അബുദാബി: ഗൾഫ് മലയാളികൾക്ക് അഭിമാനമായി യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ മലയാളി പാസഞ്ചർ ട്രെയിൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി നിഷാദ്. തങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് പ്രവാസ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മലയാളി കരുത്തിന്റെ മറ്റൊരു നേർക്കാഴ്ചയായി മാറുകയാണ് ഇരുപത്തൊമ്പതുകാരനായ ഈ യുവാവിന്റെ വിജയഗാഥ.
യുഎഇയുടെ ചരിത്രപരമായ ഗതാഗത പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ മലയാളി എന്ന അപൂർവ്വ നേട്ടമാണ് നിഷാദ് സ്വന്തമാക്കിയത്. മറ്റേതൊരു സാധാരണ പ്രവാസി യുവാവിനെയും പോലെ ഒരുപിടി സ്വപ്നങ്ങളുമായി 2014 ലാണ് നിഷാദ് യുഎഇയിലേക്ക് വിമാനം കയറുന്നത്. അവിടെ ജീവിക്കാനായി മുന്നിലെത്തിയ എല്ലാ സാധാരണ ജോലികളും അദ്ദേഹം മടി കൂടാതെ ഏറ്റെടുത്തു. സൂപ്പർമാർക്കറ്റിൽ ക്യാഷ്യറായും, പെർഫ്യൂം വിൽപനക്കാരനായും, ഹോട് ഡോഗ് മേക്കറായും ഒടുവിൽ കടുത്ത ചൂടിൽ ഡെലിവറി ബോയ് ആയി വരെ നിഷാദ് ജോലി ചെയ്തു.
എന്നാൽ ഈ പ്രതിസന്ധികളിലൊന്നും തന്റെ ലക്ഷ്യങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തോറ്റുകൊടുക്കാൻ മനസ്സില്ലാതിരുന്ന നിഷാദിന്റെ ജീവിതത്തിൽ 2017-ൽ പാം ജുമൈറ മോണോറെയിലിൽ ലഭിച്ച റെയിൽവേ ജോലിയാണ് വഴിത്തിരിവായത്. പിന്നീട് ദുബായ് ട്രാം, ദുബായ് മെട്രോ, സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലെ മികച്ച പ്രവൃത്തിപരിചയം അദ്ദേഹത്തിന് വലിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാനുള്ള ആത്മവിശ്വാസം നൽകി.
ശിശുക്ഷേമ സമിതിയുടെ കണ്മണി ;കിയാൻ സുരക്ഷിതൻ
സ്വപ്ന പദവിയിലേക്കുള്ള നിഷാദിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. 2020-ൽ ഇത്തിഹാദ് റെയിലിലേക്ക് അദ്ദേഹം ആദ്യമായി അപേക്ഷിച്ചുവെങ്കിലും സാങ്കേതികമായ ഒരു ഇമെയിൽ പിഴവ് കാരണം ആ അവസരം നഷ്ടമായി. എന്നാൽ നിരാശനാകാതെ 2022-ൽ വീണ്ടും അപേക്ഷ സമർപ്പിച്ചു. യോഗ്യതാ പരീക്ഷകളും ഇന്റർവ്യൂകളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഒടുവിൽ ആ സ്വപ്ന നേട്ടം നിഷാദിനെ തേടിയെത്തിയത്. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസിലാണ് ഇനി ഈ മലയാളി യുവാവ് അമരക്കാരനാകുന്നത്.
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഗതാഗത ശൃംഖലയുടെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഇത്തിഹാദ് റെയിലിന്റെ പൈലറ്റ് ക്യാബിനിലേക്ക് ഒരു മലയാളി എത്തുമ്പോൾ, അത് പ്രവാസി കൂട്ടായിമ്മക്ക് വലിയ ആവേശം പകരുന്ന ഒന്നാണ്. യുഎഇയുടെ റെയിൽവേ ചരിത്രത്തിലേക്ക് ഒരു പ്രവാസി മലയാളി കൂടി തന്റെ പേര് ചേർത്തുവെക്കുന്ന ഈ നിമിഷം, കഠിനാധ്വാനത്തിലൂടെ ഏത് വലിയ സ്വപ്നവും നേടിയെടുക്കാമെന്ന് തെളിയിക്കുകയാണ്. നിഷാദിന്റെ ഈ വിജയഗാഥ വരും തലമുറയിലെ പ്രവാസി യുവാക്കൾക്ക് വലിയൊരു പ്രചോദനമായിരിക്കുമെന്നതിൽ തർക്കമില്ല.


മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം: പൂജയുമായി തുടക്കം കുറിച്ച് നിതീഷ് സഹദേവ് ചിത്രം







