ചെന്നൈ: തമിഴ്നാടിന് പുതിയ തുടക്കത്തിന്റെ നിമിഷം എന്നാണ് രണ്ട് വർഷം മുൻപ് സ്വന്തം രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രഖ്യാപിക്കുമ്പോൾ വിജയ് പറഞ്ഞിരുന്നത് . പക്ഷെ, ഭരണത്തിലോ രാഷ്ട്രീയത്തിലോ യാതൊരു പരിചയവുമില്ലാത്ത, ‘നടൻ’ മാത്രമായ വിജയിയേക്കൊണ്ട് ഒന്നും സാധിക്കില്ലെന്ന് അന്ന് എതിരാളികൾ തിരിച്ചടിച്ചു. എന്നാൽ, ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് പറഞ്ഞതും പറയാത്തത്തുമായ വികസനക്ഷേമ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് മുഖ്യമന്ത്രി ജോസഫ് വിജയ്.
തമിഴ്നാടിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായി ദ്രാവിഡ പാർട്ടികളെ പുറത്തുനിർത്തിക്കൊണ്ട് വിജയ് അധികാരത്തിലേറിയിട്ട് രണ്ട് മാസം പൂർത്തിയാവുന്നതേയുള്ളൂ. സൗജന്യ വൈദ്യുതിയും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളും സ്ത്രീകൾക്കായുള്ള പ്രത്യേക സേനയും അടക്കം നിരവധി ക്ഷേമപ്രവർത്തനങ്ങൾ മുന്നോട്ടുവെച്ച് കൈയ്യടി നേടാനാണ് വിജയുടെ ഇപ്പോഴത്തെ ശ്രമം.
ക്രിമിനലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് പോലീസ് മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും മുഖ്യമന്ത്രി വിജയ് നൽകിയിരിക്കുന്ന നിർദേശം. രാഷ്ട്രീയ ഇടപെടലുകൾ പൂർണമായും ഒഴിവാക്കണമെന്നും കൊടും ക്രിമിനലുകളാണെങ്കിലും പോലും വാചാരണയോ നീതിയോ വൈകരുതെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
പ്രതിസന്ധികൾ വെട്ടിമാറ്റി വിജയിന്റെ ‘ജനനായകൻ’ വരുന്നു; ജൂലൈ അവസാനത്തോടെ തിയേറ്ററുകളിലേക്ക്
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരവധി വാഗ്ദാനങ്ങൾ വിജയ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈദ്യുതി സൗജന്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരുന്നു. 200 യൂണിറ്റ് വരെ വൈദ്യുതിയാണ് സൗജന്യമാക്കിയത്. തമിഴ്നാട്ടിലെ 2.4 കോടി കണക്ഷനുകൾക്ക് ഇത് ഉപകരിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ‘സിങ്കപ്പെൺ’ എന്ന പേരിൽ ഒരു പ്രത്യേക ടാസ്ക് ഫോഴ്സ് കൊണ്ടുവന്നു.
കൂടാതെ മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്താൻ ‘ആന്റി ഡ്രഗ് ടാസ്ക് ഫോഴ്സും’ നിലവിൽ വന്നു. അധികാരമേറ്റ് 48 മണിക്കൂറിനുള്ളിൽ വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും 500 മീറ്റർ പരിധിയിലുള്ള 717 ടാസ്മാക് മദ്യവിൽപ്പനശാലകൾ പൂട്ടാൻ അദ്ദേഹം ഉത്തരവിട്ടതും പ്രശംസ നേടി.


”തുരങ്കപാത നിർമ്മാണവും വരാനിരിക്കുന്ന ആപത്തും: വയനാട് ഇനിയെങ്കിലും സുരക്ഷിതമോ? – ചെറിയാൻ ഫിലിപ്പ് ചോദിക്കുന്നു.”







