കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായി ഇടപെടുന്ന ചെറിയാൻ ഫിലിപ്പ്, പശ്ചിമഘട്ടത്തിലെ നിലവിലെ പാരിസ്ഥിതിക സാഹചര്യങ്ങളിൽ അതീവ ആശങ്ക രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ പശ്ചിമഘട്ട മേഖലകളിൽ അടിക്കടിയുണ്ടാകുന്ന അതിതീവ്ര മഴയും അതുമൂലമുള്ള ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും അതീവ ഗൗരവത്തോടെ കാണേണ്ട സമയമാണിത്. സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള 131 പരിസ്ഥിതിലോല മേഖലകളിൽ നടക്കുന്ന അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ വ്യവസ്ഥകളുള്ള നിയമനിർമ്മാണത്തിന് സർക്കാർ അടിയന്തരമായി തയ്യാറാകേണ്ടതുണ്ട്. ചൂരൽമലയിൽ നാം കണ്ടതുപോലെയുള്ള ദാരുണമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതലോടെയുള്ള മുന്നൊരുക്കങ്ങളാണ് ആവശ്യം. അശാസ്ത്രീയമായ പ്രവർത്തനങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നതിലേക്ക് നയിക്കുമെന്നതിന്റെ മുന്നറിയിപ്പാണ് ഇത്തരം ദുരന്തങ്ങൾ നൽകുന്നത്.
വയനാട്ടിലെ തുരങ്കപാത നിർമ്മാണത്തെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെക്കുന്നു. മതിയായ ഭൗമശാസ്ത്ര പഠനങ്ങൾ നടത്താതെ ഇത്തരം വലിയ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കും. പാറക്കെട്ടുകളും മൃദുവായ മണ്ണും ഇടകലർന്ന പ്രദേശങ്ങളിൽ തുരങ്കപാത നിർമ്മാണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാകുന്നു . കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയായി മാത്രമേ ഇതിനെ കാണാനാകൂ എന്നും അതിനാൽ, അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെയും മികച്ച സാങ്കേതിക വിദഗ്ധരുടെ കർശനമായ മേൽനോട്ടത്തിൽ മാത്രമേ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ എന്നും ഉറപ്പുവരുത്തണം.
പരിസ്ഥിതിലോല മേഖലകളിൽ ഖനനം, മണ്ണെടുപ്പ്, മരംമുറി, ക്വാറി പ്രവർത്തനം എന്നിവ പൂർണ്ണമായും നിരോധിക്കണമെന്നും ഇതോടൊപ്പം തന്നെ പ്രായോഗികമായ സമീപനം സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമ്പോൾ സാധാരണ ജനങ്ങളുടെ ജീവിതത്തെ അത് ബാധിക്കാത്ത തരത്തിലാകണം തീരുമാനങ്ങൾ. പ്രദേശവാസികളുടെ പാർപ്പിടം, തൊഴിൽ, കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു സമഗ്ര നയമാണ് സർക്കാർ ആവിഷ്കരിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ആവശ്യവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന മാതൃകയായിരിക്കണം ഇത് എന്നും അദ്ദേഹം പറയുന്നു .


ഡമാസ്കസിനെ നടുക്കി സ്ഫോടനം; മാക്രോൺ താമസിച്ച ഹോട്ടലിന് സമീപം ബോംബാക്രമണം; സന്ദർശനവുമായി മുന്നോട്ടെന്ന് ഫ്രഞ്ച് ഭരണകൂടം
ആ ഒരു ക്യാപ്പ് വെറുതെയല്ല!അല്ലു അർജുൻ – ബേസിൽ പ്രൊജക്റ്റിലെ വമ്പൻ സർപ്രൈസ്







