11 മാസത്തെ ശമ്പളമില്ല, 300 പേർ പുറത്ത്; കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്പിലും കൂട്ടപ്പിരിച്ചുവിടൽ

കൊച്ചി: പ്രമുഖ ടെക് സ്ഥാപനമായ ടാൽറോപ്പിൽ നിന്ന് മുന്നറിയിപ്പില്ലാതെ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു. കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിന് തൊട്ടുപിന്നാലെയാണ് മറ്റൊരു കൂട്ട പിരിച്ചുവിടൽ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കമ്പനിക്കുണ്ടായിരുന്ന വിവിധ ശാഖകളിലായി ജോലി ചെയ്തിരുന്ന മുന്നൂറോളം ജീവനക്കാരാണ് ഒരു മുൻകൂട്ടി അറിയിപ്പുമില്ലാതെ ഒറ്റയടിക്കാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്.

ടാൽറോപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പത്തോളം ഉപകമ്പനികളിൽ നിന്നാണ് ഘട്ടംഘട്ടമായാണ് ഈ പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കിയത്. കൃത്രിമബുദ്ധിയുടെ അതിവേഗ വളർച്ചയും പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവും കാരണം കമ്പനിയുടെ നിലവിലെ പ്രവർത്തന മാതൃക തുടരാനാകുന്നില്ലെന്നും അതിനാൽ കമ്പനി പൂർണ്ണമായും പൂട്ടുകയാണെന്നുമാണ് മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

250 കോടി രൂപ മൂല്യമുള്ള നിലവിലെ കമ്പനി പൂർണ്ണമായി അവസാനിപ്പിച്ച , പകരം കോടികളുടെ പുതിയ പ്രോജക്റ്റുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് സാമൂഹ്യമാധ്യങ്ങളിലെ കുറിപ്പുകൾ സൂചിപ്പിക്കുന്നത്.ഇനിമുതൽ 1000 കോടി രൂപയുടെ B.O.T (Build-Operate-Transfer) പ്രോജക്ട് കമ്പനിയും, 2500 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് സംരംഭവും ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.

കമ്പനിയുടെ ഈ പെട്ടെന്നുള്ള പിരിച്ചുവിടൽ തീരുമാനം ജീവനക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല ജീവനക്കാർക്കും 4 മാസം മുതൽ 11 മാസം വരെയുള്ള ശമ്പളം കമ്പനി കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന പരാതികൾ. ശമ്പള കുടിശ്ശിക നൽകിത്തീർക്കാതെയും, തൊഴിൽ നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള ആനുകൂല്യങ്ങളോ നോട്ടീസ് പീരിയഡോ നൽകാതെയുമാണ് 300-ഓളം ജീവനക്കാരെ പിരിച്ചുവിട്ടത്.

ഈ പിരിച്ചുവിടലിനെതിരെയും മാസങ്ങളായി ലഭിക്കാനുള്ള ശമ്പളക്കുടിശ്ശിക ഈടാക്കുന്നതിനുമായി ജീവനക്കാർ തൊഴിൽ വകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. എന്നാൽ പരാതികളിൽ ഇടപെടാൻ കഴിയില്ലെന്നാണ് അവരുടെ പ്രതികരണം. സംഭവത്തിൽ സർക്കാർ ഇടപെടണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.