തല്ലരുത് അമ്മാവാ നന്നാവില്ല, കണ്ടാലും കൊണ്ടാലും പഠിക്കാത്ത സിപിഎമ്മിന് ഇത് അടുത്ത കുരുക്ക്.
പയ്യന്നൂരിനും തളിപ്പറമ്പിനും പിന്നാലെ തലശ്ശേരിയിലേക്കും പടര്‍ന്നിരിക്കുകയാണ് കണ്ണൂര്‍ സി.പി.എമ്മിലെ ഫണ്ട് തട്ടിപ്പ്. കുറ്റസമ്മതത്തിനൊക്കെ ഒരു കണക്കില്ലേ സിപിഎമ്മേ. വീഴ്ചകളെണ്ണിയെണ്ണി പറയുന്ന സിപിഎം രേഖ സഖാക്കളെ പോലും നാണിപ്പിച്ചിട്ടും വീണ്ടും തട്ടിപ്പ്.
സമാനതകളില്ലാത്ത തോല്‍വിയാണ് സിപിഎമ്മിന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും നേരിടേണ്ടി വന്നത്. കേരളത്തിലെ തോല്‍വിയെക്കുറിച്ചുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖ ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. പാര്‍ട്ടി വെബ്സൈറ്റിലും ലഭ്യമാണ്. എടുത്ത് ഒന്ന് മനസിരുത്തി വായിക്കുന്നത് സഖാക്കള്‍ക്ക് നന്നായി ഗുണം ചെയ്യും. ഇരുപത് പേജേയുള്ളു.
അതില്‍ പത്തുപേജും കാരണഭൂതനെന്ന് അണികള്‍ ആവേശത്തോടെ വാഴ്ത്തിപ്പാടിയ ക്യാപ്റ്റന്‍ പിണറായി വിജയന് നയിച്ച കേരളത്തെക്കുറിച്ച്. ഭരണത്തിലിരുന്ന ഒരു സര്‍ക്കാരും പാര്‍ട്ടിയും അതിദയനീയമായി തോറ്റുപോകാന്‍ ഇത്രയും കാരണങ്ങളോ എന്നോര്‍ത്ത് അന്തംവിട്ടുപോകും. എങ്ങനെ തോല്‍ക്കാതിരിക്കും, സഖാക്കളെ പോലും വെറുപ്പിച്ച്, തട്ടിപ്പുകള്‍ ആവര്‍ത്തിച്ച് പലയിടത്തും പാര്‍ട്ടിക്ക് തീരാകളങ്കമായി മാറിയിരിക്കുകയാണ് ചിലര്‍. ഇങ്ങനെ പോയാല്‍ അവശേഷിക്കുന്ന കേഡറുകള്‍ പോലും നാണംകെടും. സ്വയംവിമര്‍ശനപരമായ രേഖ മുന്നിലുണ്ടായിട്ടും തട്ടിപ്പുകള്‍ തുടരുകയാണ്.
സിപിഎമ്മിന്റെ വന്‍വീഴ്ച സിപിഎം വരുത്തിവച്ചതെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. തോല്‍വിക്ക് രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ കാരണങ്ങളുണ്ട്. ഒരു കാര്യം വ്യക്തമാണ് പാര്‍ട്ടി രേഖ പാര്‍ട്ടിക്കാരോട് പറയുന്നത് ഇത്രമാത്രം, ഈ തോല്‍വി മുന്‍കാലങ്ങളിലെ ഒരു തോല്‍വിയുമായും താരതമ്യം ചെയ്യാനാകാത്ത വിധം വലുതാണ്. അപ്പോള്‍ ഇടപെടാതെയും തിരുത്താതെയും തോല്‍വി ചോദിച്ചുവാങ്ങിയതോ രണ്ടാം പിണറായി സര്‍ക്കാരും പാര്‍ട്ടിയും. എന്നിട്ടും പഠിച്ചോ സിപിഎം മുന്‍മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കോടിയേരിയുടെ പേരിലുള്ള ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ ക്രമക്കേട്. അതും ഒരു കോടിക്ക് കണക്കില്ലെന്ന്.
പയ്യന്നൂരില്‍ സിപിഎമ്മിന് എവിടെ് തെറ്റിയെന്ന് എല്ലാവര്ക്കും അറിയാം. രക്തസാക്ഷി ഫണ്ട് തട്ടിപ്പുകള്‍ പാര്‍ട്ടിക്ക് തീരാനാണക്കേടായി മുന്നിലുള്ളപ്പോള്‍ തന്നെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് ആസ്ഥാനമന്ദിരമുണ്ടാക്കാന്‍ നടത്തിയ ധനസമാഹരണത്തിന്റെ മറവില്‍ നടന്നതു ലക്ഷങ്ങളുടെ ക്രമക്കേട്. ഒരു കോടിയോളം രൂപയ്ക്കു കണക്കില്ലെന്ന പരാതിയാണ് 2 വര്‍ഷമായി നേതൃത്വത്തിനു മുന്നിലുള്ളത്. തിരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ വിഷയം വീണ്ടും ചര്‍ച്ചയായതോടെ കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ഇ.രമേശനെ സ്ഥാനത്തുനിന്നു നീക്കി അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചതെന്നാണു വിവരം.
പയ്യന്നൂരിലെ ഫണ്ട് പിരിവിന്റെ കണക്കുകള്‍ 8 വര്‍ഷമായിട്ടും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ കഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് കണ്ണൂരിലെ ക്രമക്കേട് കൂടുതല്‍ തലവേദനയാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സിപിഎം നേതൃത്വത്തിനു മുന്നിലുള്ള പരാതികളുടെ ഉള്ളടക്കം വായിച്ചാല്‍ കണ്ണുതള്ളും. കണ്ണൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ലോക്കല്‍ കമ്മിറ്റി ഓഫിസിനായി തെക്കീബസാറില് 30 വര്‍ഷം പഴക്കമുള്ള വീടുള്‍പ്പെടുന്ന 4 സെന്റ് 70 ലക്ഷം രൂപയ്ക്കു വാങ്ങി. ഈ വസ്തു ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതിനു പകരം സ്വന്തം പേരില്‍ റജിസ്റ്റര്‍ ചെയ്തു. സഹോദരി സെക്രട്ടറിയായ സഹകരണബാങ്കില്‍ ഇത് ഈടുവച്ച് 30 ലക്ഷം രൂപ വായ്പയെടുത്തു.
കെട്ടിടമുണ്ടാക്കാനാണ് ഇതെന്നാണു കമ്മിറ്റികളില്‍ വിശദീകരിച്ചത്. 20 ലക്ഷം രൂപ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും സഹകരണസംഘം ജീവനക്കാരില്‍നിന്നും പലിശ വാഗ്ദാനം ചെയ്തു വാങ്ങി. പിന്നീട് കാഴ്ചയെന്ന പേരില്‍ വ്യാപാരപ്രദര്‍ശനം നടത്തി. ഇതിനു പുറമേ, 500 രൂപയുടെ കൂപ്പണടിച്ച് ലോട്ടറി മാതൃകയില്‍ കാര്‍ ഒന്നാം സമ്മാനം വാഗ്ദാനം നല്കി പിരിച്ചു. ഇതിന്റെയൊന്നും കണക്ക് എവിടെയും അവതരിപ്പിച്ചില്ല; സ്മാരകമന്ദിരം യാഥാര്‍ഥ്യമായതുമില്ല. ആരോപണവിധേയനായ ലോക്കല്‍ സെക്രട്ടറിയുടെ അളിയനായ ഏരിയ സെക്രട്ടറി ഇതിനെല്ലാം കൂട്ടുനിന്നെന്നാണു പരാതി.
2 വര്‍ഷമായി ഇതുസംബന്ധിച്ച പരാതികള്‍ പാര്‍ട്ടിക്കു മുന്നിലുണ്ടെങ്കിലും പരിഗണിച്ചില്ല. തിരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ വീണ്ടും വിഷയം ചര്‍ച്ചയായതോടെയാണ് ഗത്യന്തരമില്ലാതെ നടപടിയിലേക്കു നീങ്ങിയതെന്നാണു വിവരം. എല്ലാം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ചെയ്തതെന്നായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം.
കോടിയേരി സ്മാരക മന്ദിരത്തിന്റെ മറവില്‍ നടന്നത് കോടിയുടെ വെട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടും സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നില്ല. ഇതില്‍ നിന്നും വ്യക്തമാകുന്നത് കണ്ണൂരിലെ സഖാക്കള്‍ കൂടുതല്‍ നിരാശരാണ് എന്നാണ്. ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്ന് ചര്‍ച്ചകള്‍ സജീവമായതോടെ കണ്ണൂര്‍ സി.പി.എമ്മില്‍ വന്‍ പൊട്ടിത്തെറിക്ക് കളം ഒരുങ്ങുന്നു.
പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടി ഫണ്ട് തിരിമറിയെച്ചൊല്ലിയുള്ള ചോദ്യങ്ങള്‍ അവസാനിക്കും മുന്‍പ് തലശ്ശേരിയിലേക്കും കണ്ണൂര്‍ ടൗണിലേക്കും സാമ്പത്തിക ക്രമക്കേടുകള്‍ പടരുന്നത് സി.പി.എം നേതൃത്വത്തിന് കനത്ത തിരിച്ചടിയാകുകയാണ്. കണ്ണൂരിലെ ഇത്തരം വിവാദങ്ങളിലും പാര്‍ട്ടിയിലെ തകര്‍ച്ചയിലും മുന്‍നിര നേതാവും നിയമസഭാ സ്പീക്കറുമായ എ.എന്‍. ഷംസീര്‍ കടുത്ത നിരാശയിലാണെന്നാണ് പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരാതിയില്‍ അന്വേഷണം ശക്തമായതോടെ കണ്ണൂര്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി നേതൃത്വത്തിന് മുന്നിലുള്ള ഈ ഗുരുതരമായ സാമ്പത്തിക തിരിമറി, ലോക്സഭാ തിരഞ്ഞെടുപ്പിലെ ദാരുണ തോല്‍വിക്ക് പിന്നാലെ താഴെത്തട്ടിലുള്ള കമ്മിറ്റികളില്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെയാണ് കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കാനും വിഷയം അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിക്കാനും പാര്‍ട്ടി നിര്‍ബന്ധിതരായത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
അധ്യാപികമാർ ഉൾപ്പെട്ട MDMA കേസ്: ബാങ്ക് അക്കൗണ്ടിലൂടെ കോടികൾ കൈമാറ്റം; ഒരാൾ കൂടി അറസ്റ്റിൽ
അധ്യാപികമാർ ഉൾപ്പെട്ട MDMA കേസ്: ബാങ്ക് അക്കൗണ്ടിലൂടെ കോടികൾ കൈമാറ്റം; ഒരാൾ കൂടി അറസ്റ്റിൽ









