രാമക്ഷേത്ര നിർമ്മാണത്തിൽ അഴിമതി; പ്രധാനമന്ത്രിയുടെ ഓഫീസിനും ആർഎസ്എസിനും നേരെ വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ കൊടുത്ത സംഭാവനകളിൽ നടന്ന ക്രമക്കേടുകളിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഭാവന മോഷണം പോയതിനുപിന്നിൽ ക്ഷേത്ര ജീവനക്കാർ മാത്രമല്ലെന്നും ഇവർക്ക് പിന്നിൽ ‘വൻ സ്രാവുകളു’ണ്ടെന്നും പ്രിയങ്ക ആരോപിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു

സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ശ്രീരാമന്റെയും അദ്ദേഹത്തിന്റെ കോടിക്കണക്കിന് ഭക്തരുടെയും വിശ്വാസത്തെ വഞ്ചിക്കുന്ന തട്ടിപ്പ് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി തന്റെ സോഷ്യൽ മീഡിയാ കുറിപ്പിൽ വ്യക്തമാക്കി. ഭക്തരുടെ വൈകാരികവും മതപരവുമായ വിശ്വാസങ്ങളെ ചോദ്യംചെയ്യുന്ന മോഷണമാണ് നടന്നിരിക്കുന്നത്. പണംനൽകിയ ഭക്തരോടുള്ള ഉത്തരവാദിത്വം ട്രസ്റ്റ് നിറവേറ്റണമെന്നും അവർ ആവശ്യപ്പെട്ടു.

വിഷയത്തിൽ ബിജെപിയും ആർഎസ്എസും ഉത്തരം പറയണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു. രാമക്ഷേത്ര പ്രോജക്റ്റ് അതിന്റെ തുടക്കംമുതൽ ആർഎസ്എസിന്റെ മേൽനോട്ടത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായിരുന്നുവെന്നും ഖേര പറഞ്ഞു. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള നൃപേന്ദ്ര മിശ്ര, മുൻ ആർഎസ്എസ് പ്രചാരകനായ ചമ്പത് റായ് തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ട്രസ്റ്റ് രൂപീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിനുള്ളിലെ ഉദ്യോഗസ്ഥനായ മഹിപാൽ സിങ് മുൻപ് മോഷണവിവരം റിപ്പോർട്ട് ചെയ്തിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്. അഴിമതിക്കാർ തങ്ങളുടെ കുറ്റങ്ങൾ മറയ്ക്കാനുള്ള കവചമായി വിശ്വാസത്തെ ഉപയോഗിക്കുകയാണ്. ഈ അഴിമതിപ്പണം ഡൽഹിയിലേക്കും നാഗ്പൂരിലേക്കും എത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു.

അഴിമതി ആരോപണങ്ങളെത്തുടർന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശപ്രകാരം എഫ്‌ഐആർ രജിസ്റ്റർചെയ്ത് നടത്തിയ അന്വേഷണത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട് .

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.