കോടിയേരിയുടെ പേരിൽ പിരിച്ചത് ലക്ഷങ്ങൾ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സ്ഥാനനഷ്ടം ; കൈയിട്ട് വാരൽ സ്വന്തം പാർട്ടിയ്ക്കുള്ളിൽ തന്നെ?

Kodiyeri Balakrishnan memorial fund irregularity CPM Kannur കോടിയേരി സ്മാരക ഫണ്ട് ചിത്രം
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ നടത്തിയ ധനസമാഹരണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ആരോപണം. ഒരു കോടിയോളം രൂപയ്ക്കു കണക്കില്ലെന്ന പരാതി 2 വർഷമായി പാർട്ടി നേതൃത്വത്തിനു മുന്നിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശനെ സ്ഥാനത്തുനിന്നു നീക്കി അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചു.
ആരോപണങ്ങൾ എന്തെല്ലാം
സിപിഎം നേതൃത്വത്തിനു മുന്നിലുള്ള പരാതികളുടെ ഉള്ളടക്കം ഇങ്ങനെ, ലോക്കൽ കമ്മിറ്റി ഓഫിസിനായി തെക്കീബസാറിൽ 30 വർഷം പഴക്കമുള്ള വീടുൾപ്പെടുന്ന 4 സെന്റ് 70 ലക്ഷം രൂപയ്ക്കു ഇ. രമേശൻ വാങ്ങി. ഈ വസ്തു ലോക്കൽ സെക്രട്ടറി പദവിയുടെ പേരിൽ രജിസ്റ്റർ ചെയ്യേണ്ടതിനു പകരം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു. സഹോദരി സെക്രട്ടറിയായ സഹകരണ ബാങ്കിൽ ഇത് ഈടുവച്ച് 30 ലക്ഷം രൂപ വായ്പയെടുത്തു. കെട്ടിടം നിർമിക്കാനാണ് ഇതെന്നാണു കമ്മിറ്റികളിൽ വിശദീകരിച്ചത്.
20 ലക്ഷം രൂപ പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്നും സഹകരണ സംഘം ജീവനക്കാരിൽ നിന്നും പലിശ വാഗ്ദാനം ചെയ്തു വാങ്ങി. പിന്നീട് ‘കാഴ്ച’ എന്ന പേരിൽ വ്യാപാര പ്രദർശനം നടത്തി. ഇതിനു പുറമേ, 500 രൂപയുടെ കൂപ്പണടിച്ച് ലോട്ടറി മാതൃകയിൽ കാർ ഒന്നാം സമ്മാനം വാഗ്ദാനം നൽകിയും പണം പിരിച്ചു. ഇതിന്റെയൊന്നും കണക്ക് എവിടെയും അവതരിപ്പിച്ചില്ല. അതോടൊപ്പം സ്മാരകമന്ദിരം യാഥാർഥ്യമായതുമില്ല.
ആരോപണവിധേയനായ ലോക്കൽ സെക്രട്ടറിയുടെ അളിയനായ ഏരിയ സെക്രട്ടറി ഇതിനെല്ലാം കൂട്ടുനിന്നെന്നും പരാതിയുണ്ട്. 2 വർഷമായി ഇതു സംബന്ധിച്ച പരാതികൾ പാർട്ടിക്കു മുന്നിലുണ്ടെങ്കിലും പരിഗണിച്ചില്ല. തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ വീണ്ടും വിഷയം ചർച്ചയായതോടെയാണ് ഗത്യന്തരമില്ലാതെ നടപടിയിലേക്കു നീങ്ങിയതെന്നാണു വിവരം.
രമേശന്റെ വിശദീകരണം
ക്രമക്കേടുകൾ നടന്നിട്ടില്ലെന്നാണ് ഇ. രമേശന്റെ വിശദീകരണം. ബാങ്ക് വായ്പ ലഭിക്കുന്നതിന് വേണ്ടിയാണ് വസ്തു തന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്തതെന്നും, അത് പാർട്ടിയുടെ പൂർണ അറിവോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തെ നേരിടാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. 2023-ലാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിര നിർമാണത്തിനായി കണ്ണൂർ തെക്കീബസാറിൽ പഴയ കെട്ടിടവും സ്ഥലവും വാങ്ങിയത്.
എല്ലാം പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ചെയ്തതെന്നായിരുന്നു ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം. രമേശിന് പുറമെ മറ്റ് ചിലർക്കും ഈ ക്രമക്കേടിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്.
പയ്യന്നൂരിലും സമാന ആരോപണം
പയ്യന്നൂരിലെ ഫണ്ട് പിരിവിന്റെ കണക്കുകൾ 8 വർഷമായിട്ടും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ ഉഴലുന്ന പാർട്ടിക്ക്, കണ്ണൂരിലെ ഈ ക്രമക്കേട് കൂടുതൽ തലവേദനയായി. സമാനമായി, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പയ്യന്നൂർ എംഎൽഎയുമായ ടി.ഐ. മധുസൂദനന്റെ നേതൃത്വത്തിൽ മൂന്ന് പാർട്ടി ഫണ്ടുകളിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. 2016ൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ധനരാജിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലായിരുന്നു ഈ ക്രമക്കേട്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.