ബീജിംഗ്: തെക്കൻ ചൈനയിലെ ഗുവാങ്‌ഷി പ്രവിശ്യയിൽ മെയ്സാക് ചുഴലിക്കാറ്റിനെത്തുടർന്ന് വൻ പ്രകൃതിദുരന്തം. ദിവസങ്ങളായി തുടരുന്ന അതിശക്തമായ പേമാരിയിൽ മേഖലയിലെ അണക്കെട്ടുകൾ തകരുകയും ജനവാസകേന്ദ്രങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാവുകയും ചെയ്തു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് 48,000-ത്തിലധികം ആളുകളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചു.
പ്രവിശ്യയുടെ തലസ്ഥാനമായ നാനിങ്ങിന് സമീപമുള്ള 66 വർഷം പഴക്കമുള്ള ലിയുലാൻ അണക്കെട്ടാണ് കനത്ത ജലസമ്മർദ്ദത്തെത്തുടർന്ന് തകർന്നത്. അണക്കെട്ടിന്റെ ഭിത്തിയിൽ ഏകദേശം 50 മീറ്ററോളം വലിയ വിള്ളൽ രൂപപ്പെടുകയും, മിനിറ്റുകൾക്കകം ശക്തമായ വെള്ളപ്പാച്ചിൽ സമീപത്തെ ഗ്രാമങ്ങളിലേക്ക് ഒഴുകിയെത്തുകയുമായിരുന്നു. ലുബെയ് ടൗണിൽ 24 മണിക്കൂറിനിടെ 637 മില്ലിമീറ്റർ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. നിലവിൽ പ്രവിശ്യയിലെ 55 നദികളിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണ്.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാൻ രക്ഷാപ്രവർത്തകർ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്. ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങളും സായുധ സേനയും ബോട്ടുകളുമായി രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്. നാനിങ് നഗരത്തിൽ പ്രളയ പ്രതിരോധത്തിനായി ഏറ്റവും ഉയർന്ന ‘ലെവൽ 1’ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
”മോദിക്ക് ഉറക്കമില്ല…” ; മോദി-ട്രംപ് കെമിസ്ട്രിയെക്കുറിച്ച് യുഎസ് സ്ഥാനപതി പറയുന്നതിങ്ങനെ
ദുരന്തബാധിത മേഖലകളിലെ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ചൈനീസ് സർക്കാർ 100 ദശലക്ഷം യുവാൻ തുക അനുവദിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദ്ദേശം നൽകി.


നിർബന്ധിത തൊഴിലും താരിഫും: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം, ആഗോള വ്യാപാരത്തിൽ പുതിയ ചർച്ചകൾ







