വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ അന്വേഷണം വരും; എന്തുകൊണ്ട് കള്ളമൊഴി നല്‍കിയെന്ന് വിശദീകരിക്കേണ്ടി വരും? ലക്ഷ്യമിടുന്നത് കള്ളമൊഴിക്ക് പിന്നിലെ ഗൂഡാലോചന കണ്ടെത്താന്‍; ആലപ്പുഴ രക്ഷാപ്രവര്‍ത്തന അട്ടിമറിക്ക് ശേഷം മറ്റൊരു അന്വേഷണത്തിന് ആഭ്യന്തര വകുപ്പ്; കണ്ണൂരിലെ ‘വധശ്രമ’ നാടകം പൊളിക്കാന്‍ പ്രത്യേക സംഘമെത്തും

അരുന്ധതി കൃഷ്ണന്‍
തിരുവനന്തപുരം: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ നാടകീയ തിരിവുകള്‍. കേസില്‍ വധശ്രമത്തിന് കള്ളമൊഴിയും വ്യാജ പരാതിയും നല്‍കിയ ഗണ്‍മാന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നടപടിക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് തീരുമാനിച്ചു. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന അട്ടിമറി ആരോപണത്തിന് പിന്നാലെ, ഭരണകൂടത്തിന്റെ ഒത്താശയോടെ വ്യാജ കേസ് കെട്ടിച്ചമച്ചെന്ന പരാതിയില്‍ പിണറായിയുടെ മുന്‍ സര്‍ക്കാരിന് തിരിച്ചടിയാകുന്ന മറ്റൊരു അന്വേഷണത്തിനാണ് പോലീസും ആഭ്യന്തര വകുപ്പും മുതിരുന്നത്.
പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വ്യാജ പരാതി നല്‍കി നിരപരാധികളെ ജയിലിലടയ്ക്കാന്‍ കൂട്ടുനിന്ന ഗണ്‍മാനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. ആരുടെ നിര്‍ദേശപ്രകാരമാണ് ഗണ്‍മാന്‍ ഇത്തരമൊരു വ്യാജ കേസിന് ആധാരമായ പരാതി തയ്യാറാക്കിയത്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ ഗൂഢാലോചന എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് പുതിയ തുടരന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിടുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
എസ്പി റാങ്കില്‍ കുറയാത്ത ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും തുടരന്വേഷണം നടക്കുക. പ്രതികളായ കെഎസ്യു പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് സര്‍ക്കാരിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കേണ്ടി വന്നത്. സംഭവത്തില്‍ കള്ളമൊഴി നല്‍കിയത് എന്തിനാണെന്നും, രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിക്കേണ്ടി വരും. ഗൂഡാലോചന തെളിഞ്ഞാല്‍ അവര്‍ക്കെതിരേയും കേസ് വരും.
ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കണ്ണൂര്‍ സന്ദര്‍ശനമാണ് വിവാദമായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന് മുന്നില്‍ വെച്ച് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകരും മുന്‍ മന്ത്രിയുടെ സുരക്ഷാ ജീവനക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. ഇതിനു പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.
എന്നാല്‍, ആയുധം ഉപയോഗിച്ച് കഴുത്തിന് മാരകമായി പരിക്കേല്‍പ്പിച്ചു എന്ന മുന്‍ മന്ത്രിയുടെ ഗണ്‍മാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ചയോളം റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കേസിന്റെ പേരില്‍ സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറുകയും പ്രതികളിലൊരാളുടെ വീടിനുനേരെ ബോംബേറുണ്ടാവുകയും ചെയ്തിരുന്നു.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം പുറത്തുവന്ന വീണാ ജോര്‍ജിന്റെ സ്വന്തം മൊഴിയാണ് വധശ്രമ കേസിന്റെ അടിത്തറയിളക്കിയത്. പ്രതിഷേധത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും മാത്രമാണ് പരിക്കേറ്റതെന്നും ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നും റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്‍ മന്ത്രി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മറ്റ് പോലീസുകാരും മൊഴി നല്‍കുകയും സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാവുകയും ചെയ്തതോടെ കോണ്‍ഗ്രസ് ആരോപിച്ച ‘മന്ത്രിയുടെ നാടകം’ ശരിവെയ്ക്കപ്പെടുകയായിരുന്നു.
വധശ്രമത്തിന് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിക്കുകയും വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ ആയുധപ്രയോഗം കാണിക്കാതിരിക്കുകയും ചെയ്തതോടെ കേസ് പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. മുന്‍ മന്ത്രി തന്നെ നേരിട്ട് ആയുധപ്രയോഗം നിഷേധിച്ചതോടെ, കെഎസ്യു പ്രവര്‍ത്തകരെ കുടുക്കാനും രാഷ്ട്രീയമായി ലാഭമുണ്ടാക്കാനും ഗണ്‍മാന്‍ കള്ളമൊഴി നല്‍കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.