എം റിജു
സൂര്യ രാഷ്ട്രീയത്തിലേക്ക് എത്തുമോ? ആരാധക സംഘടനാ നേതാവിന്റെ പ്രസംഗം വലിയ ചർച്ചകൾക്ക് തുടക്കമിടുന്നു
ന്യൂജന്‍ ലോഹിതദാസെന്ന് ഒരു വേള വിളിക്കപ്പെട്ട എഴുത്തുകാരനാണ്, കേരളത്തിലെ റിയലിസ്റ്റിക്ക് പൊലീസ് കഥകള്‍ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിനായ ഷാഹി കബീര്‍. ( പലയിടത്തും ഇദ്ദേഹത്തിന്റെ പേര് ഷാഫി കബീര്‍ എന്ന് തെറ്റായി അടിച്ചുവരാറുണ്ട്. ഷാഫിയല്ല, ഷാഹിയാണ്) കേരള പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജോലി രാജിവെച്ച് സിനിമയിലെത്തിയ അദ്ദേഹത്തിന്റെ ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, റോന്ത്, ഇലവീഴാപുഞ്ചിറ തുടങ്ങിയ സിനിമകള്‍, നമ്മള് സ്ഥിരം കണ്ട പൊലീസ് കഥകളായിരുന്നില്ല. സിസ്റ്റത്തിന്റെ ഭീകരതയും, അതില്‍ ഇരകളാവുന്ന പൊലീസുകാരെയുമെല്ലാം, വളരെ കൃത്യമായി വരച്ചുകാണിക്കാന്‍ ഷാഹി കബീറിനായി. അതേ ഷാഹി വീണ്ടുമൊരു പൊലീസ് കഥയുമായി, എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. ഉന്മാദം എന്ന സിനിമയുടെ ട്രെയിലറും, കുഞ്ചോക്കോ ബോബന്റെ ഗെറ്റപ്പും പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. പക്ഷേ ഒറ്റവാക്കില്‍ പറഞ്ഞാല്‍ മലപോലെ വന്നത് എലിപോലെയായി എന്ന അവസ്ഥയാണ് ചിത്രം കണ്ടുതീരുമ്പോള്‍ ഉണ്ടാവുക.

‘എന്ന വിലൈ’ കേരളത്തിലെത്തിത്തുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിലൂടെ, നായിക നിമിഷ സജയൻ
ഗംഭീരമായി എടുത്ത ഫസ്റ്റ് ഹാഫാണ് ചിത്രത്തിന്റെത്. ആദ്യപകുതിയിലെ ബില്‍ഡപ്പ് കണ്ടപ്പോള്‍, ഷാഹിയുടെ തിരക്കഥയില്‍ കിരണ്‍ ദാസ് സംവിധാനം ചെയ്ത ഈ ചിത്രം കത്തിക്കയറുമെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ രണ്ടാം പകുതിയില്‍ എല്ലാം നശിപ്പിച്ചു. ക്ലൈമാക്സില്‍ ശരിക്കും കുടമുടച്ചു. ഒരു നല്ല പ്ളോട്ട് എങ്ങനെ വികസിപ്പിക്കണമെന്ന് നമ്മുടെ സിനിമക്കാര്‍ക്ക് ഇനിയും അറിയില്ല എന്ന് ചുരുക്കം. നല്ല ഒരു പ്രമേയത്തെ എങ്ങോട്ടൊക്കെയോ കാടുകയറ്റി കുളമാക്കിയ ഒരു ചിത്രം എന്ന പേരിലായിരിക്കും ഉന്മാദം അറിയപ്പെടുക. എന്നാല്‍, ഒരിക്കലും കാണേണ്ടാത്ത, ‘അവരാതം’ സിനിമയല്ല ഇത്. ഒറ്റത്തവണ കാണാനും ആസ്വദിക്കാനുമുള്ള എല്ലാവകുപ്പും ചിത്രത്തിലുണ്ട്.
സൈക്കോ-ഹൊറര്‍ ത്രില്ലര്‍ മോഡില്‍
പൊലീസിലെ മാസും മസാലയും എടുത്തുകളഞ്ഞ്, പച്ചയായി കഥപറയുകയാണ്, ഷാഹി ഇവിടെയും. പക്ഷേ ഇത്തവണ സൂപ്പര്‍ നാച്ചുറല്‍ എലമെന്റുകളും, സൈക്കോളജിക്കല്‍ ഘടകങ്ങളും ഒപ്പമുണ്ടെന്നുള്ള പ്രത്യേകതയുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയായാണ് ഉന്മാദത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ മോഹിയായ പൊലീസുകാരനാണ് കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന ഷെല്ലി. മെഡിക്കല്‍ ലീവുകള്‍ എടുത്ത് തിരക്കഥയെഴുതുകയാണ് കഥയുടെ തുടക്കത്തില്‍ അയാള്‍. ലിജോ മോള് അവതരിപ്പിക്കുന്ന സൗമ്യയെന്ന ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. ഒരു സാഹചര്യത്തില്‍ പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ച് കോങ്ങാട് പൊലീസ് സ്റ്റേഷനില്‍ ഷെല്ലി എത്തുന്നതോടെയാണ് കഥവികസിക്കുന്നത്.
ആ സ്റ്റേഷനു കീഴില്‍ ഉണ്ടായ ഒരു കേസുമായി ബന്ധപ്പെട്ട് അവിടത്തെ പൊലീസുകാര്‍ക്കിടയില്‍ ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. സ്റ്റേഷനില്‍ ഒരാളും തൊടാന്‍ ധൈര്യപ്പെടാത്ത ഒരു കേസ് ഫയല്‍. അറിയാതെപോലും അതില്‍ തൊട്ടാല്‍ സമാനമായ കേസുകള്‍ സ്റ്റേഷന് പരിധിയില്‍ ഉണ്ടാവുകയോ പൊലീസുകാര്‍ക്ക് സസ്പെന്ഷന് ലഭിക്കുകയോ കുറഞ്ഞത് യൂണിഫോമില്‍ രക്തം പുരളുകയോ എങ്കിലും ചെയ്യുമെന്നാണ് അവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. അന്ധവിശ്വാസമെന്ന് കരുതിയ ഉദ്യോഗസ്ഥര്‍ക്ക് പോലും ആ ഫയലിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളില്‍ വിശ്വസിക്കേണ്ടിവരുന്നുവെന്ന് കഥകളിലൂടെ ഷല്ലി അറിയുകയാണ്. അതിനെ മുഖവിലയ്ക്കെടുക്കുന്നില്ലെങ്കിലും ഈ സംഭവത്തില്‍ തന്റെ സിനിമയ്ക്ക് അനിയോജ്യമായ ഒരു തിരക്കഥയുണ്ടെന്ന് തിരിച്ചറിയുകയാണ് അയാള്‍.
സിനിമ അതിന്റെ താളത്തില്‍ പതിയെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ചുരുളഴിയുന്നത്.

ആദ്യപകുതിയില്‍ അത്രയും മെയില്‍ പ്ലോട്ടിലേക്കുള്ള ബില്‍ഡപ്പുകളാണ്. അതില്‍ ഡയറക്ടര്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. ഒന്നാം പകുതിയങ്ങോട്ട് കത്തിക്കയറുകയാണ്. പക്ഷേ രണ്ടാംപകുതിയില്‍ അതിന് അനുസരിച്ച് കഥാപരിസരം ഉയരുന്നില്ല. ഒരു കുറ്റാന്വേഷണ പൊലീസ് കഥയില്‍ ഒതുക്കാതെ ഷെല്ലിയുടെയും സൗമ്യയുടെയും ഭാര്യാഭര്‍തൃ ബന്ധം മുതല്‍ എല്ലാത്തിനും അടിത്തറ പാകി ഷെല്ലിയുടെ ഉന്മാദാവസ്ഥയെ ചുരുളഴിച്ചെടുക്കുകയാണ് ഇവിടെ. വിശ്വാസവും അന്ധവിശ്വാസവും മനുഷ്യമാനസികാവസ്ഥയും സംഘര്‍ഷങ്ങളുമൊക്കെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതുകൊണ്ട് ആകെ
കുഴഞ്ഞുമറിഞ്ഞുപോവുന്നു. പലയിടത്തും ലോജിക്ക് നഷ്ടമാവുന്നു. കഥ എങ്ങനെ അവസാനിപ്പിക്കണം എന്ന് അറിയാതെ കഷ്ടപ്പെടുന്ന തിരക്കഥാകൃത്തിനെയാണ് പിന്നീട് നമുക്ക് കാണാന്‍ കഴിയുക.
സിനിമയുടെ മധ്യഭാഗത്ത് വരുന്ന ഫ്ളാഷ്ബാക്ക് രംഗങ്ങള്‍ വളരെ പ്രവചനീയവും
ക്ലീഷേ നിറഞ്ഞതുമാണ്. കീര്‍ത്തന എന്ന കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്ന പ്രധാന കൊലപാതക രഹസ്യം വിശ്വസനീയമല്ലാത്ത രീതിയില്‍, വളരെ പെട്ടെന്ന് പറഞ്ഞുതീര്ക്കയാണ്. കൊലപാതകത്തിന്റെ മോട്ടീവ് വളരെ ദുര്‍ബലമാണ്. ഇതോടെ സിനിമയും കൈയില്‍നിന്ന് പോവുകയാണ്.
വീണ്ടും ഞെട്ടിച്ച് ചാക്കോച്ചന്
ഈ ചിത്രത്തിന്റെ ഏറ്റവും പോസറ്റീവായ വശം താരങ്ങളുടെ പ്രകടനമാണ്. കുഞ്ചാക്കോബോബന്റെ കരിയര്‍ ബെസ്റ്റ് എന്ന് വിളിക്കാവുന്ന കഥാപാത്രമാണിത്.
തിരക്കഥാകൃത്താകാന്‍ ആഗ്രഹിക്കുകയും ഒപ്പം കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയും സ്കീസോഫ്രീനിയ പോലുള്ള അവസ്ഥയിലൂടെയും കടന്നുപോകുകയും ചെയ്യുന്ന ‘ഷെല്ലി’ ഈ നടനില്‍ ഭദ്രമാണ്. യാഥാര്‍ത്ഥ്യത്തിനും ഭ്രമങ്ങള്‍ക്കും ഇടയില്‍ ജീവിക്കുന്ന ഒരു വ്യക്തിയുടെ മാനസിക വിചാരങ്ങള്‍ അദ്ദേഹം അങ്ങേയറ്റം റിയലിസ്റ്റിക്കായി സ്ക്രീനില്‍ എത്തിച്ചു. നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ഷാഹി കബീര്‍ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബന് പൊലീസ് വേഷങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും, ഉന്മാദത്തിലെ ഷെല്ലി അവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണ്. ഷേവിങ് അലര്‍ജിയുടെ ഭാഗമായി താടിവെച്ച ഗെറ്റപ്പുപോലും വ്യത്യസ്തമാണ്. കഥാപാത്രത്തിന്റെ ഉള്ളിലെ സംഘര്‍ഷങ്ങളും ഭയവും, നിരാശയും പ്രകടിപ്പിക്കാന്‍ വലിയ ആംഗ്യങ്ങളോ ബഹളങ്ങളോ ഇല്ലാതെ കണ്ണുകളിലൂടെയും ശരീരഭാഷയിലൂടെയും കുഞ്ചക്കോ ബോബന് കാണിക്കുന്നത് കാണണം.

ഷെല്ലിയുടെ ഭാര്യയായ സൗമ്യയായി അഭിനയിച്ച ലിജോമോള്‍ ജോസുമായുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രി ചിത്രത്തിന്റെ പോസിറ്റീവ് വശമാണ്. ഉത്തരവാദിത്തമില്ലാത്ത ഭര്‍ത്താവിനോട് ദേഷ്യപ്പെടുമ്പോഴും, അയാളുടെ മാനസികാവസ്ഥ കണ്ട് തകരുന്ന ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വൈകാരിക രംഗങ്ങള്‍ ഇരുവരുടെയും ഗംഭീര പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ലിജോമോളെ സ്ഥിരം ഡിപ്രഷന് സ്റ്റാര്‍ എന്നൊക്കൊ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ എന്തുചെയ്യാം ആ കഥാപാത്രം അങ്ങനെയാണ്. അത് നടിയുടെ കുഴപ്പമല്ല.
സുധീഷ്, വിശാഖ് നായര്‍, സാബു മോന്, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്, സിദ്ദിഖ്, റെയ്ന രാധാകൃഷ്ണന്, സിജോയ് വര്‍ഗീസ്, വിഘ്നേശ്വര്‍ സുരേഷ് തുടങ്ങി മറ്റ് അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. അര്ജുന് സേതുവിന്റെ വിഷ്വലുകളും മുജീബ് മജീദിന്റെ സംഗീതവും കഥാപരിസരത്തിനും കഥാപാത്രങ്ങള്‍ക്കും ആഴം നല്‍കുന്നതാണ്. പക്ഷേ ഈ പടത്തില്‍ മറ്റൊരു മുഴുനീള കഥാപാത്രം കൂടിയുണ്ട്. അതാണ് പല്ലി.ഇവിടെ പല്ലിയെ കൊണ്ട് സംവിധായകനും, തിരക്കഥാകൃത്തും ഒരു കളി കളിക്കുന്നുണ്ട്. അതൊക്കെ നിങ്ങള്‍ കണ്ടറിയുക.

വാല്‍ക്കഷ്ണം: ഷാഹി കബീറിന്റെ ‘ജോസഫ്’ എന്ന സിനിമ, കേരളത്തിലെ അവയവദാനം സമ്പ്രദായത്തെ മാഫിയയാക്കി മാറ്റുകയും, അതുവഴി ഓര്‍ഗന്‍ ഡൊണേഷന്‍ വലിയ തിരിച്ചടിയുണ്ടാക്കിയതുമായ ഒരു സിനിമയിരുന്നു. ശാസ്ത്രീയമായ വീക്ഷണത്തില്‍ നോക്കുമ്പോള്‍ പൂര്‍ണ്ണമായും അസംബന്ധമായ ഒരുപടം. ഉന്മാദത്തിലും ചില ബോധപൂര്‍വമായ അന്ധവിശ്വാസ പ്രൊപ്പഗന്‍ഡകള്‍ കുത്തിത്തിരുകുന്നതുപോലെ തോന്നി. ‘ആത്മാവിനെ വിളിച്ചുവരുത്തി കേസ് തെളിയിച്ചത്’ അടക്കമുള്ള ഡോ. അലക്സാണ്ടര്‍ ജേക്കബിന്റെ തള്ളുകളും, മരിച്ചുപോയ സ്വന്തം ഭാര്യയുമായി നേരിട്ട് സംസാരിച്ചുവെന്ന മൂന് ചീഫ് ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുടെ അവകാശവാദമുമൊക്കെ ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം കോടതിയില്‍ പറയുന്നുണ്ട്!









