ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയുള്ള പ്രതിഷേധം ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ മാനങ്ങളിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹി ജന്തർ മന്ദിറിൽ ആരംഭിച്ച സമരം രണ്ടാഴ്ച പിന്നിടുകയാണ്. പ്രക്ഷോഭത്തിന് പിന്തുണയുമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനില ഓരോ ദിവസവും വഷളായിക്കൊണ്ടിരികുക്കയാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു.
നിരാഹാര സമരം തുടരുന്ന സോനം വാങ്ചുകിന്റെ ശാരീരികാവസ്ഥ ഓരോ മണിക്കൂറിലും മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ മാത്രം അദ്ദേഹത്തിന് അഞ്ച് കിലോയോളം ശരീരഭാരം നഷ്ടപ്പെട്ടു കഴിഞ്ഞു. താൻ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം സ്വയം വ്യക്തമാക്കുന്നുണ്ടെങ്കിലും, സമരസ്ഥലത്ത് നിന്നുള്ള വിവരങ്ങൾ കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്ന് സഹപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
ഇരുപതോളം വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞിട്ടും എന്തുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്നത്? വാങ്ചുകിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കും” എന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപകെ എക്സിൽ കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ ജനപിന്തുണയാണ് ഇപ്പോൾ ഈ സമരത്തിന് ലഭിക്കുന്നത്. യുവാക്കൾ തങ്ങളുടെ വീടുകളിൽ പ്രതീകാത്മകമായി നിരാഹാരമിരുന്ന് വാങ്ചുകിന് പിന്തുണ പ്രഖ്യാപിക്കുന്നത് പ്രക്ഷോഭത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
ചുറ്റും വെള്ളക്കെട്ട്; രക്ഷതേടി യുവാവ് മരത്തിന് മുകളിൽ അഭയം തേടി
ലഡാക്കിന്റെ സ്വയംഭരണാവകാശത്തിനും സംസ്ഥാന പദവിക്കുമായി മുൻപന്തിയിൽ നിന്ന് നേതാവാണ് വാങ്ചുക്. 2025 സെപ്റ്റംബർ 24-ന് ലേയിൽ നടന്ന സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും എൺപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് വാങ്ചുക് ആദ്യമായി അറസ്റ്റിലാകുന്നത്. അന്ന് അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തി ജോധ്പൂർ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ചിലാണ് കേന്ദ്ര സർക്കാർ അദ്ദേഹത്തിനെതിരെയുള്ള എൻ.എസ്.എ പിൻവലിച്ചതും മോചിപ്പിച്ചതും.
ഏറ്റവും ഒടുവിൽ, ലഡാക്ക് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചർച്ചകൾ പുനരാരംഭിച്ചപ്പോൾ ജൂലൈ മൂന്നിന് പങ്കുവെച്ച ഒരു കുറിപ്പിൽ വാങ്ചുക് സർക്കാരിനോട് നന്ദി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, തന്റെ പ്രാദേശികമായ ആവശ്യങ്ങൾക്കപ്പുറം രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ അധികൃതർ അടിയന്തിരമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിലപാടിലാണ് അദ്ദേഹം ഡൽഹിയിലെ സമരപ്പന്തലിൽ അണിചേർന്നത്.


കശ്മീരിൽ ലഷ്കർ തലവൻ സാക്കിർ ഗനിയെ വധിച്ചു; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ







