ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ജനനായകൻ’ ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് വ്യാജപ്പതിപ്പുകൾ കണ്ടത് 1.2 കോടി ആളുകളെന്ന് പോലീസ്. കേസിലെ 21 പ്രതികളിൽ രണ്ടുപേർ നൽകിയ ജാമ്യാപേക്ഷയിൽ വാദംകേൾക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയെ പോലീസ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ രണ്ടു പ്രതികളുടെയും ജാമ്യപേക്ഷ ജസ്റ്റിസ് സി. കുമരപ്പന്റെ ബെഞ്ച് തള്ളി. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച് സിനിമ ഔദ്യോഗികമായി തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനു മുൻപാണ് ജനനായകൻ ചോർന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയുമധികം ആളുകൾക്ക് സിനിമയുടെ വ്യാജപ്പതിപ്പു കാണാനുള്ള വഴിയാണ് ഒരുക്കിക്കൊടുത്തതെന്നും ഇത് അനീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമാ ചോർച്ചയിലെ നാലാം പ്രതി എസ്. രജനിയും പതിനൊന്നാം പ്രതി ജയപ്രകാശുമാണ് ജാമ്യാപേക്ഷ നൽകിയത്.
നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വാദംകേട്ടപ്പോൾ സിനിമയുടെ അനധികൃത പ്രദർശനം പാടില്ലെന്ന് രാജ്യത്തെ എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളോടും കോടതി ഉത്തരവിട്ടു.
കുഞ്ഞ് വേണ്ട എന്ന തീരുമാനത്തിന് കാരണം തുറന്ന് പറഞ്ഞ് പാര്വതി തിരുവോത്ത്
അതിനിടെ സെൻസർ ബോർഡ് വീണ്ടും ‘ജനനായകൻ’ കണ്ട് വിലയിരുത്തി. മൂന്നുദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകുമെന്ന് സി.ബി.എഫ്.സി. വൃത്തങ്ങൾ നിർമാതാക്കളെ അറിയിച്ചു. ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ജനനായകൻ തിയേറ്ററുകളിലെത്തിക്കാനാണ് നീക്കം.
ജനുവരിയിൽ പൊങ്കൽ ആഘോഷത്തിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ പരാതികളെത്തുടർന്ന് സെൻസർ കുരുക്കിൽ അകപ്പെടുകയായിരുന്നു.


ബാഹുബലി 3 അണിയറയിൽ ഒരുങ്ങുന്നോ? പ്രതീക്ഷ നൽകി പ്രഭാസിന്റെയും റാണയുടെയും വാക്കുകൾ







