വിഴിഞ്ഞം കത്തുന്നു; അദാനി ഇനി ഇടതിന് ‘ശത്രു’, തീരദേശത്ത് ലത്തീന്‍ സഭയെ കൂടെക്കൂട്ടാന്‍ സിപിഎം മാസ്റ്റര്‍ പ്ലാന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദം തിളച്ചു മറിയുമ്പോള്‍, അണിയറയില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വഴിമരുന്നിട്ട് സിപിഎം. കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പിനെ ഒന്നാം നമ്പര്‍ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച്, കത്തിയമരുന്ന തീരദേശത്ത് ലത്തീന്‍ സഭയെ നെഞ്ചോട് ചേര്‍ക്കാനാണ് ഇടതുമുന്നണിയുടെ പുതിയ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കിയ തീരദേശത്തെ വോട്ട് ചോര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് വിഴിഞ്ഞം വിഷയം സിപിഎം ഇപ്പോള്‍ രാഷ്ട്രീയ ആയുധമാക്കുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ നാല് തീരദേശ ജില്ലകളില്‍ ലത്തീന്‍ കത്തോലിക്കാ വോട്ടുകള്‍ എല്‍ഡിഎഫിനെ പൂര്‍ണ്ണമായി കൈവിട്ടിരുന്നു. വിഴിഞ്ഞം തുറമുഖ സമര കാലത്തുണ്ടായ കടുത്ത ഭിന്നതകളും സഭാനേതൃത്വത്തിനെതിരെ എടുത്ത കേസുകളുമാണ് തീരദേശത്തെ പരമ്പരാഗത വോട്ടുകള്‍ എല്‍ഡിഎഫില്‍ നിന്ന് അകറ്റിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം തന്ത്രം മാറ്റുന്നത്. അദാനി ഗ്രൂപ്പിനെതിരെ ലത്തീന്‍ സഭ ഉയര്‍ത്തുന്ന അതേ വികാരം ഏറ്റുപിടിച്ച് സമുദായത്തോട് അടുക്കാനാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ശ്രമം.
വിഴിഞ്ഞം തുറമുഖത്തിന്റെ സിഎംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതിന് പിന്നില്‍ അദാനി ഗ്രൂപ്പിന്റെ താല്പര്യങ്ങളാണെന്ന കടുത്ത ആരോപണമാണ് ഇടതുപക്ഷം ഇപ്പോള്‍ ഉയര്‍ത്തുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് ദിവ്യയെ മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ‘പോര്‍ട്ടിന്റെ കാര്യം മാത്രം നിങ്ങള്‍ നോക്കിയാല്‍ മതി, ഞങ്ങളുടെ ഉദ്യോഗസ്ഥരെ മാറ്റാന്‍ നോക്കേണ്ട’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദാനിക്ക് തടയിട്ടിരുന്നു. എന്നാല്‍, പിന്നീട് വന്ന യുഡിഎഫ് ഭരണത്തില്‍ ദിവ്യയെ മാറ്റി ജൂനിയറായ ഉദ്യോഗസ്ഥനെ പ്രതിഷ്ഠിച്ചതോടെയാണ് അദാനിയുടെ ഓഹരി കച്ചവടം സുഗമമായതെന്നാണ് ആക്ഷേപം. കരാര്‍ വ്യവസ്ഥകള്‍ അദാനി മാറ്റാന്‍ ശ്രമിച്ചപ്പോഴെല്ലാം കടുംപിടുത്തം പിടിച്ച ദിവ്യയെ മാറ്റിയതോടെയാണ് 13,200 കോടിയുടെ ഓഹരി കൈമാറ്റം നടന്നതെന്നും, ഇത് വെറും വിദേശ നിക്ഷേപമല്ല, മറിച്ച് തുറമുഖത്തിന്റെ ഓഹരികള്‍ വിറ്റഴിക്കുന്ന കച്ചവടമാണെന്നും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് നാടറിഞ്ഞത്.
അദാനിക്ക് വന്‍ ലാഭമുണ്ടാക്കുന്ന ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും ആസൂത്രിത നീക്കമുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് അദാനി ഗ്രൂപ്പ് ഒരുക്കിയ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ സതീശന്‍ മംഗളൂരുവിലേക്ക് നടത്തിയ രഹസ്യ യാത്രയും, നിലവില്‍ തുറമുഖ-നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈവശം വെക്കുന്നതും ഇതിന്റെ തെളിവായി ഇടത് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രണ്ടുതവണ വാര്‍ത്താസമ്മേളനം നടത്തിയിട്ടും മുഖ്യമന്ത്രി സതീശന്‍ മറുപടി നല്‍കാത്തത് അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്നാണ് സിപിഎം വാദം.
അതേസമയം, അദാനിയുടെ ഈ വന്‍ ഓഹരി കച്ചവടത്തെക്കുറിച്ച് താന്‍ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന വിശ്വസനീയമല്ലെന്ന് ലത്തീന്‍ അതിരൂപത തുറന്നടിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അദാനിക്ക് താരാട്ടുപാടിക്കൊടുക്കുകയാണെന്ന് ലത്തീന്‍ അതിരൂപത ഫിഷറീസ് വിഭാഗം ഡയറക്ടര്‍ ഫാ. ലൂസിയാന്‍ തോമസ് പറഞ്ഞു. ‘തുറമുഖ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി അറിയാതെ അദാനി കമ്പനി ഇത്തരമൊരു വന്‍ കരാര്‍ ഒപ്പിടില്ല. സര്‍ക്കാര്‍ അറിയാതെയാണ് വില്‍പനയെങ്കില്‍ ഈ കരാര്‍ അടിയന്തരമായി റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. തുറമുഖത്തിന്റെ ഡിപിആര്‍ പുറത്തുവിടണം, തുറമുഖം വില്‍ക്കാനാണ് നീക്കമെങ്കില്‍ തീരദേശം ശക്തമായി പ്രതിരോധിക്കും.’
ലത്തീന്‍ സഭയുടെ ഈ കടുത്ത നിലപാടിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, തീരദേശത്ത് കോണ്‍ഗ്രസ്-അദാനി കൂട്ടുകെട്ടിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.