ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട ‘കെ.എൽ-15’ പദ്ധതി തുടക്കത്തിലേ പ്രതിസന്ധിയിൽ. വിപണിയിലെ മറ്റ് ബ്രാൻഡുകളേക്കാൾ വില കുറച്ച്, ഒരു ലിറ്റർ കുപ്പിവെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി തുടങ്ങിയത്. എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം നിലവിൽ ഒട്ടുമിക്ക ദീർഘദൂര സർവീസുകളിലും കുപ്പിവെള്ള വിതരണം നിലച്ച മട്ടാണ്.
ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KIIDC) ‘ഹില്ലി അക്വ’യുമായി സഹകരിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. കൺട്രാക്ട് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വിഫ്റ്റ് ബസുകളിലും മറ്റ് പ്രധാന സർവീസുകളിലും ആദ്യ ദിവസങ്ങളിൽ വെള്ളം എത്തിച്ചിരുന്നെങ്കിലും ഇപ്പോൾ വിതരണം പൂർണ്ണമായും മുടങ്ങിയിരിക്കുകയാണ്. തുടക്കത്തിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (TDF) പോലുള്ള ചില തൊഴിലാളി സംഘടനകൾ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു.
യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകേണ്ട ഈ പദ്ധതി പാളാൻ പ്രധാന കാരണം പ്രായോഗികമായ ബുദ്ധിമുട്ടുകളാണെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും ഇൻസെന്റീവ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ജീവനക്കാരെ ആകർഷിച്ചിട്ടില്ല. ഡിപ്പോകളിൽ നിന്ന് കണ്ടക്ടർമാർ നേരിട്ട് കുപ്പിവെള്ളം വാങ്ങി ബസുകളിലേക്ക് ചുമന്ന് എത്തിക്കണമെന്ന നിർദ്ദേശമാണ് പ്രധാന തിരിച്ചടിയായത്. പത്തനംതിട്ട പോലുള്ള ഡിപ്പോകളിൽ മൂന്നാം നിലയിലായിരുന്നു വെള്ളം സൂക്ഷിച്ചിരുന്നത്. ടിക്കറ്റ് മെഷീനും മറ്റ് ഔദ്യോഗിക ഫയലുകൾക്കുമൊപ്പം വെള്ളക്കുപ്പികൾ ചുമക്കുന്നത് സമയനഷ്ടത്തിനും സർവീസ് വൈകുന്നതിനും കാരണമാകുന്നുവെന്നാണ് പരാതി. കൂടാതെ ബസുകളിൽ വെള്ളം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതും, കുപ്പികൾ നഷ്ടപ്പെട്ടാൽ ജീവനക്കാർ സ്വന്തം കൈയിൽ നിന്ന് പണം നൽകേണ്ടി വരുന്നതും പദ്ധതി പാളാൻ കാരണമായി.
വയോജന പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം ശക്തം; 80 കഴിഞ്ഞവർക്ക് കേന്ദ്ര നിരക്കിന് തുല്യമായ ആനുകൂല്യം നൽകണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം


കമ്പനി പൊട്ടിപ്പോയാലും , കമ്പനി നിക്ഷേപകരെ മുഴുവൻ പറ്റിച്ചാലും പേരുദോഷം AI യ്ക്ക്; പറ്റിച്ച ടാൽറോപ്പിന് എതിരെ ഒരുനടപടിയും ഇല്ലേ? “AI” എന്നത് ഇപ്പോൾ കമ്പനികളുടെ പുതിയ എക്സ്ക്യൂസ്!







