മോദിയെ പ്രധാനമന്ത്രിയുടെ സിംഹാസനത്തിലെത്തിച്ച ബുദ്ധികേന്ദ്രം; ഇന്ന് ബിജെപിയെ തറപറ്റിച്ച് ബിഹാര്‍ നിയമസഭയില്‍; ഒരു സാധാരണ കുടുംബത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; കിംഗ് മേക്കര്‍ ഇനി കിംഗ്; തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ; പ്രശാന്ത് കിഷോറിന്റെ അസാധാരണ ജീവിതം!

എം റിജു
കോക്രോച്ച് ജനതാപാര്‍ട്ടിക്ക് പിന്നാലെ ഇന്ത്യയില്‍ ഇതാ ബിജെപിയെ നെഞ്ചുയര്‍ത്തി നേരിടാന്‍ കഴിയുന്ന ഒരു പാര്‍ട്ടികൂടി. ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ചരിത്രം കുറിച്ചിരിക്കയാണ്, ജന്‍ സൂരാജ് പാര്‍ട്ടി സ്ഥാപകനായ പ്രശാന്ത് കിഷോര്‍. ബി.ജെ.പി.യുടെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നില്‍ കഴിഞ്ഞ 35 വര്‍ഷമായി തുടരുന്ന ആധിപത്യത്തിനാണ് അദ്ദേഹം വിരാമമിട്ടത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ നീരജ് കുമാര്‍ സിന്‍ഹയെ 18,953 വോട്ടുകള്‍ക്കാണ് കിഷോര്‍ പരാജയപ്പെടുത്തിയത്. ആകെ വോട്ടെണ്ണലില്‍ കിഷോര്‍ 63,203 വോട്ടുകള്‍ നേടിയപ്പോള്‍ സിന്‍ഹയ്ക്ക് 44,250 വോട്ടുകളാണ് ലഭിച്ചത്. ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി രേഖാ ഗുപ്ത 14,085 വോട്ടുകളോടെ ബഹുദൂരം പിന്നിലായി മൂന്നാം സ്ഥാനത്തെത്തി.
നേരത്തെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന പേരിലായിരുന്നു പ്രശാന്ത് കിഷോര്‍ അറിയപ്പെട്ടിരുന്നത്. ഗുജറാത്തില്‍ മോദിയെയും, ബംഗാളില്‍ മമതയെയും, തമിഴ്നാട്ടില്‍ സ്റ്റാലിനെയും വാഴിച്ചതിന് പിന്നിലെ കരുത്ത് ഒരുകാലത്ത് അദ്ദേഹമായിരുന്നു.  എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നേരിട്ട് ഗോദയിലേക്ക് ഇറങ്ങുകയാണ്. ഇത് ബിജെപിക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബിഹാറിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, യുണൈറ്റഡ് നേഷന്‍സിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹത്തിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനകരമാണ്.
പിന്നണിയിലെ തന്ത്രഞ്ജന്‍
ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രശാന്ത് കിഷോര്‍ ഉണ്ടാക്കുന്ന അത്രയും ചലനം മറ്റാരും ഉണ്ടാക്കാന്‍ ഇടയില്ല. രാജ്യം കണ്ട ഏറ്റവും തന്ത്രശാലിയായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന സ്ഥാനമാണ് ഈ ബിഹാറുകാരന്. അല്ലെങ്കില്‍ രാഷ്ട്രീയ സിംഹങ്ങളെ നിയന്ത്രിക്കുന്ന ചാണക്യന്‍ എന്നും പറയാം.
1977-ല്‍ ബീഹാറിലെ റോഹ്താസ് ജില്ലയിലാണ് പ്രശാന്ത് കിഷോര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സര്‍ക്കാര്‍ ഡോക്ടറായിരുന്നു. ബീഹാറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം, പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും യുണൈറ്റഡ് നേഷന്‍സില്‍ ഹെല്‍ത്ത് കണ്‍സള്‍ട്ടന്റായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ എട്ട് വര്‍ഷത്തോളം യുഎന്നിന് വേണ്ടി അദ്ദേഹം സേവനമനുഷ്ഠിച്ചു. പിന്നീട് മാതൃരാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് 2011-ല്‍ അദ്ദേഹം യുഎന്നിലെ ജോലി രാജിവെച്ച് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി ചേര്‍ന്നായിരുന്നു പ്രശാന്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 2012-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ പ്രചാരണ തന്ത്രങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കി.എന്നാല്‍ 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പ്രശാന്ത് കിഷോര്‍ എന്ന പേര് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നത്. ‘സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ്’ (സിഎജി) എന്ന സംഘടന രൂപീകരിച്ച് അദ്ദേഹം മോദിക്ക് വേണ്ടി നടത്തിയ ‘ചായ് പേ ചര്‍ച്ച’, ‘3ഡി ഹോളോഗ്രാം റാലികള്‍’ തുടങ്ങിയ പ്രചാരണ രീതികള്‍ വന്‍ വിജയമായി മാറി. നരേന്ദ്ര മോദിയെ ഒരു ജനകീയ നായകനായി ഉയര്‍ത്തിക്കാട്ടുന്നതില്‍ ഈ തന്ത്രങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു.
2014-ന് ശേഷം ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്ക്) എന്ന രാഷ്ട്രീയ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന് അദ്ദേഹം രൂപം നല്‍കി. പിന്നീട് വിവിധ പാര്‍ട്ടികള്‍ക്ക് വേണ്ടി അദ്ദേഹം തന്ത്രങ്ങള്‍ മെനഞ്ഞു. 2015-ല്‍ നിതീഷ് കുമാറിന്റെയും ലാലു പ്രസാദ് യാദവിന്റെയും ‘മഹാസഖ്യ’ത്തെ വിജയത്തിലെത്തിച്ചു.2017-ല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ പഞ്ചാബില്‍ അധികാരത്തിലേറ്റാന്‍ സഹായിച്ചു.ആന്ധ്രാപ്രദേശില്‍ 2019-ല്‍, വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ചു.2020-ല്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞു.
‘അദ്ദേഹം ഒരു സൂപ്പര്‍ ഇന്റലിജന്റാണ്’- പ്രശാന്ത് കിഷോറിനെപ്പറ്റി ആംആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. അതെ, അതുകൊണ്ട് തന്നെയാണ് അയാളുടെ ഓരോ രാഷ്ട്രീയ കൂടിക്കാഴ്ച്ചകളും രാജ്യത്ത് ഇത്രയും ശ്രദ്ധിക്കപ്പെടുന്നതും. രാഷ്ട്രീയക്കാരെക്കാള്‍ രാഷ്ട്രീയ തന്ത്രജ്ഞര്‍ക്കാണ് മൂല്യമെന്ന് തെളിയിച്ച വര്‍ഷങ്ങളാണ് രാജ്യത്ത് കടന്നുപോയത്. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ശുമര) എന്ന വിപ്ലവകരമായ കണ്ടുപിടിത്തം ഒരെണ്ണം മതി പ്രശാന്ത് കിഷോര്‍ എന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍.പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നേടിയ വന്‍ വിജയങ്ങള്‍ക്ക് ശേഷം, താന്‍ ഇനി രാഷ്ട്രീയ തന്ത്രജ്ഞനായി തുടരില്ലെന്നും ആ മേഖലയില്‍ നിന്ന് പൂര്‍ണ്ണമായി വിരമിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു. ജനങ്ങളിലേക്ക് നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
പുതിയ പാര്‍ട്ടിയുമായി മുന്നോട്ട്
ബിഹാറിലെ രാഷ്ട്രീയ വ്യവസ്ഥിതി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘ജന്‍ സുരാജ്’ (ജനങ്ങളുടെ നല്ല ഭരണം) എന്ന പേരില്‍ ഒരു ജനകീയ കാമ്പെയ്ന്‍ അദ്ദേഹം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബിഹാറിലെ ഗ്രാമങ്ങളിലൂടെ 3,000 കിലോമീറ്ററിലധികം നീണ്ട പദയാത്ര നടത്തി അദ്ദേഹം ജനങ്ങളുമായി നേരിട്ട് സംവദിച്ചു. വിദ്യാഭ്യാസം, തൊഴില്‍, വികസനം തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. 2024 ഒക്ടോബര്‍ 2-ന് (ഗാന്ധി ജയന്തി ദിനത്തില്‍) പട്നയില്‍ വെച്ച് ‘ജന്‍ സുരാജ്’ പ്രസ്ഥാനത്തെ അദ്ദേഹം ജന്‍ സൂരജ് പാര്‍ട്ടി എന്ന പേരില്‍ ഒരു പൂര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചു. പരമ്പരാഗത ജാതി രാഷ്ട്രീയത്തിന് പകരമായി വികസന രാഷ്ട്രീയമാണ് പാര്‍ട്ടി മുന്നോട്ട് വെച്ചത്. 2025ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജന്‍ സൂരജ് പാര്‍ട്ടി 238 സീറ്റുകളില്‍ മത്സരിച്ചെങ്കിലും കന്നി അങ്കത്തില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പരാജയം പ്രശാന്ത് കിഷോറിനെ തന്റെ തന്ത്രങ്ങള്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്നാണ് ബങ്കിപ്പുര്‍ മണ്ഡലത്തിലെ എം.എല്‍.എയായിരുന്ന നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടുത്. ഈ അവസരത്തില്‍ പ്രശാന്ത് കിഷോര്‍ തന്നെ നേരിട്ട് മത്സരരംഗത്തിറങ്ങാന്‍ തീരുമാനിച്ചു. യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പിന്തുണയോടെ ബി.ജെ.പിയുടെ കോട്ട തകര്‍ത്തുകൊണ്ട് അദ്ദേഹം ഉജ്ജ്വല വിജയം നേടുകയും, അങ്ങനെ അണിയറയിലെ തന്ത്രജ്ഞനില്‍ നിന്ന് നിയമസഭയിലെ ജനപ്രതിനിധിയായി മാറുകയാണ്. പ്രതിപക്ഷം ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍, ജന്‍ സൂരജ് പാര്‍ട്ടി, ബിജെപിക്കെതിരായ കാമ്പയിനില്‍ പുതിയ  ഒരു പ്രതീക്ഷയാവുമെന്നാണ് കരുതുന്നത്.
മൂന്ന് പതിറ്റാണ്ടോളമായി ബി.ജെ.പിയുടെ ശക്തമായ കോട്ടയായിരുന്ന ബങ്കിപ്പുര്‍ മണ്ഡലത്തില്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥി നീരജ് കുമാര്‍ സിന്‍ഹയെ തറപറ്റിച്ചാണ് പ്രശാന്ത് കിഷോര്‍ തന്റെ കന്നി തിരഞ്ഞെടുപ്പ് വിജയം കുറിച്ചത്. ബി.ജെ.പി.യും ആര്‍.ജെ.ഡി.യും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പേ തന്നെ കിഷോര്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു. പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം സ്ഥാപിച്ചും ബൂത്ത് തല സംഘടന പടുത്തുയര്‍ത്തിയുമാണ് കിഷോര്‍ മുന്നേറിയത്. വെറും നാല് പോളിങ് ബൂത്തുകള്‍ക്ക് ഒരു പ്രത്യേക മാനേജര്‍ എന്ന നിലയില്‍ മൈക്രോ മാനേജ്‌മെന്റ് രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കൂടാതെ ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ ഭരത് ഭൂഷണ്‍ തിവാരിയെന്ന യുവാവ് ജൂണ്‍ 17 ന് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവം കിഷോര്‍ പ്രചാരണ വിഷയമാക്കി മാറ്റുകയും ഈ തിരഞ്ഞെടുപ്പിനെ സാമ്രാട്ട് ചൗധരി സര്‍ക്കാരിന്മേലുള്ള ജനഹിത പരിശോധനയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കന്നി വോട്ടര്‍മാര്‍ക്കും ജെന്‍ സി വോട്ടര്‍മാര്‍ക്കും പ്രാധാന്യം നല്‍കി തൊഴില്‍, വിദ്യാഭ്യാസം, ഭരണം എന്നിവയിലൂന്നിയായിരുന്നു പ്രചാരണം.
കന്നി വോട്ടര്‍മാര്‍ക്കും ജെന്‍ സി വോട്ടര്‍മാര്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട് തൊഴില്‍, വിദ്യാഭ്യാസം, ഭരണം എന്നിവയിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.  വിജയത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കിഷോര്‍, ബങ്കിപ്പൂരിലെ ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി. ‘ഈ വിജയത്തിന് ശേഷം ഞങ്ങളുടെ ആദ്യത്തെ മുന്‍ഗണന ബങ്കിപ്പൂരിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെയും വിശ്വാസത്തെയും ആദരിക്കുക എന്നതാണ്. ബങ്കിപ്പൂരിന്റെ വികസനത്തിനായി സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും. അടുത്ത രണ്ട് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ആ മാറ്റങ്ങള്‍ നിങ്ങള്‍ കണ്ടുതുടങ്ങും,’ അദ്ദേഹം പറഞ്ഞു.
താന്‍ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് കൊണ്ട് മാത്രം ബങ്കിപ്പൂര്‍ ഒറ്റരാത്രികൊണ്ട് ബെംഗളൂരുവായി മാറില്ല എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എങ്കിലും, വരും മാസങ്ങളില്‍ തന്നെ വ്യക്തമായ പുരോഗതിയും മാറ്റങ്ങളും കണ്ടുതുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ജനവിധി ബി.ജെ.പി നേതൃത്വത്തിന് വ്യക്തമായ ഒരു രാഷ്ട്രീയ സന്ദേശമാണ് നല്‍കിയതെന്നും കിഷോര്‍ അവകാശപ്പെട്ടു. ‘ബങ്കിപ്പൂരിലെ ജനങ്ങള്‍ ബി.ജെ.പി നേതൃത്വത്തിന് വ്യക്തമായ ഒരു സന്ദേശം നല്‍കിയിട്ടുണ്ട്. ദയവായി നല്ലൊരു വ്യക്തിയെ ബിഹാറിന്റെ മുഖ്യമന്ത്രിയായി നിയമിക്കൂ.’- പ്രശാന്ത് കിഷോര്‍ പറയുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് പ്രശാന്ത് കിഷോറിനുള്ളത്. അതുകൊണ്ടുതന്നെ നാളെ അദ്ദേഹത്തിന്റെ പാര്‍ട്ടി പടര്‍ന്ന് പന്തലിച്ച് ഇന്ത്യ ഭരിക്കില്ല എന്ന് ആരുകണ്ടു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.