് സമാനമായ ഒരു തരംഗമാണ് ഹാലണ്ടും ഇപ്പോൾ കായിക ലോകത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ശരീരത്തെ പൂർണ്ണമായും കളിക്ക് മാത്രമായി പാകപ്പെടുത്തിയെടുക്കുന്ന ഈ നോർവീജിയൻ താരത്തിന്റെ മെയ്ക്കരുത്തിന് മുന്നിൽ കായികലോകം ഒന്നടങ്കം കൈയടിക്കുകയാണ്.


തീരാത്ത ലോകകപ്പ് സ്വപ്നവുമായി സുൽത്താൻ പടിയിറങ്ങുന്നു; അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ







