ഡെറാഡൂൺ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനകളിൽ കോടികളുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ക്ഷേത്രസമിതി ട്രസ്റ്റ് ചെയർമാൻ്റെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ്. ട്രസ്റ്റ് ചെയർമാൻ ഹേമന്ത് ദ്വിവേദിയുടെ പി.എ ആയ പ്രമോദ് നൗത്യാലിനെതിരെയാണ് ഉത്തരാഖണ്ഡ് പോലീസ് അഴിമതി, മോഷണം, വിശ്വാസവഞ്ചന തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.
ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും സംഭാവനപ്പെട്ടികളിൽ നിന്നും വൻതോതിൽ പണം തട്ടിയെടുക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ‘ഭൈരവസേന’ എന്ന പ്രാദേശിക സംഘടനയാണ് പ്രമോദ് നൗത്യാലിൻ്റെ പങ്ക് വ്യക്തമാക്കുന്ന നിർണായകമായ ഈ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്.
സംഭവം വൻ വിവാദമായതോടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നേരിട്ട് ഇടപെടുകയും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. നിലവിൽ രൂപീകരിച്ചിരിക്കുന്ന നാലംഗ പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നത്.
പ്രമോദ് നൗത്യാൽ മാത്രമല്ല, ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട മറ്റ് പലർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
സാധാരണ വേഷത്തിൽ പൊലീസ്, വെള്ള തുണികൾ മറയാക്കി; 21ആം ദിനം സോനം വാങ്ചുകിനെ ജന്തർ മന്തറിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റി പൊലീസ്!
ട്രസ്റ്റ് ചെയർമാൻ ഹേമന്ത് ദ്വിവേദിയും നിലവിൽ സംശയനിഴലിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. കോടിക്കണക്കിന് തീർത്ഥാടകർ എത്തുന്ന ക്ഷേത്രത്തിലെ സംഭാവനകളിൽ ഇത്തരമൊരു കൊള്ള നടന്നത് വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


ടി.എം.സി.ക്ക് തിരിച്ചടി; 440 കോടിയുടെ അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു







