വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: നിർമാണച്ചുമതലയുണ്ടായിരുന്ന എഞ്ചിനീയർ ഉൾപ്പെടെയുള്ളവരെ കാണാതായി

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് പ്രദേശം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ ആറുപേരെ കാണാതായതായാണ് വിവരം. കനത്ത മഴയെത്തുടർന്ന് മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്.

കാണാതായവരിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഇൻചാർജ് കൂടിയായ എൻജിനീയർ വിക്രം സിങ് റാണ, സൈറ്റ് എൻജിനീയർ രാഹുൽ ശർമ്മ എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ സൂപ്പർവൈസർ രഞ്ജിത്, സെക്യൂരിറ്റി ഗാർഡ് സൂര്യ, എക്സവേറ്റർ ഓപ്പറേറ്റർ വികാസ് കുമാർ, രജനീഷ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. അതേസമയം, അപകടസ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയ ആറുപേരെ മേപ്പാടിയിലെ ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് (വിംസ് ആശുപത്രി) പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്നുള്ള വിവരം.
ദുരന്തസ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. നാട്ടുകാരും സജീവമായി ഇവർക്കൊപ്പം ചേരുന്നുണ്ട്. എന്നാൽ പ്രദേശത്ത് ഇപ്പോഴും തുടരുന്ന അതിശക്തമായ മഴ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ എസ്റ്റേറ്റുകളിലെ പാടികളിൽ താമസിക്കുന്നവരെയും നാട്ടുകാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇവർക്കായി അടുത്തുള്ള സ്കൂളുകളിൽ ഇതിനകം തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൊതുജനങ്ങളും മറ്റുള്ളവരും ദുരന്തസ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ എന്നിവർ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി കളക്ടർ വ്യക്തമാക്കി.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.