“ചിരിക്കാൻ പോലും പേടിയാണ്”; തുടർച്ചയായ സൈറൺ ശബ്ദങ്ങൾക്കിടയിൽ നെഞ്ചിടിപ്പോടെ പ്രവാസികൾ, വൈദ്യുതി നിലയം ആക്രമിക്കപ്പെട്ടാൽ ഗൾഫ് ഉരുകും!

Gulf war fear siren expats Malayali ഗൾഫ് യുദ്ധഭീതി ചിത്രം
ഗൾഫ് : തുടർച്ചയായ വ്യോമയാന മുന്നറിയിപ്പു സൈറണുകൾക്കിടയിൽ കടുത്ത ഭീതിയിലാണ് ഗൾഫ് നാടുകളിലെ പ്രവാസി മലയാളികൾ. “ചിരിക്കാൻ പോലും പേടിയാണ്, അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന ആശങ്കയാണ്” എന്നാണ് പ്രവാസികളിൽ പലരും പങ്കുവയ്ക്കുന്ന അനുഭവം.
ഏതു രാത്രിയിലും സ്വൈരമായി പുറത്തിറങ്ങി നടക്കാൻ കഴിഞ്ഞിരുന്ന നാടായിരുന്നു ഇത്. എന്നാൽ യുദ്ധസാഹചര്യം ഈ അവസ്ഥ പൂർണമായി മാറ്റിമറിച്ചു. ചെറിയൊരു യാത്ര പോലും നെഞ്ചിടിപ്പോടെ മാത്രമേ സാധ്യമാകുന്നുള്ളൂ എന്നാണ് പ്രവാസികൾ പറയുന്നത്.
ആക്രമണങ്ങളിൽ ഏറെയും പുലർച്ചെ 3 മുതൽ 7 വരെയുള്ള സമയത്താണ് ഉണ്ടാകുന്നത്. അതിനാൽ ഓരോ പുലരിയും കടുത്ത മാനസിക സമ്മർദത്തോടെയാണ് ആരംഭിക്കുന്നത്. പ്രായമായ മാതാപിതാക്കളോടൊപ്പം കഴിയുന്നവർക്ക്, അടിയന്തര സാഹചര്യമുണ്ടായാൽ അവരെ സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിക്കാനാകുമോ എന്ന ആശങ്കയുമുണ്ട്.
വൈദ്യുതി നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ കൊടുംചൂടിൽ ജനജീവിതം ദുസ്സഹമാകുമെന്നും ശുദ്ധജലക്ഷാമം രൂക്ഷമാകുമെന്നും പ്രവാസികൾ ഭയപ്പെടുന്നു. എണ്ണവില ഉയർന്നതോടെ വിമാനക്കൂലിയും വർധിച്ചു. നാലും അഞ്ചും അംഗങ്ങളുള്ള ഇടത്തരം കുടുംബങ്ങൾ, വിമാനക്കമ്പനികളുടെ ഉയർന്ന നിരക്കു കാരണം നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവയ്ക്കുന്ന സ്ഥിതിയാണ്. യുദ്ധസാഹചര്യത്തിൽ നിരവധി പേർക്ക് തൊഴിൽ നഷ്ടമായതായും, വീസ പുതുക്കി ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ മേഖലയിലും പ്രതിസന്ധി പ്രകടമാണ്. പല സ്കൂളുകളിൽ നിന്നും വിദ്യാർഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയിട്ടുണ്ട്. സ്ഥിരമായി മലയാളികൾ എത്തിയിരുന്ന ഒരു ഹോട്ടൽ ഉൾപ്പെടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. നൂറുകണക്കിന് ആളുകൾ എത്തിയിരുന്ന ഇടങ്ങൾ ഇന്ന് വിജനമാണ്.
ജനജീവിതം സുരക്ഷിതമാക്കാൻ അതത് ഭരണകൂടങ്ങൾ ജാഗ്രതയോടെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, യുദ്ധഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. പിറന്ന മണ്ണിലേക്ക് സുരക്ഷിതമായി തിരിച്ചെത്താനാകുമോ എന്ന ഉറപ്പില്ലാതെയാണ് പ്രവാസികൾ ഓരോ രാത്രിയും കഴിച്ചുകൂട്ടുന്നത്. ബഹ്റൈനിലെ പ്രവാസിയുടെ അനുഭവക്കുറിപ്പിൽ നിന്നാണ് ഈ വാക്കുകൾ.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.