റായ്പുർ: മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോൺ പിടിയിൽ. റായ്പുരിലെ ഹയാത് ഹോട്ടലിൽനിന്ന് 63,755 രൂപയുടെ ബില്ലടയ്ക്കാതെ ഇയാൾ മുങ്ങിയിരുന്നു. ഏകദേശം 1.48 ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പും ഇയാൾ മോഷ്ടിച്ചു. ഹോട്ടലധികൃതർ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടൂറിസ്റ്റ് ഗൈഡ്, അധ്യാപകൻ, യോഗ പരിശീലകൻ എന്നിങ്ങനെയാണ് പ്രതി ആഡംബര ഹോട്ടലുകളിൽ എത്തിയിരുന്നത്. വ്യാജ തിരിച്ചറിയൽ രേഖയുമായാണ് ഹോട്ടലുകളിലെത്തുന്നത്.
ഹോട്ടൽ ജീവനക്കാരെ ആകർഷിക്കുന്ന തരത്തിൽ വളരെ മാന്യമായ രീതിയിലായിരുന്നു ഇയാളുടെ ഇടപെടൽ. താമസിച്ച് എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയ ശേഷം ബില്ലടയ്ക്കാതെ അപ്രത്യക്ഷമാകുന്നതാണ് രീതി.താൻ ജോലിചെയ്തിരുന്ന സമയത്ത് വിദേശ സഞ്ചാരികൾക്കൊപ്പം ആഡംബര ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ, ഹോട്ടലിൽ വെച്ചുണ്ടായ അപമാനം കാരണമാണ് താൻ ഇത്തരം ഹോട്ടലുകളെ ലക്ഷ്യംവെക്കാൻ തുടങ്ങിയതെന്നും ഇയാൾ വെളിപ്പെടുത്തി.
ആന്റി ക്രൈം ആൻഡ് സൈബർ യൂണിറ്റും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലെ ഭുവനേശ്വറിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളിയായ ചാൾസ് ശോഭരാജിന്റെ തട്ടിപ്പ് രീതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഈ കബളിപ്പിക്കലുകൾ നടത്തിയതെന്ന് ഇയാൾ മൊഴി നൽകി. 2022-ലും സമാനമായ രീതിയിൽ തിരുവനന്തപുരത്തെ ഹോട്ടലിൽനിന്ന് ബില്ലടയ്ക്കാതെ കടന്നുകളയുകയും ലാപ്ടോപ്പ് മോഷ്ടിക്കുകയും ചെയ്തതിന് കേരള പോലീസ് ഇയാളെ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് പിടികൂടിയിരുന്നു. കേരളം, തമിഴ്നാട്, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 15 വർഷത്തോളം ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മലയാളി വിദ്യാർഥിയുടെ ക്രൂര കൊലപാതകം; സാവര്യയ്ക്ക് നേരെ അതിക്രൂര മർദനം, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്


ഷിമോഗയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി







