റായ്പൂർ : പെട്രോൾ കാരണം സ്വന്തം കാർ കേടായെന്ന് പരാതിപ്പെട്ട ഉപഭോക്താവിന് കൈനിറയെ നീതി. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചത് കാരണം വാഹനത്തിന് തകരാർ സംഭവിച്ചെന്ന പരാതിയിൽ, ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായി രാജ്യത്തെ ആദ്യ വിധി പുറപ്പെടുവിച്ചു.
വാഹന നിർമാതാവും ഡീലറും ചേർന്ന് ഒന്നുകിൽ പരാതിക്കാരന് പുതിയ വാഹനം നൽകുകയോ അല്ലെങ്കിൽ 21.60 ലക്ഷം രൂപ തിരികെ നൽകുകയോ വേണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. ഇതിനുപുറമേ അറ്റകുറ്റപ്പണികൾക്ക് ചെലവായ തുക, മാനസിക പ്രയാസങ്ങൾക്കുള്ള നഷ്ടപരിഹാരം, നിയമനടപടികൾക്ക് ചെലവായ തുക എന്നിവയും നൽകാൻ കമ്മീഷൻ നിർദേശിച്ചു. നിശ്ചിത സമയത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ പലിശ സഹിതം നൽകണമെന്നും ഉത്തരവിലുണ്ട്.
ഇ20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനത്തിന് തുടർച്ചയായ എൻജിൻ തകരാറുകളും ഇന്ധനക്ഷമതയിൽ കുറവും ഉണ്ടായെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ആവർത്തിച്ച് അറ്റകുറ്റപ്പണി ചെയ്തിട്ടും തകരാറുകൾ പരിഹരിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനം ഇ20 പെട്രോളിന് അനുയോജ്യമായതാണെന്നും തകരാറുകൾ സാധാരണ തേയ്മാനമോ സർവീസ് പ്രശ്നങ്ങളോ കാരണമാകാമെന്നുമായിരുന്നു നിർമാതാവിന്റെയും ഡീലറുടെയും വാദം. എന്നാൽ ഈ വാദങ്ങൾ കമ്മീഷൻ അംഗീകരിച്ചില്ല.
ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾക്ക് ശേഷവും തകരാറുകൾ തുടരുന്നത് പരാതിക്കാരന്റെ വാദത്തെ സാധൂകരിക്കുന്നതാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നിലവിൽ പമ്പുകളിൽ ഇ20 പെട്രോൾ മാത്രമാണ് ലഭ്യമായതിനാൽ ഉപഭോക്താക്കൾക്ക് മറ്റ് ഓപ്ഷനില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
സമാന പരാതികളുള്ള മറ്റ് വാഹന ഉടമകൾക്കും ഈ വിധി പ്രതീക്ഷ നൽകുന്നതാണ്. ഇ20 പെട്രോൾ സംബന്ധിച്ച ഉപഭോക്തൃ പരാതികളിൽ രാജ്യത്ത് ആദ്യമായി പുറപ്പെടുവിക്കുന്ന ഇത്തരമൊരു ഉത്തരവ് എന്ന നിലയിൽ ഈ വിധി ശ്രദ്ധേയമാവുകയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പിഎം ശ്രീയിൽ പിണറായിയുടെ മറുപടി: സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്ന ബ്ലഡ് മണി, LDF ഒപ്പിട്ടത് പിഎം ശ്രീ നടപ്പാക്കാനായിരുന്നില്ല







