ഇനി ശരിയ്യ ഫോര്‍ ജര്‍മ്മനി! പത്തുലക്ഷം മുസ്ലീങ്ങളെ സ്വീകരിച്ച രാജ്യം; സിറിയന്‍- അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കുപോലും പൗരത്വം; നിവര്‍ന്ന് നില്‍ക്കാന്‍ ആയതോടെ അവര്‍ക്ക് മതരാഷ്ട്രം വേണം; ജര്‍മ്മന്‍ കത്തിയാക്രമണത്തിന്റെ കാണാപ്പുറങ്ങള്‍

എം റിജു

2026 ജൂലൈ 25-ന് ശനിയാഴ്ച. രാത്രി 10മണിയോടെ ബെര്‍ലിനിലെ ക്രിസ്റ്റഫര്‍ സ്ട്രീറ്റ് ഡേ പ്രൈഡ് ഫെസ്റ്റിവലില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കയാണ്. അപ്പോഴാണ് ഒരു വെള്ള മിനി വാന്‍ അതിവേഗത്തില്‍ വന്ന് പാര്‍ക്കിലെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. ആളുകള്‍ ചിതറിയോടി. നിയന്ത്രണം വിട്ട വാന്‍ ഒരു മരത്തിലിടിച്ചാണ് നിന്നത്. വാഹനം നിര്‍ത്തിയ ശേഷം പ്രതി പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ കയ്യിലുണ്ടായിരുന്ന മഷാട്ടി എന്ന മാരകായുധം ഉപയോഗിച്ച് സമീപത്തുണ്ടായിരുന്നവരെ തലങ്ങും വിലങ്ങും വെട്ടി. ഈ ക്രൂരമായ ആക്രമണത്തില്‍ ഒരു പോളിഷ് വനിത കൊല്ലപ്പെടുകയും, 29-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.

ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിക്കായി ജര്‍മ്മന്‍ പോലീസ് നഗരത്തിലുടനീളം ഹെലികോപ്റ്ററുകളും തെര്‍മല്‍ ഇമേജിങ് സംവിധാനങ്ങളും ഉപയോഗിച്ച് വന്‍ തിരച്ചില്‍ ആരംഭിച്ചു. 24 മണിക്കൂറുകള്‍ക്ക് ശേഷം, അതായത് ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ ബെര്‍ലിന്റെ പ്രാന്തപ്രദേശമായ സ്പാന്‍ഡൗവിലുള്ള ഒരു ഗാര്‍ഡന്‍ പരിസരത്ത് വെച്ച് പോലീസ് പ്രതിയെ കണ്ടെത്തി. ഈ സമയവും കീഴടങ്ങാന്‍ കൂട്ടാക്കാതെ കയ്യിലുണ്ടായിരുന്ന മാരകായുധവുമായി പ്രതി പോലീസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. പോലീസ് വെടിവെയ്പ്പില്‍ പ്രതി സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.

പിന്നീടാണ് ഇയാളുടെ പേരും വിവരവും പുറത്തുവരുന്നത്. ലബനീസ് വംശജനായ ജര്‍മ്മന്‍ പൗരനാണ് അബ്ദുള്‍ ബല്ലൂത് എന്ന 21കാരനാണ് അക്രമി. വെറും 21 വയസ്സിനുള്ളില്‍ ജര്‍മ്മനി എന്ന തന്നെ പോറ്റിവളര്‍ത്തിയ രാജ്യത്തിനോടും അവിടുത്തെ പൗരന്‍മ്മാരോടും ഇത്രയും വലിയ വെറുപ്പ് എങ്ങനെ അയാളുടെ മനസ്സില്‍ കുടിയേറി എന്ന അന്വേഷണത്തിലാണ്, ഐസിസ് അനുഭാവിയാണ് ഇയാള്‍ എന്ന്  കണ്ടെത്തിയത്. താന്‍ കുത്തി മലര്‍ത്തിയവരുമായി ബല്ലൂത്തിന് യാതൊരു വ്യക്തിവിരോധവും ഉണ്ടായിരുന്നില്ല. അവര്‍ ആരാണെന്ന് അറിയുകപോലും ഉണ്ടായിരുന്നില്ല. ശുദ്ധമായ ഭീകരതയാണ് അയാളെ ഇത് ചെയ്യിച്ചത്. അയാള്‍ക്ക് വേണ്ടത് ജര്‍മ്മനിയെ ഒരു ഇസ്ലാമിക രാജ്യമാക്കയാണ്. ഇവിടെ ശരിയ്യ നടപ്പാക്കുകയാണ്. ജര്‍മ്മനി ഇസ്ലാമൈസേഷനെതിരെ കടുത്ത നടപടികള്‍ എടുത്തപ്പോള്‍, അതിന് ചോരകൊണ്ട് പ്രതികാരം ചെയ്യാന്‍ എത്തിയിരിക്കയാണ് ഈ ചെറുപ്പക്കാരന്‍. ഇത് ജര്‍മ്മനിയെയോ യൂറോപ്പിനെയോ സംബന്ധിച്ച് ഒരു ഒറ്റപ്പെട്ട പ്രശ്‌നമല്ല. അടിക്കടിയുണ്ടാവുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളില്‍ നടുങ്ങിയിരിക്കയാണ് യൂറോപ്പ്

‘ലോണ്‍ വുള്‍ഫ്’ ആക്രമണങ്ങള്‍

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിരവധി ഭീകരാക്രമണങ്ങളാണ് ജര്‍മ്മനിയില്‍ നടന്നത്. ഇസ്ലാമിസ്റ്റ് ഭീകരാക്രമണങ്ങളില്‍ ഭൂരിഭാഗവും ഒരു വലിയ ഭീകരസംഘടനയില്‍ നേരിട്ട് അംഗമല്ലാത്ത, എന്നാല്‍ അവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായ ഒറ്റപ്പെട്ട വ്യക്തികള്‍ നടത്തുന്ന ആക്രമണങ്ങളാണ്. ഇന്റര്‍നെറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ച്, യൂറോപ്പില്‍ ജീവിക്കുന്ന യുവാക്കളെ ഭീകരസംഘടനകള്‍ സ്വാധീനിക്കുന്നു. അടുത്തിടെ ബെര്‍ലിന്‍ പ്രൈഡ് പരേഡില്‍ ആക്രമണം നടത്തിയ അബ്ദുള്‍ ബല്ലൂതും, മുന്‍പ് സോളിംഗനില്‍ ആക്രമണം നടത്തിയ സിറിയന്‍ സ്വദേശിയും ഇത്തരത്തില്‍ ഐഎസ് ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവരാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഒറ്റയാള്‍ ആക്രമണങ്ങളയാണ് ‘ലോണ്‍ വുള്‍ഫ്’ ആക്രമണങ്ങള്‍ എന്ന് പറയുന്നത്.

2020-നും 2025-നും ഇടയില്‍ ജര്‍മ്മനിയില്‍ സുരക്ഷാസേന പരാജയപ്പെടുത്തിയ 20-ലധികം വലിയ ഭീകരാക്രമണ പദ്ധതികളില്‍ ഭൂരിഭാഗവും ഇസ്ലാമിസ്റ്റ് തീവ്രവാദികളുടേതായിരുന്നു. പൈപ്പ് ബോംബുകള്‍, രാസായുധങ്ങള്‍ വെടിവെയ്പ്പുകള്‍ എന്നിവ ഉപയോഗിച്ച് വലിയ ജനക്കൂട്ടത്തെ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതികള്‍. ജര്‍മ്മനിയില്‍ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളായ, 2016-ലെ ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം, 2024-ലെ സോളിംഗന്‍ കത്തിയാക്രമണം, തുടങ്ങിയവയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഐഎസ് ആണ്. കൂടാതെ ഐഎസിന്റെ അഫ്ഗാന്‍ ഘടകമായ ഐസ്‌കെപിയും ജര്‍മ്മനിയില്‍ സജീവമായി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ക്ക് ശേഷം ജര്‍മ്മനിയിലെ ഹമാസ്, ഹിസ്ബുള്ള അനുകൂലികള്‍ക്കിടയില്‍ തീവ്രവാദപരമായ നീക്കങ്ങള്‍ വര്‍ദ്ധിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍/ജൂത കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ക്ക് ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ജര്‍മ്മനിയിലെ ഇസ്ലാമിസ്റ്റ് ഭീകരവാദത്തിന്റെ അടിസ്ഥാനം അവിടെയുള്ള കടുത്ത ‘സലഫിസ്റ്റ്’ ആശയക്കാരാണ്. ജര്‍മ്മന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കനുസരിച്ച് പതിനായിരത്തിലധികം സലഫിസ്റ്റുകള്‍ ജര്‍മ്മനിയിലുണ്ട്, ഇതില്‍ വലിയൊരു വിഭാഗം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമായി ഇസ്ലാമിക നിയമംനടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവരും അക്രമത്തെ പിന്തുണയ്ക്കുന്നവരുമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജര്‍മ്മനിയില്‍ കത്തിയാക്രമണങ്ങളിലും ഭീകരാക്രമണങ്ങളിലും ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 8,900-ല്‍ അധികം ഗുരുതരമായ കത്തിയാക്രമണങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കത്തിയാക്രമണങ്ങളില്‍ 9.7% വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് റെയില്‍വേ സ്റ്റേഷനുകള്‍, പൊതുവിപണികള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരം ആക്രമണങ്ങള്‍ കൂടുതല്‍ നടക്കുന്നത്. ഇതിനെത്തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ കൊണ്ടുനടക്കാവുന്ന കത്തികളുടെ ബ്ലേഡിന്റെ നീളം 6 സെന്റീമീറ്ററായി പരിമിതപ്പെടുത്താനും ചിലതരം കത്തികള്‍ പൂര്‍ണ്ണമായി നിരോധിക്കാനും ജര്‍മ്മന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ശരിയ്യ ഫോര്‍ ജര്‍മ്മനി

കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം മുസ്ലീങ്ങളെ സ്വീകരിച്ച രാജ്യമാണ് ജര്‍മ്മനി. ഇസ്ലാമിക രാജ്യങ്ങള്‍പോലും മടിച്ചു നില്‍ക്കുമ്പോള്‍, സിറിയയില്‍നിന്നും, അഫ്ഗാനില്‍നിന്നും വരുന്ന അഭയാര്‍ത്ഥികളെപോലും ആ രാജ്യം സ്വീകരിച്ചു. പക്ഷേ അതിന്റെ അനന്തരഫലങ്ങളും ഇപ്പോള്‍ അവര്‍ അനുഭവിക്കയാണെന്നാണ് വലതുപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ദേശീയ ജനസംഖ്യയുടെ 7 ശതമാനമായി മുസ്‌ലീം ജനസംഖ്യ വര്‍ധിച്ചുകഴിഞ്ഞു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായാണ് അടുത്ത കാലത്തായി മുസ്ലീം ജനസംഖ്യ കൂടുതലായതെന്ന് ഫെഡറല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജീസ് പ്രസിഡന്റ് ഹാന്‍സ്-എക് ഹാര്‍ഡ് സോമര്‍ പറഞ്ഞു.

ജര്‍മ്മനിയിലെ ഇസ്ലാമിക വിശ്വാസികളിലെ 45 ശതമാനം പേരും തുര്‍ക്കിയില്‍ നിന്നാണെന്നാണ് കണക്ക്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ബാക്കിയുള്ളവരില്‍ അധികവും . ജര്‍മ്മനിയിലുള്ള മുസ്ലീം മതവിശ്വാസികളിലെ 82 ശതമാനവും വിശ്വാസങ്ങള്‍ പാലിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 65 വയസ്സിന് മുകളിലുള്ള 62 ശതമാനവും ശിരോവസ്ത്രം ധരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പക്ഷേ ജനസംഖ്യകൂടിയതോടെ ജര്‍മ്മനിയിലെ മുസ്ലീങ്ങള്‍ക്ക് ശരിയ്യ വേണം എന്ന അവസ്ഥയായി. ശരിയ്യ ഫോര്‍ ജര്‍മ്മനി എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പല പ്രകടനങ്ങളും സംഘര്‍ഷത്തിലാണ് കലാശിക്കറുള്ളതും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരു ഡസനിലേറെ ചെറുതും വലുതുമായ രണ്ടു ഡസനോളം ഓളം ജിഹാദി ആക്രമണങ്ങള്‍ക്കാണ്, ജര്‍മ്മനി സാക്ഷിയായത്. കത്തിയാക്രമണങ്ങള്‍, ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ച് കയറ്റല്‍, റാന്‍ഡമായ വെടിവെപ്പ് തുടങ്ങിയ പലകാര്യങ്ങളും ഇക്കാലത്തുണ്ടായി.

ഇസ്രയേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ജിഹാദ് ആക്രമണമണ ഭീതിയില്‍ ജര്‍മ്മനി അതീവ ജാഗ്രതയിലായിരുന്നു.2026 മെയ് 31ന് രാവിലെ 11:30ന്, തെക്കുപടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ മാന്‍ഹൈമിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ നടന്ന കത്തിയാക്രമണവും ജിഹാദി സ്‌പോണ്‍സേഡായിരുന്നു. അഫ്ഗാനില്‍നിന്ന് ജര്‍മ്മനിയിലെത്തിയ കുടിയേറ്റക്കാരനായ മുസ്ലിം യുവാവാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ പൊലീസ് ഓഫീസറും ഉള്‍പ്പെടുന്നു. അക്രമിയെ ഒടുവില്‍ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വര്‍ധിച്ചുവരുന്ന വ്യാപനവും സ്വാധീനവും മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്ന സംഘടനയായ പാക്‌സ് യൂറോപ്പ എന്ന ഗ്രൂപ്പ് മാന്‍ഹൈമില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ആന്റി ഇസ്ലാം ആക്റ്റീവിസ്റ്റ് മൈക്കല്‍ സ്ട്രെന്‍ബെര്‍ഗറും ഇതില്‍ പങ്കെടുക്കാനെത്തിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ അദ്ദേഹം ഉള്‍പ്പെടുന്നുണ്ട്. ജര്‍മ്മന്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകനും ബ്ലോഗറുമായ മൈക്കല്‍ സ്ട്രെന്‍ബെര്‍ഗര്‍ക്ക് നേരെത്തെ ഇസ്ലാമിസ്റ്റുകളില്‍ന്ന് ഭീഷണിയുണ്ടായിരുന്നു. നിരവധി വര്‍ഷങ്ങളായി ജര്‍മ്മനിയിലെ പ്രമുഖ ഇസ്ലാം വിരുദ്ധ പ്രചാരകനാണ് സ്റ്റുവര്‍സെന്‍ബര്‍ഗര്‍.

2021 ജൂണ്‍ 6ന് ജര്‍മ്മനിയില്‍ നടന്ന ജിഹാദി ആക്രമണത്തില്‍ അക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തുകയും അഞ്ചുപേരെ പരിക്കേല്‍പിക്കുകയും ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. ജര്‍മ്മനിയിലെ വ്യുയേഴ്‌സ്‌ബെര്‍ഗില്‍ 2015-ല്‍ കുടിയേറിയ 24കാരനായ ഒരു സൊമാലി ചെറുപ്പക്കാരനാണ് കൊല നടത്തിയത്. സിറ്റി സെന്ററില്‍ വൈകുന്നേരമായിരുന്നു ആക്രമണം. പിന്നീട് പൊലീസ് അക്രമിയെ തുടയില്‍ വെടിവെച്ച ശേഷം കീഴ്‌പ്പെടുത്തി.

അന്നത്തെ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തീവ്രവലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി ഈ അക്രമത്തെ ഇസ്ലാമിനെതിരായ കാമ്പയിനായി മാറ്റിയിരുന്നു. കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന എഎഫ്ഡിയുടെ നേതാവ് ജ്യോര്‍ഗ് മ്യുതെന്‍ ഇത് ജിഹാദി ആക്രമണമാണെന്ന് തുറന്നടിച്ചിരുന്നു. യുവാവ് ഉറക്കെ അല്ലാഹു അക്ബര്‍ വിളിച്ചിരുന്നുവെന്നാണ് അവരുടെ വാദം. പൊലീസ് അന്വേഷണത്തിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്.

ഈ ആക്രമണത്തിന് തൊട്ടുമുമ്പാണ് ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധിച്ചത്. കൂടിവരുന്ന ജിഹാദി ആക്രമണങ്ങളാണ് ജര്‍മ്മന്‍ ഭരണകൂടത്തെ മാറ്റി ചിന്തിപ്പിച്ചത്. ജര്‍മ്മനിയില്‍ മുഖം മറയ്ക്കുന്ന വസ്ത്രം വേണ്ടെന്ന് അന്നത്തെ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കെല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ 5വര്‍ഷത്തിനുള്ളില്‍ 9 ലക്ഷം മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനിയിലേക്ക് വരാന്‍ അവസരമൊരുക്കിയ ആളാണ് ആഞ്ചല മെര്‍ക്കെല്‍. എന്നാല്‍ അതോടെ ഇസ്ലാമിക തീവ്രവാദം ജര്‍മ്മനിയില്‍ വര്‍ധിക്കുകയായിരുന്നു. ഇത് തീവ്രവലതുപക്ഷം പ്രചാരണവിഷമാക്കിയതോടെയാണ് ആഞ്ചല മെര്‍ക്കെലിന്റെ ജനപ്രീതി ഇടിയുകയും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തത്.

നാടുകടത്തി ഞെട്ടിച്ച് ജര്‍മ്മനി

ഇപ്പോള്‍ വീണ്ടും വീണ്ടും  ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഫ്രാന്‍സിന്റെ വഴിയിലേക്കാണ് ജര്‍മ്മനിയും നീങ്ങിയത്.  ഇപ്പോള്‍ കടുത്ത പൊലീസ് നടപടികളാണ് ജര്‍മ്മനി സ്വീകരിക്കുന്നത്. ലോകത്ത് ഒരിടത്തും, സ്ത്രീകളെ തൊടാന്‍ പുരുഷ പോലീസിന് അധികാരവുില്ല. ഇത് ജിഹാദികള്‍ക്ക് സ്ത്രീകളെ മുന്നില്‍ നിര്‍ത്തി അതിക്രമം കാട്ടാനായി ഏറെ സഹായകരമായിരുന്നു. ആ നിയമം ജര്‍മ്മനി പിന്‍വലിച്ചു. ഇനി മുതല്‍ ഏത് സ്ത്രീകളെ തടയാനും, അറസ്റ്റ് ചെയ്യാനും പുരുഷ പൊലീസിന് അധികാരം ഉണ്ടായിരിക്കും എന്ന് ജര്‍മ്മന്‍ ചാന്‍സലര്‍, ഫെയ്ഡ്‌റിച്ച് മെര്‍സ് പ്രഖ്യാപിച്ചിരിക്കയാണ്. ഇതോടെ പൊലീസ് നടപടി ശക്തമായി. ഇപ്പോള്‍ ശരിയ്യക്ക് വേണ്ടി പ്രകടനവുമായി എത്തിയ സ്ത്രീകളെ പഞ്ഞിക്കിടുന്ന ജര്‍മ്മന്‍ പൊലീസിന്റെ വീഡിയോയും വൈറലാവുകയാണ്. അതുപോലെ കഴിഞ്ഞ ആറുമാസം കൊണ്ട് അനധികൃത കുടിയേറ്റക്കാരില്‍ നല്ലൊരു വിഭാഗത്തെയും ജര്‍മ്മനി പുറത്താക്കി. 40% അനധികൃത കുടിയേറ്റക്കാര്‍ നാട്ടിലെത്തി. ഇതും ജിഹാദികളെ ഞെട്ടിച്ചിട്ടുണ്ട്. ഇനിയും നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ജര്‍മ്മനിയുടെ തീരുമാനം.

സെപ്റ്റംബറിന് ശേഷം അനധികൃത കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാടായിരിക്കും എടുക്കുക എന്ന് ആഭ്യന്തര മന്ത്രി അലക്‌സാന്‍ഡര്‍ ഡോബ്രിന്റ് അറിയിച്ചു. അതുപോലെ, അഭയാഭ്യര്‍ത്ഥന നിരാകരിക്കപ്പെട്ട, ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ആളുകളെ താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്കും ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സിറിയയിലേക്കും മടക്കി അയയ്ക്കാനും ജര്‍മനി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാനാണ് കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ ഫ്രെഡ്രിക്ക് മെര്‍സിന്റെ തീരുമാനം. കടുത്ത വലതുപക്ഷ പാര്‍ട്ടിയായ ആല്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ എഫ് ഡി) പാര്‍ട്ടിയുടെ പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഫെബ്രുവരിയിലെ ഇലക്ഷന്‍ പ്രചാരണത്തിനിടെ, അഭയാര്‍ത്ഥികളും മറ്റ് കുടിയേറ്റക്കാരും ഉള്‍പ്പെട്ട ചില അക്രമ സംഭവങ്ങള്‍ പൊതുജനരോഷം വല്ലാതെ ഉയര്‍ത്തിയിരുന്നു.

അതുതന്നെയാണ് എ എഫ് ഡിക്ക് റക്കോര്‍ഡ് 20 ശതമാനം വോട്ട് നേടിക്കൊടുത്തതും. സെപ്റ്റംബര്‍ 15 ന് ശേഷവും ബോര്‍ഡര്‍ ക്ലണ്‍ട്രോള്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒലാഫ് ഷോള്‍സിന്റെ സര്‍ക്കാരായിരുന്നു കഴിഞ്ഞ വര്‍ഷം ഇത് നടപ്പിലാക്കിയിരുത്തത്. പിന്നീട് മാര്‍ച്ച് മാസത്തില്‍ ഇത് ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ബാഹ്യ അതിര്‍ത്തി സംരക്ഷണ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നത് വരെ ഇത് തുടരേണ്ടത് അത്യാവശ്യമാണെന്ന കാര്യത്തില്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായും ധാരണയില്‍ എത്തിയിട്ടുണ്ടെന്നും ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി അറിയിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയും, അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്തതോടെ ഷെന്‍കന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് താത്ക്കാലികമായി രണ്ട് വര്‍ഷക്കാലം വരെ ബോര്‍ഡര്‍ കണ്‍ട്രോള്‍ നടപ്പില്‍ വരുത്താന്‍ അനുമതി നല്‍കീയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അധികാരത്തിലെത്തിയതോടെ മെര്‍സ് സര്‍ക്കാര്‍ ഈ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തു. പരമാവധി അഭയാര്‍ത്ഥികള്‍ക്ക് അഭയം നിഷേധിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇത് മനുഷ്യാവകാശ സംഘടനകളില്‍ നിന്നും വലിയ തോതിലുള്ള എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.

അതിര്‍ത്തികളില്‍ വിന്യസിച്ച സൈനികരുടെ എണ്ണം 11,000 ല്‍ നിന്നും 14,000 ആയി വര്‍ദ്ധിപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 8 നും ജൂലായ് 31 നും ഇടയിലായി ജര്‍മ്മന്‍ അതിര്‍ത്തിയില്‍ നിന്നും 9,254 അനധികൃത അഭയാര്‍ത്ഥികളെയാണ് തിരികെ അയച്ചത്. ഇവരില്‍ ഏറിയ പങ്കും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു. അള്‍ജീരിയ, എറ്റിത്രിയ, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഫ്രാന്‍സുമായുള്ള അതിര്‍ത്തിയില്‍ വെച്ചാണ് ഏറ്റവുമധികം പേരെ തിരിച്ചയച്ചത്.

തീവ്രവാദികളുടെ പ്രതികാരം

തീവ്രവാദികളെ കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ജര്‍മ്മനി കടുത്ത തീരുമാനങ്ങള്‍ എടുത്തത്. ഇപ്പോള്‍ ആ തീരുമാനങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്ന് പറഞ്ഞായി ആക്രമണങ്ങള്‍. ഇപ്പോള്‍ പ്രെഡ് ഫെസ്റ്റിവലില്‍ ആക്രമണം നടത്തിയ, ലബനീസ് വംശജനായ ജര്‍മ്മന്‍ പൗരനാണ് അബ്ദുള്‍ ബല്ലൂത് എന്ന 21കാരനും ഇത്തരം പ്രൊപ്പഗന്‍ഡകളില്‍ പെട്ടുപോയതാണെന്നാണ് കരുതുന്നത്.
ഇയാള്‍ തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്നും ‘ഇസ്ലാമിക് സ്റ്റേറ്റ്’ ഭീകരസംഘടനയില്‍ ചേരാന്‍ മുന്‍പ് ശ്രമിച്ചിരുന്നുവെന്നും ജര്‍മ്മന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 2025-ല്‍ സിറിയയിലേക്ക് കടന്ന് ഐഎസില്‍ ചേരാനുള്ള ശ്രമത്തിനിടെ ലെബനനില്‍ വെച്ച് ഇയാള്‍ അറസ്റ്റിലാവുകയും 3 മാസം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജര്‍മ്മനിയില്‍ തിരിച്ചെത്തിയപ്പോഴും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അക്രമങ്ങള്‍ക്ക് പദ്ധതിയിട്ടതിനും ഐഎസ് പ്രചാരണം നടത്തിയതിനും ഈ വര്‍ഷം (2026) മേയ് മാസത്തില്‍ ജര്‍മ്മന്‍ ജുവനൈല്‍ കോടതി ഇയാള്‍ക്ക് 1 വര്‍ഷവും 10 മാസവും തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പ്രതി കുറ്റം സമ്മതിക്കുകയും ഭീകരവാദ ആശയങ്ങളില്‍ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് കോടതി ശിക്ഷ താല്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്ത് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ പ്രൊസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ നിലനില്‍ക്കെയാണ് പ്രതി ഈ ഭീകരാക്രമണം നടത്തിയത്.ഈ ദാരുണമായ സംഭവത്തെത്തുടര്‍ന്ന് ബെര്‍ലിനിലെ പ്രൈഡ് ആഘോഷങ്ങള്‍ ജര്‍മ്മന്‍ അധികൃതര്‍ അടിയന്തിരമായി റദ്ദാക്കിയിട്ടുണ്ട്.

സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും തുല്യതയ്ക്കും വേണ്ടിയുള്ള വാര്‍ഷിക ആഘോഷങ്ങളും പ്രകടനങ്ങളുമാണ്. ജര്‍മ്മനിയില്‍ ഇത് പൊതുവെ ക്രിസ്റ്റഫര്‍ സ്ട്രീറ്റ് ഡേ
എന്ന പേരിലാണ് അറിയപ്പെടുന്നത്. 1969-ല്‍ ന്യൂയോര്‍ക്കിലെ ക്രിസ്റ്റഫര്‍ സ്ട്രീറ്റില്‍ നടന്ന സ്റ്റോണ്‍വാള്‍ കലാപത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ഇതിന് ‘ക്രിസ്റ്റഫര്‍ സ്ട്രീറ്റ് ഡേ’ എന്ന് പേരിട്ടത്. ജര്‍മ്മനിയിലെ ബെര്‍ലിന്‍, കൊളോണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വലിയ റാലികളും സാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കാറുണ്ട്. മതവിരുദ്ധമായതുകൊണ്ടുതന്നെ ട്രാന്‍സ് ഫോബിയയും തീവ്രവാദികള്‍ വലിയ രീതിയില്‍ പ്രചരിപ്പിക്കാസറുണ്ട്. അതും ഈ അക്രമിയെ ഏരിവ് കയറ്റിയോ എന്നത് ഇനിയും പരിശോധിക്കപ്പെടേണ്ടതാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.