“ഗോമൂത്ര വിദഗ്ധൻ” പ്രയോഗം ; പ്രിയങ്ക ഗാന്ധിയ്ക്ക് എതിരെ ആളിക്കത്തി രാജീവ് ചന്ദ്രശേഖറും; ഐഐടി മദ്രാസ് ഡയറക്ടർ കാമകോട്ടിക്കെതിരായ പരാമർശത്തിൽ 215 അക്കാദമിക് വിദഗ്ധരും രംഗത്ത്!

Rajeev Chandrasekhar Priyanka Gandhi Kamakoti gaumutra remark controversy രാജീവ് ചന്ദ്രശേഖർ കാമകോട്ടി വിവാദം ചിത്രം
ഐഐടി മദ്രാസ് ഡയറക്ടറും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. വി. കാമകോട്ടിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശം അത്യന്തം അപലപനീയവും രാജ്യത്തെ ശാസ്ത്ര – അക്കാദമിക സമൂഹത്തോടുള്ള അനാദരവിന്റെ പ്രകടനവുമാണെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന്മേലുള്ള ലോക്സഭാ ചർച്ചയ്ക്കിടെ, പരീക്ഷാ പരിഷ്കരണത്തിനായി കേന്ദ്രം രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സിനെ പരാമർശിക്കവേ പ്രൊഫ. കാമകോട്ടിയെ “ഗോമൂത്ര വിദഗ്ധൻ” എന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പ്രത്യക്ഷത്തിൽ കാമകോട്ടിയുടെ പേര് പരാമർശിച്ചില്ലെങ്കിലും, പരീക്ഷാ പരിഷ്കരണ ടാസ്ക് ഫോഴ്സിലെ അംഗം കൂടിയായ അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് ഈ പരാമർശം എന്ന് വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു.
നേരത്തെ ഒരു ഗോശാല പരിപാടിയിൽ ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് കാമകോട്ടി നടത്തിയ പരാമർശം 2025ൽ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ പരാമർശം.
മുൻ നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ, മുൻ എഐസിടിഇ ചെയർമാൻ അനിൽ സഹസ്രബുദ്ധെ, ഐഐടി ഖരഗ്പൂർ ഡയറക്ടർ സുമൻ ചക്രവർത്തി, ഐഐടി റൂർക്കി ഡയറക്ടർ കെ.കെ പന്ത്, ഐഐടി ഗാന്ധിനഗർ ഡയറക്ടർ രജത് മൂന എന്നിവരടക്കം 215ലധികം വൈസ് ചാൻസലർമാരും മുൻ വൈസ് ചാൻസലർമാരും അക്കാദമിക് വിദഗ്ധരും ചേർന്ന് പ്രിയങ്ക ഗാന്ധിക്ക് തുറന്ന കത്ത് അയച്ചു. ശാസ്ത്രീയ അന്വേഷണം പരിഹാസത്തിനല്ല, സൂക്ഷ്മപരിശോധനയ്ക്കാണ് തുറന്നിരിക്കേണ്ടതെന്ന് ചരിത്രം ആവർത്തിച്ച് തെളിയിച്ചിട്ടുണ്ടെന്നായിരുന്നു കത്തിലെ പ്രധാന വാദം.
 IIT മദ്രാസിൽ നിന്ന് എംഎസും പിഎച്ച്ഡിയും നേടിയ കാമകോട്ടി 150ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും 50ലധികം ഗവേഷണ പദ്ധതികളിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ടെന്നും, ഇന്ത്യയുടെ ആദ്യ ഇൻഡസ്ട്രി-ഗ്രേഡ് മൈക്രോപ്രൊസസർ വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല വൈസ് ചാൻസലർ ഡോ. കിഷോർസിൻഹ് ചാവ്ഡ ഈ പരാമർശം അക്കാദമിക് സമൂഹത്തെ അസ്വസ്ഥരാക്കിയെന്നും ഗവേഷകരുടെയും അധ്യാപകരുടെയും അന്തസ് ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ശഹ്ദോൾ സർവകലാശാല വൈസ് ചാൻസലർ ശംഭുനാഥ് ദുബെയും ഈ പരാമർശത്തെ പരിഹാസപരവും അനുചിതവുമെന്ന് വിമർശിച്ചു.
പ്രൊഫ. കാമകോട്ടിയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും വായിക്കാൻ പ്രിയങ്ക ഗാന്ധിയോട് രാജീവ് ചന്ദ്രശേഖർ എക്സിൽ ആവശ്യപ്പെട്ടു. നേട്ടങ്ങൾ സൃഷ്ടിക്കുന്നവരെ തകർക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും ഒന്നും സ്വയം നിർമിക്കാത്തവരാണെന്നും, അറിവില്ലായ്മ വിളമ്പി സ്വയം അപഹാസ്യരാകുന്നതിനേക്കാൾ മൗനം ഭേദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മൈക്രോപ്രൊസസർ ഉൾപ്പെടെ ഇന്ത്യയുടെ സാങ്കേതിക സ്വയംപര്യാപ്തതയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രൊഫ. കാമകോട്ടിയെപ്പോലുള്ള ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും രാഷ്ട്രീയ ലക്ഷ്യത്തോടെ അവഹേളിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ അജ്ഞതയും വിവരക്കേടും വെളിപ്പെടുത്തുന്നതാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശാസ്ത്രത്തെയും ഗവേഷണത്തെയും ബഹുമാനിക്കേണ്ട ഉത്തരവാദിത്തം ദേശീയ രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.